- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പിരിച്ചു വിട്ട താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റിനെ അഡ്ഹോക്ക് കമ്മറ്റിയുടെ ചെയർമാനായി തിരികെ നിയമിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുൻ പ്രസിഡന്റായിരുന്ന അഡ്വ. ഹരിദാസ് ഇടത്തിട്ടയെ ആണ് നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റിയുടെ ചെയർമാനായി നിയമിച്ചു കൊണ്ട് ഇന്നലെ രാത്രി എൻഎസ്എസ് ജനറൽ സെക്രട്ടറി ഉത്തരവിട്ടത്. നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മറ്റിയംഗങ്ങളെ അടക്കം മാറ്റി പുതിയ ആൾക്കാരെ നിയമിച്ചു.
എൻഎസ്എസ് താലൂക്ക് യൂണിയൻ ഒന്നര വർഷത്തെ ഇടവേളയിൽ രണ്ടാമതും പിരിച്ചു വിട്ടു. പ്രസിഡന്റ് അടക്കം ആറു പേരെ പുറത്താക്കി. നിലവിലുള്ള ഭരണ സമിതിയിൽ 11 പേരെ നിലനിർത്തി വൈസ് പ്രസിഡന്റ് ചെയർമാനായി അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു. ഇതിൽ പുതുതായി നാലു പേരെ ഉൾക്കൊള്ളിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിലാണ് കമ്മറ്റി പിരിച്ചു വിട്ടതെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാൽ, നിലവിലുള്ള പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവുമായി ഏറെ നേരം സംഭാഷണത്തിൽ ഏർപ്പെട്ടതാണ് പിരിച്ചു വിടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, അഖിലേഷ് എസ്. കാര്യാട്ട്, രാജേഷ്, അജിത് കുമാർ, പ്രദീപ്, ശ്രീജിത്ത് എന്നിവരെ നിലവിലുണ്ടായിരുന്ന ഭരണ സമിതിയിൽ നിന്ന് പുറത്താക്കിയത്. വൈസ് പ്രസിഡന്റായിരുന്ന പ്രഫ. ദേവരാജൻ ചെയർമാനായിട്ടാണ് അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നത്. ഈ കമ്മറ്റി പിരിച്ചു വിട്ടാണ് ഇപ്പോൾ ഹരിദാസ് ഇടത്തിട്ടയുടെ നേതൃത്വത്തിൽ പുതിയ അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നത്. അടുത്ത മാസം താലൂക്ക് യൂണിയനിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഹരിദാസ് വീണ്ടും യൂണിയൻ പ്രസിഡന്റാകും. രവീന്ദ്രൻ നായർ ഓമല്ലൂർ, അഡ്വ. ഡി. അശോക് കുമാർ, അഡ്വ. ഗീതാ സുരേഷ്, വിജയകുറുപ്പ്, സരോജ് കുമാർ, അഖിലേഷ് എസ്. കാര്യാട്ട്, അജിത്ത് മാത്തൂർ, രാജീവ് നരിയാപുരം, ബാലചന്ദ്രക്കുറുപ്പ്, പ്രദീപ് കുമാർ എന്നിവാണ് പുതിയ അഡ്ഹോക് കമ്മറ്റി അംഗങ്ങൾ.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ സംസ്‌കാര സ്ഥലത്ത് വച്ച് ജനറൽ സെക്രട്ടറിക്ക് അനഭിമതനായ കലഞ്ഞൂർ മധുവും ഹരിദാസ് ഇടത്തിട്ടയുമായി ദീർഘനേരം സംഭാഷണം നടത്തിയിരുന്നു. ആരോ ഇതിന്റെ ദൃശ്യങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എത്തിച്ചു കൊടുത്തിരുന്നു. അതിന് ശേഷം നിരവധി തെറ്റായ കാര്യങ്ങളും ജനറൽ സെക്രട്ടറിയുടെ ചെവിയിൽ എത്തിച്ചു. ഇതേ തുടർന്നാണ് തിരക്കിട്ട് ഹരിദാസ് ഇടത്തിട്ട നേതൃത്വം നൽകുന്ന ഭരണ സമിതി പിരിച്ചു വിട്ടത്.
ഇതേ കമ്മറ്റിയിലുണ്ടായിരുന്ന യുവാക്കളായ അംഗങ്ങൾ ശരിക്കും സംഭവിച്ച കാര്യങ്ങൾ സുകുമാരൻ നായരെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി. കണക്കിലെ ക്രമക്കേടുകളും കാണിച്ചു കൊടുത്തു. ഇതോടെ യൂണിയൻ സെക്രട്ടറിയായിരുന്ന വി.ആർ. സുനിലിനെ നെയ്യാറ്റിൻകര യൂണിയനിലേക്ക് സ്ഥലം മാറ്റി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരിദാസ് ഇടത്തിട്ടയ്ക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി തിരിച്ചറിഞ്ഞ ജനറൽ സെക്രട്ടറി അതിവേഗം തെറ്റു തിരുത്തുകയായിരുന്നു. എൻ.എസ്.എസിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു നടപടിയെന്ന് അംഗങ്ങൾ പറയുന്നു.
2022 ഡിസംബർ 22 ന് തെരഞ്ഞെടുപ്പിലൂടെയാണ് ഹരിദാസ് ഇടത്തിട്ട പ്രസിഡന്റായ താലൂക്ക് യൂണിയൻ കമ്മറ്റി നിലവിൽ വന്നത്. 2020 ൽ പ്രസിഡന്റായിരുന്ന അഡ്വ. സി.എൻ. സോമനാഥൻ നായരുടെ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ട ചെയർമാനായി ഒരു അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിരുന്നു. ഈ കമ്മറ്റിക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾ പിരിച്ചു വിട്ട് ഹരിദാസ് ഇടത്തിട്ട ചെയർമാനായി അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു.
തുടർന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഹരിദാസ് ഇടത്തിട്ട പ്രസിഡന്റും പ്രഫ. ദേവരാജൻ വൈസ് പ്രസിഡന്റുമായി 18 അംഗ ഭരണ സമിതി നിലവിൽ വന്നു. നാൽപ്പതോളം കരയോഗങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയില്ല, കരയോഗങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്നു, അഴിമതി സർവ വ്യാപിയാകുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഹരിദാസിനും കൂട്ടർക്കുമെതിരേ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് മുൻപാകെ എത്തിയിരുന്നു.
മുൻ രജസ്ട്രാർ ആയിരുന്ന പി.എൻ. സുരേഷിനൊപ്പം ചേർന്ന് അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. സുകുമാരൻ നായർക്ക് മുകളിലേക്ക് സുരേഷ് വളരുന്നുവെന്ന തിരിച്ചറിവിൽ അദ്ദേഹത്തെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് പുറത്താക്കി. പത്തനംതിട്ടയിലെ പത്മാ കഫേ നടത്തിപ്പടക്കം യൂണിയൻ സമീപകാലത്ത് നടപ്പാക്കിയ പല പരിപാടികളിലും അഴിമതി ആരോപണം ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇത് കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ജനറൽ സെക്രട്ടറി യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.