കൊച്ചി: തിരുവനന്തപുരം ബാലരാമപുരത്ത് അസ്മിയ എന്ന 17കാരി മദ്രസയിൽ തൂങ്ങി മരിച്ചത് വൻ വിവാദമായിരിക്കയാണെല്ലോ. ഈ സഹാചര്യത്തിൽ മദ്രസാ പീഡനങ്ങൾക്ക് തടയിടാനുള്ള മാർഗനിർദേശങ്ങളുമായി ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ, നോൺ റിലീജിയസ് സിറ്റിസൺസ് ഇന്ത്യ ( എൻ ആർ സി) രംഗത്ത്. ഒരു വർഷം കേരളത്തിൽ നടക്കുന്നത്, 40ലേറെ മദ്രസാ പീഡനങ്ങൾ ആണെന്നും, ഈ രീതിയിലുള്ള മതവിദ്യാഭ്യാസം നിർത്താൻ കഴിയില്ലെങ്കിൽ സിസിടിവികൾ അടക്കം സ്ഥാപിക്കണമെന്നും, എൻ ആർ സി ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'2022 ലെ പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ നടത്തിയ കണക്കെടുപ്പിൽ മാത്രം ഒരു വർഷം നടന്നത് നാൽപ്പത്തിഒന്ന് പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതായത്, മാസം 3.4 പീഡനങ്ങൾ വീതം. ഇതെല്ലം പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം ഉള്ളതായതിനാൽ, നിങ്ങൾക്ക് സ്വയം തന്നെ തീർച്ചപ്പെടുത്താവുന്ന കണക്കാണ്. അതേസമയം, റിപ്പോർട്ട് ചെയ്യാതെ പോയതും മറ്റുവഴികളിലൂടെ അറിഞ്ഞതും ഒക്കെ ചേർത്താൽ അറുപത്തിനും മുകളിൽ ആണ് മദ്രസ്സ പീഡനങ്ങൾ നടക്കുന്നത്. മാത്രമല്ല, ഇവിടെ ഓരോ ഉസ്താദ് എന്ന തോതിൽ ആണ് കണക്ക് എടുത്തത്. അതിൽ ഉസ്താദ് പീഡിപ്പിച്ച കുട്ടികളുടെ എണ്ണം എടുത്തിട്ടില്ല. അതും കൂടെ ചേർത്താൽ, ഒരു വർഷം നൂറിൽ മുകളിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായാണ് മനസ്സിലാകുന്നത്, അതിൽ വളരെ കുറച്ച് മാത്രമാണ് റിപ്പോർട്ട് ചെയ്യപെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ''- എൻആർസിയുടെ വക്താവും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ഡോ ആരിഫ് െൈഹുസൻ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.

''പതിനെട്ട് വയസ്സിനു താഴെ ഉള്ള കുട്ടികൾ ആണ് കൂടുതലും പീഡിപ്പിക്കപ്പെടുന്നത്. ഇത് വെച്ച് നോക്കുകയാണ് എങ്കിൽ, ഓരോ മാസവും ഏഴോ, എട്ടോ കുട്ടികൾ പീഡനത്തിന് ഇരയാകുന്നു എന്ന് വേണം മനസ്സിലാക്കാൻ'''-ആരിഫ് പറയുന്നു.

പീഡനം തടയാനുള്ള വഴികൾ

മദ്രസാ പീഡനങ്ങൾ തടയാനുള്ള വഴിയും എൻ ആർ സി നിർദേശിക്കുന്നുണ്ട്. കഴിയുന്നതും മദ്രസ്സകൾ ഓൺലൈൻ ആക്കുക, പതിനെട്ട് വയസ്സിനു താഴെ ഉള്ള കുട്ടികൾ താമസിച്ചുള്ള മദ്രസ്സ ദർസ് പഠനം നിരോധിക്കുക, പതിനെട്ട് വയസിനു താഴെ ഉള്ള കുട്ടികൾ പഠിക്കുന്ന മദ്രസകളിൽ വനിതാ അദ്ധ്യാപകരെ നിയമിക്കുന്നത് നിർബന്ധമാക്കുക, എല്ലാ മദ്രസകളിലും മതപാഠ ശാലകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ കാണാനുള്ള ലൈവ് സ്ട്രീം സൗകര്യം ഒരുക്കുക, ആറുമണിക്ക് ശേഷം രാത്രികാലങ്ങളിലുള്ള മദ്രസ്സ പഠനം നിരോധിക്കുക, എല്ലാ മദ്രസകളിലും മാസത്തിൽ ഒരിക്കൽ സർക്കാർ സംവിധാനങ്ങളുടെ പരിശോധന ഉറപ്പാക്കുക, അവരുമായി കുട്ടികൾക്ക് ബന്ധപ്പെടാനുള്ള ടോൾഫ്രീ ഹോട്ട്ലൈൻ നമ്പറും, പരാതിപ്പെട്ടിയും സ്ഥാപിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.

മദ്രസകളിൽ നിലവിൽ തൊഴിലെടുക്കുന്ന എല്ലാ അദ്ധ്യാപകരുടെയും ക്രിമിനൽ റെക്കോർഡ് പരിശോധിക്കുക, കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ മത പാഠശാലകളുടെയും കണക്കെടുത്ത്, അനധികൃതമായവയും, ചട്ടങ്ങൾ പാലിക്കാത്തവയും, മതിയായ അഫിലിയേഷനോ രജിസ്‌ട്രേഷനോ ഇല്ലാത്തവയും പൂട്ടി കെട്ടുക, ഇത്തരം ചെറുതോ വലുതോ ആയ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന അദ്ധ്യാപകരെ പിന്നീട് കുട്ടികൾക്ക് മുന്നിൽ വീണ്ടും വരുന്ന വിധം മദ്രസ്സ അദ്ധ്യാപകരായി നിയമിക്കുന്നത് തടയുക തുടങ്ങിയ നിർദേശങ്ങളും എൻ ആർ സി മുന്നോട്ടുവെച്ചു.

വാർത്താ സമ്മേളനത്തിൽ ആരിഫ് ഹൂസൈൻ തെരുവത്ത്, എൻആർസി ജില്ലാസെക്രട്ടറി മൊയ്തീൻ, എകിസ്‌ക്യൂട്ടീവ് അംഗം മുഹമ്മദ് ബാദുഷ എന്നിവർ പങ്കെടുത്തു.