- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ വംശീയ വിവേചനം ഇപ്പോഴും തുടരുന്നു! എൻ.എച്ച്.എസിൽ കറുത്ത വർഗ്ഗക്കാരും ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തിൽ നിന്നുള്ളവരുമായ ജീവനക്കാരിൽ മൂന്നിൽ ഒരാൾ വംശീയ വിവേചനം അനുഭവിച്ചവരെന്ന് ഗവേഷണ റിപ്പോർട്ട്; ജോലി സ്ഥലത്ത് തുല്യതയുണ്ടെന്ന് അംഗീകരിച്ചവരിൽ കറുത്ത വർഗ്ഗക്കാരിൽ വെറും 40 ശതമാനം
ലണ്ടൻ: വംശീയത എന്ന പിശാചിനെ ഇനിയും ബ്രിട്ടീഷ് മനസ്സിൽ നിന്നും പൂർണ്ണമായും തുടച്ചു നീക്കാനായിട്ടില്ല എന്ന വേദനിപ്പിക്കുന്ന സത്യം പുറത്തു വരുന്നു. വെള്ളക്കാരോ ഏഷ്യൻ വംശജരോ ആയ ജീവനക്കാരെക്കാൾ മോശമായ രീതിയിലാണ് തങ്ങളോടുള്ള പെരുമാറ്റം എന്ന് കറുത്ത വർഗ്ഗക്കാരായ എൻ എച്ച് എസ് ജീവനക്കാർ പറയുന്നു. വെറും 40 ശതമാനം കറുത്ത വർഗ്ഗക്കാർ മാത്രമാണ് തങ്ങളുടെ തൊഴിലിടത്തിൽ മര്യാദയോടും ഉയർന്ന സാംസ്‌കാരിക നിലവാരത്തോടുമുള്ള പെരുമാറ്റം ഉള്ളതെന്ന് ഒരു സർവ്വേയിൽ പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം 61 ശതമാനം ഏഷ്യൻ വംശജരും 72 ശതമാനം വെള്ളക്കാരും ഇതേ അഭിപ്രായമുള്ളവരാണ്.
തൊഴിലിടത്ത് ഉൾച്ചേരലുമായി ബ്വന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊണ്ട സർവ്വേയൈൽ കറുത്ത വർഗ്ഗക്കാരും, ഏഷ്യൻവംശജരും വെള്ളക്കാരുമായ 1500 എൻ എച്ച് എസ് ജീവനക്കാരായിരുന്നു പങ്കെടുത്തിരുന്നത്. തൊഴിലിടത്തെ വൈവിധ്യം ഉൾക്കൊള്ളുന്നതിനായി ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ടെന്നും സർവ്വേഫലം ചൂണ്ടിക്കാട്ടുന്നു. സ്‌കിൽസ് ഫോർ ഹെൽത്ത് എന്ന കാരുണ്യ സംഘടനയുടെ മേധാവി ജോൺ സുൽ പറയുന്നത് ആരോഗ്യ മേഖല അതിന്റെ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണെങ്കിലും ഇനിയും ഇക്കാര്യത്തിൽ ഏറെ മെച്ചപ്പെടാനുണ്ട് എന്നാണ്.
സമത്വം, വൈവിധ്യം, ഉൾച്ചേർക്കൽ എന്നിവ മെച്ചപ്പെടുത്താനായി പങ്കാളിത്ത പഠനവും പരിശീലനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വർഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളിൽ പെടുന്നവരുമായ ജീവനക്കാരിൽ മൂനിലൊന്ന് പേർ എൻ എച്ച് എസി വംശീയ വിവേചനത്തിനോ അപമാനിക്കലിനോ ഇരകളാകുന്നു എന്ന് ഇൻഡിപെൻഡന്റ്‌റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഈ സർവ്വേ നടന്നത്. എൻ എച്ച് എസ് ഈ വിവേചനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു എന്നും ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വിവേചനത്തിനെതിരെ സ്വന്തമായി നയമുണ്ടായിട്ടുപോലും വംശീയവിവേചനവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ എൻ എച്ച് എസ്സിൽ ഉയർന്ന് വന്നിരുന്നു. ചില ട്രസ്റ്റുകൾക്കെതിരെ ട്രിബ്യുണൽ കേസുകൾ പോലുമുണ്ടായിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം എൻ എച്ച് എസ്സിൽ ഉള്ളതുപോലെ വൈവിധ്യ പശ്ചാത്തലമുള്ള ജീവനക്കാർ മറ്റൊരു തൊഴിൽ ദാതാവിനൊപ്പവും ഇല്ല. മൊത്തം ജീവനക്കാരിൽ ഏകദേശം 24.2 ശതമാനം പേർ കറുത്ത വർഗ്ഗക്കാരോ വംശീയ ന്യുനപക്ഷ വിഭാഗങ്ങളോ ആണ്.
ജോലിക്കയറ്റം തീരുമാനിക്കുന്ന സമ്പ്രദായം പലപ്പോഴും എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നാറില്ല എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എൻ എച്ച് എസ് ജീവനക്കാരൻ പറഞ്ഞത്. വംശീയ ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന തന്നെപ്പോലുള്ള മറ്റു പലർക്കും ഈ തോന്നൽ ഉണ്ടാകാറുണ്ടെന്നും അയാൾ പറയുന്നു.
മുതിർന്ന ജീവനക്കാരിൽ നിന്നും കുത്തുവാക്കുകളോ അപമാനിക്കപ്പെടലോ ഉണ്ടാകില്ല എന്ന വിശ്വാസം ഉൾപ്പെടുന്ന മാനസിക സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ 52 ശതമാനം കറുത്തവർഗ്ഗക്കാരാണ് അങ്ങനെയൊരു വിശ്വാസമുണ്ട് എന്ന് പറഞ്ഞത്. 55 ശതമാനം ഏഷ്യൻ വംശജരും 64 ശതമാനം വെള്ളക്കാരും സമാനമായ രീതിയിൽ പ്രതികരിച്ചു. അതേസമയം 39 ശതമാനം കറുത്ത വർഗ്ഗക്കാർ പറഞ്ഞത് തങ്ങളുടെ സ്ഥാപനത്തിൽ ആരും മനപ്പൂർവ്വം തങ്ങൾക്ക് അവഹേളനം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറാറില്ല എന്നാണ്. 54 ശതമാനം ഏഷ്യൻ വംശജരും 53 ശതമാനം വെള്ളക്കാരും സമാനമായ അഭിപ്രായം രേഖപ്പെടുത്തി.
വംശീയ വിവേചനം എൻ എച്ച് എസിന്റെയും ആരോഗ്യ മേഖലയുടെയും മേൽ പതിച്ച കറയാണെന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് മുൻ പ്രസിഡണ്ട് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഈ സംവിധാനത്തിന്റെ ഭാഗമായ ഓരോരുത്തർക്കും ഈ കറ മായ്ച്ചു കളയാനുള്ള നിയമപരവും ധാർമ്മികവുമായ ബാദ്ധ്യതയുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്