- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൂജപ്പുരയിലേക്ക് വന്നത് ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റുമായി; ജയിൽ ബാർബർ ഷോപ്പിൽ മസാജിങ് ചുമതല വഹിക്കുന്നതിനിടെ ഒരാളുടെ തല പിടിച്ചുതിരിച്ചത് വിനയായി; സൂപ്രണ്ടിന്റെ കാലുപിടിച്ച് വീണ്ടും ജോലിയിൽ; മട്ടൻ കറി കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഫൈജാസ് ആളുചില്ലറക്കാരനല്ല
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത വയനാട് സ്വദേശി ഫൈജാസ് (42) ആള് ചില്ലറക്കാരനല്ല. കണ്ണൂർ ജയിലിൽ നിന്നും രണ്ടര വർഷം മുൻപ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തുമ്പോൾ കയ്യിൽ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് കൂടി ഉണ്ടായിരുന്നു. ജയിലിനുള്ളിൽ കിടന്ന് പഠിച്ച് പാസായ ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റായിരുന്നു അത്. പെട്ടെന്ന് പ്രകോപിതനാവുന്ന ഫൈജാസ് പ്രശ്‌നക്കാരുടെ പട്ടികയിൽ ആയിരുന്നതിനാൽ ജയിൽ മാറ്റവും പതിവായിരുന്നു.
സെൻട്രൽ ജയിലിൽ എത്തിയ ഫൈജാസിന് ആദ്യം ലഭിച്ചത് ജയിലിനുള്ളിലെ തന്നെ ബാർബർ ഷോപ്പിന്റെ ചുമതല ആയിരുന്നു. ബാർബർ ആയി പേരെടുത്തതോടെ പൂജപ്പുര കുഞ്ചാലും മൂട് റോഡിൽ ജയിൽ വകുപ്പ് തുടങ്ങിയ ബ്യൂട്ടി പാർലറിലേക്ക് മാറ്റം കിട്ടി. ബ്യൂട്ടി പാർലറിൽ മാസാജിംഗിന്റെ ചുമതലയായിരുന്നു ഫൈജാസിന്. തല മസാജിംഗും ഫെയ്‌സ് മസാജിംഗുമായിരുന്നു പ്രധാന ചുമതല. ഇതിനിടെ ആറുമാസം മുൻപ് തല മസാജ് ചെയ്യുന്നതിനിടെ ഒരാളുടെ കഴുത്ത് പിടിച്ച് തിരിച്ചത് പരാതിയായി. വിഷയം ജയിൽ മേധാവിക്ക് മുന്നിൽ എത്തിയതോടെ ഫൈജാസിനെ ബ്യൂട്ടി പാർലറിൽ നിന്നും ഒഴിവാക്കി.
ജയിലിനുള്ളിൽ മറ്റ് ജോലികൾ ഒന്നും നൽകാതെ നിലനിർത്തി. ഇതിനിടയിൽ തെറ്റ് ഏറ്റ് പറഞ്ഞ് സൂപ്രണ്ടിന് മുന്നിലെത്തി കരഞ്ഞ് കാലുപിടിച്ചതോടെ ഫൈജാസിനെ വീണ്ടും ബാർബർ ആക്കി. ജയിലിന് പുറത്ത് വേണ്ട, ഫൈജാസ് തടവുകാരുടെ മൂടിവെട്ടട്ടെയെന്ന് ജയിൽ ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ ജയിലിനുള്ളിലെ ബാർബർ ആയി കഴിയവെയാണ് മട്ടൻ കറി കുറഞ്ഞ് പോയതിൽ ശനിയാഴ്ച ഫൈജാസ് പ്രശ്‌നമുണ്ടാക്കിയത്. ഒരു തടവുകാരന് 100 ഗ്രാം മട്ടൻ കറി കൊടുക്കണമെന്നാണ് നിയമം. എന്നാൽ ശനിയാഴ്ച ഉച്ചയൂണിന് ഫൈജാസിന് കിട്ടിയ മട്ടൻ കറിയിൽ എല്ലുകൾ മാത്രമായിരുന്നുവെന്നാണ് പരാതി.
പ്രകോപിതനായ ഫൈജാസ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ ഫൈജാസിന്(42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു. ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് ആയിരുന്നു സംഭവം.
മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഷർട്ടിന് കുത്തിപ്പിടിച്ച് വെല്ലുവിളിക്കുകയും ചെയ്തു.
ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഫൈജാസിന്റെ അസ്വാഭാവിക പ്രകടനം ലഹരിക്കടിമപ്പെട്ടാണോ എന്ന സംശയവും ജയിൽ ഉദ്യോഗസ്ഥർക്കുണ്ട്. പുറത്ത് പോകുന്ന തടവുകാർ മലദ്വാരത്തിൽ വെച്ച് കഞ്ചാവും എം.ഡി. എം.എയുമടക്കം ജയിലിനുള്ളിൽ എത്തിക്കുന്നതായി വിവരം ഉണ്ട്. ഫൈജാസിന്റെ പെരുമാറ്റം സ്വബോധത്തോടെ അല്ലായിരുന്നുവെന്നാണ് വാർഡന്മാരും പറയുന്നത്. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ജയിലിനുള്ളിലെ ബാരക്കുകളിലും സെല്ലുകളിലും വാർഡന്മാർ പരിശോധന ശക്തമാക്കി.
കഞ്ചാവ് കടത്ത് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയ ഇയാളുടെ ശിക്ഷാകാലയളവ് അവസാനിച്ചുവെങ്കിലും പിഴ തുകയായ ഒരു ലക്ഷം രൂപ ഒടുക്കാത്തതിനാൽ ജയിലിൽ തുടരുകയായിരുന്നു. അടുത്ത വർഷം ജയിൽ മോചിതനാവാൻ ഇരിക്കെയാണ് പുതിയ കേസ് ഉണ്ടായിരിക്കുന്നത്. കണ്ണൂർ, വിയ്യൂർ, അതിസുരക്ഷാ ജയിൽ എന്നിവിടങ്ങളിൽ കഴിയുമ്പോഴും തടവുകാരുമായും ഉദ്യോഗസ്ഥരുമായും ഫൈജാസ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്