- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസി പണമൊഴുക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര
തിരുവനന്തപുരം: കേരളം ഇന്ന് നമ്പർ വൺ എന്ന് അവകാശപ്പെടുന്നതിൽ പ്രധാനമായ കാരണം ഗൾഫ് നാടുകളിലെ മലയാളികളുടെ അധ്വാനമാണ്. ഗൾഫിൽ പോയി പണിയെടുത്ത് ആ പണം കേരളത്തിൽ നിക്ഷേപിക്കുന്നതു കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ഇന്നുണ്ടായ അഭിവൃദ്ധിയെല്ലാം ഉണ്ടായാത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റു ചേക്കേറുന്ന മലയാളികൾ അവിടെ സ്ഥിരതാമസം ആക്കുന്നതു കൊണ്ട് അവിടെ നിന്നം കേരളത്തിലേക്ക് വലിയ തോതിൽ പണം എത്താറില്ല. അതുകൊണ്ട് തന്നെയാണ് ഗൾഫ് പണം അതീവ പ്രാധാന്യം അർഹിക്കുന്നതായി മാറുന്നതും. എന്നാൽ, ഇപ്പോൾ കേരളത്തിന്റെ ആ ്പ്രതീക്ഷയും പതിയെ കുറയുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക് കാര്യമായി കുറഞ്ഞു. കേരളത്തിലേക്ക് പണമൊഴുക്കിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജി.സി.സി മേഖലയിൽ നിന്ന് കാര്യമായ പണമയക്കൽ സ്വീകരിക്കുന്ന കേരളം, തമിഴ്നാട് അടക്കം സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇളക്കമുണ്ടായത്. ഗൾഫ് നാടുകളിൽ നിന്നുള്ള പണം അയക്കലിൽ മുന്നിലായിരുന്ന കേരളത്തെ പിന്തള്ളി മഹാരാഷ്ട്രയാണ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കന്നത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഗൾഫിൽ നിന്ന് രാജ്യത്തേക്കെത്തുന്ന മൊത്തം പണവിഹിതത്തിന്റെ 35.2 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്. കേരളത്തിൽ 10.2 ശതമാനവും. റിസർവ് ബാങ്കിന്റെ അഞ്ചാം റൗണ്ട് റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
വേതന വ്യത്യാസം, വൈറ്റ് കോളർ കുടിയേറ്റ തൊഴിലാളികളുടെ വർധന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനമുള്ള അർധ-വിദഗ്ധ തൊഴിലാളികളുടെ വരവ് എന്നിവയാണ് ഈ മാറ്റത്തിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഗൾഫിലേക്കുള്ള മലയാളികളുടെ പ്രവാസത്തിലും കുറവുണ്ടായിട്ടുണ്ട്. നിലവിലെ പ്രവാസികൾ: 21,21,887 (2018ലെ കേരള മൈഗ്രേഷൻ സർവേ) ആണെന്നതാണ് വിവരം. കേരളത്തിലെ യുവത്വം യൂറോപ്പിലേക്ക് കുടിയേറാൻ വ്യഗ്രത കാണിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് പുതിയ കണക്കുകളും പുറത്തുവരുന്നത്.
2023ൽ വിദേശത്തു നിന്ന് അയക്കപ്പെട്ട പണത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്തിയത് ഇന്ത്യയാണ്. ഉഭയകക്ഷി വ്യാപാരത്തിനായി ദിർഹത്തിന്റെയും രൂപയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയുമായി ഉണ്ടാക്കിയ കരാർ ഉൾപ്പടെയുള്ള നിരവധി ഘടകങ്ങൾ ഇന്ത്യയിലേക്കുള്ള പ്രവാസി പണമയക്കൽ ഉയർത്തിയെന്ന് ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലേക്കുള്ള പണമയക്കൽ ഈ വർഷം 125 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.
ജിസിസിയിൽ നിന്നു വരുന്ന പണമാണ് ഇന്ത്യയിലേക്കുള്ള പണംവരവിൽ പ്രധാനം. ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പണത്തിന്റെ 18 ശതമാനം യുഎഇയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് യുഎസ് ആണ്. 2022ൽ 24.4 ശതമാനം എന്ന റെക്കോഡ് നിലയിലാണ് ഇന്ത്യയിലേക്കുള്ള പണമയക്കൽ വളർന്നത്. എന്നാൽ 2023ൽ 12.4 ശതമാനമായി ഇത് കുറയുമെന്ന് ലോക ബാങ്ക് നിരീക്ഷിക്കുന്നു. ദക്ഷിണേഷ്യയിലെ മൊത്തം പണമയയ്ക്കലിൽ ഇന്ത്യയുടെ പങ്ക് 2023 ൽ 66 ശതമാനമായി വർധിക്കും, 2022ൽ ഇത് 63 ശതമാനം ആയിരുന്നുവെന്നും ലോക ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ബ്രീഫ് റിപ്പോർട്ടിൽ പറയുന്നു.
മെക്സിക്കോ (67 ബില്യൺ യുഎസ് ഡോളർ), ചൈന (50 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (40 ബില്യൺ യുഎസ് ഡോളർ), ഈജിപ്ത് (24 ബില്യൺ യുഎസ് ഡോളർ) എന്നീ രാജ്യങ്ങളാണ് വിദേശത്തു നിന്നുള്ള പണമയക്കലിൽ ഇന്ത്യക്ക് പിന്നാലെയുള്ളത്.