സ്റ്റോക്ഹോം: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്‌കാരം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമോറിയൽ, യുക്രെയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർറ്റീസ് എന്നിവയ്ക്കുമാണ് പുരസ്‌കാരം.

ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരിൽ രണ്ടു വർഷമായി തടവിലാണ് ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്‌കി. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് മെമോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ് (യുക്രൈൻ) എന്നീ സംഘടനകളെ അലിസ് ബിയാലിയാട്സ്‌കിക്ക് ഒപ്പം ഇത്തവണത്തെ നൊബേൽ പുരസ്‌കാരത്തിന് അർഹമാക്കിയത്.

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആൾ കൂടിയാണ് അദ്ദേഹം.

1987-ലാണ് റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമോറിയൽ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയായി മെമോറിയൽ വളർന്നു.

സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഇരകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ കേന്ദ്രം സ്ഥാപിക്കുന്നതിനു പുറമേ, റഷ്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മെമോറിയൽ വിവരങ്ങൾ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. റഷ്യയിലെ തടങ്കൽ കേന്ദ്രങ്ങളിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങളുടെ ഏറ്റവും ആധികാരിക ഉറവിടമായി പിൽക്കാലത്ത് മെമോറിയൽ വളർന്നു. തീവ്രവാദത്തെ ചെറുക്കുന്നതിലും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിലും സംഘടന ഇന്നും മുൻനിരയിൽ പ്രവർത്തിക്കുന്നു.

യുക്രൈനിലെ കീവിൽ 2007-ലാണ് സെന്റർ ഫോർ ലിബർട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവർത്തനങ്ങൾ പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവർത്തിച്ചത്. യുക്രൈനെ സമ്പൂർണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സർക്കാരിന് മേൽ സംഘടന നിരന്തരം സമ്മർദം ചെലുത്തി. യുക്രൈനെ നിയമവാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമാക്കി വികസിപ്പിക്കുന്നതിനായി ഇന്റർനാഷണൽ ക്രിമിനൽ കോടതിയുമായി അഫിലിയേറ്റ് ചെയ്യണമെന്ന് സംഘടന നിരന്തരം വാദിച്ചിരുന്നു.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രൈൻ ജനതയ്ക്ക് നേരെയുള്ള റഷ്യയുടെ യുദ്ധക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിലായി സംഘടനയുടെ ശ്രദ്ധ. യുദ്ധക്കുറ്റവാളികളെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ.