- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂഹിൽ ഇന്ന് വിഎച്ച്പിയുടെ ശോഭായാത്ര; ജാഗ്രത കടുപ്പിച്ച് പൊലീസ്; അനുമതി നൽകാത്ത റായിൽ ജനങ്ങൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ; നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ സ്ഥാപനങ്ങൾ തുറന്നിട്ടില്ല; അതിർത്തിയിൽ പരിശോധനകളും കർശനമാക്കി; ജി20 രാജ്യങ്ങളുടെ ഷെർപ ഗ്രൂപ് യോഗം നടക്കുന്ന നൂഹിലെ ക്രമസമാധാന നില സർക്കാരിന് അഭിമാനപ്രശ്നം
നൂഹ്: വിഎച്ച്പിയുടെ ശോഭയാത്ര ഇന്നു നടക്കാനിരിക്കെ, ഹരിയാനയിലെ നൂഹിൽ ജാഗ്രത കടുപ്പിച്ച് പൊലീസ്. റാലിക്ക് പൊലീസ് അനുമതി നൽകിയട്ടില്ല, എങ്കിലും ജാഥ നടത്തുമെന്നാണ് വിഎച്ച്പിയുടെ വെല്ലുവിളി. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർത്ഥിച്ചു.
അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാർക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്നു രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു. കൂട്ടമായി എസ്എംഎസുകൾ അയയ്ക്കുന്നതും വിലക്കി. നാലോ അതിൽക്കൂടുതലോ പേർ കൂട്ടംകൂടുന്നതും വിലക്കി.
ജൂലൈ 31നുണ്ടായ സംഘർഷത്തിനുശേഷം നൂഹിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ 6 പേരാണു കൊല്ലപ്പെട്ടത്. ശോഭായാത്രയ്ക്കു അനുമതി നൽകിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത്. യാത്രയ്ക്കു പകരം ജനങ്ങൾക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാമെന്നും ഖട്ടർ കൂട്ടിച്ചേർത്തു.
വർഗീയ സംഘർഷങ്ങളുടെ പേരിൽ ഇതുവരെ 393 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 118 പേരെ കരുതൽത്തടങ്കലിൽ ആക്കി. സെപ്റ്റംബർ 3 മുതൽ 7 വരെ നൂഹിൽ ജി20 രാജ്യങ്ങളുടെ ഷെർപ ഗ്രൂപ് യോഗം നടക്കുന്നുണ്ട്. അതുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില തകരാതെ നോക്കേണ്ടത് സർക്കാരിന് അഭിമാനപ്രശ്നമാണ്.
ജി20 ഷേർപ ഗ്രൂപ് യോഗം സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ നൂഹിൽ നടത്തുന്നതിനാൽ ക്രമസമാധാനം നിലനിർത്താനാണ് വി.എച്ച്.പിയുടെ ജലാഭിഷേക ശോഭായാത്രക്ക് അനുമതി നിഷേധിച്ചതെന്ന് ഹരിയാന ഡി.ജി.പി ശത്രുജിത് കപൂർ അറിയിച്ചു. ജൂലൈ 31ന് യാത്രയെ തുടർന്നുണ്ടായ വർഗീയ സംഘർഷം കാരണമാണ് ഈ തീരുമാനമെടുത്തതെന്നും ഡി.ജി.പി തുടർന്നു. ഈ മാസം 26ന് തുടങ്ങിയ മൊബൈൽ ഇന്റർനെറ്റ് വിലക്ക് 28 വരെ തുടരും. മുൻകരുതലെന്ന നിലയിലാണ് പ്രദേശത്ത് നാലോ അതിലധികമോ പേർ കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നൂഹിലേക്ക് എത്തുന്ന വി.എച്ച്.പി പ്രവർത്തകരെ തടയാൻ സോഹ്ന -നൂഹ് ടോൾ പ്ലാസയിൽ ഹരിയാന പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, വി.എച്ച്.പിയല്ല, മേവാത്തിലെ 'സർവ ഹിന്ദു സമൂഹം' ആണ് യാത്ര നടത്തുന്നതെന്നാണ് വി.എച്ച്.പി ജോയന്റ് സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ അവകാശവാദം. മുസ്ലിംകൾ സഹകരിക്കുമെന്നും യാത്ര സമാധാനപരമായിരിക്കുമെന്നും ജെയിൻ അവകാശപ്പെട്ടു. നൂഹിലെ 'തീവ്രവാദ ആക്രമണ'ത്തിനെതിരെ ഡൽഹി ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ജലാഭിഷേക ചടങ്ങ് നടത്തുമെന്നും വി.എച്ച്.പി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വർഗീയ സംഘർഷത്തെത്തുടർന്ന് മുടങ്ങിപ്പോയ നൂഹിലെ ജലാഭിഷേക യാത്ര തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ ഞായറാഴ്ച ആവർത്തിച്ചു. നേരത്തേ തീരുമാനിച്ച അതേ റൂട്ടിൽ യാത്ര നടത്തുമെന്നും മൂന്നിടങ്ങളിൽ ജലാഭിഷേക ചടങ്ങുണ്ടാകും. യാത്ര പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് പരിപാടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി20 നടക്കുന്നുവെന്ന് വി.എച്ച്.പിക്കറിയാം. 27 രാജ്യങ്ങളിൽനിന്നുള്ളവർ എത്തും. വൈകാരികമായ സ്ഥലമാണ് മേവാത്ത്.
അതിനാൽ ജലാഭിഷേക യാത്ര പ്രതീകാത്മകമായിരിക്കും. എന്നാൽ ഉപേക്ഷിക്കാൻ തയാറല്ല. മൂന്ന് സ്ഥലങ്ങളിൽ ജലാഭിഷേകവും നടത്തും. മതചടങ്ങുകൾ സർക്കാർ തടയരുതെന്നും അലോക് കുമാർ പറഞ്ഞു.
മറുനാടന് ഡെസ്ക്