- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിൽ; എട്ട് ബംഗ്ലാദേശ് താരങ്ങൾക്ക് ശ്വാസതടസം; പരിശീലന സെഷനിൽനിന്നും വിട്ടുനിന്നു; ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിന് വെല്ലുവിളി; സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതായി ഐസിസി
ന്യൂഡൽഹി: ലോകകപ്പിൽ പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ അന്ത്യത്തോട് അടുക്കവെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിന് വെല്ലുവിളിയായി ഡൽഹിയിലെ കനത്ത വായുമലിനീകരണം. മലിനീകരണതോത് ഉയർന്നതോടെ ബംഗ്ലാദേശ് ടീമിന്റെ ഇന്നലത്തെ പരിശീലന സെഷനിൽ നിന്ന് എട്ട് താരങ്ങൾ ശ്വാസതടസം കാരണം വിട്ടുനിന്നിരുന്നു. ഇരുടീമുകളുടെയും ആദ്യ പ്രാക്ടീസ് സെഷൻ ഉപക്ഷേിക്കുകയും ചെയ്തിരുന്നു. വായുമലിനീകരണമാണ് മത്സരത്തിന് പ്രതിസന്ധി.
സെമി പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്ക ജീവന്മരണ പോരാട്ടത്തിന് ഇറങ്ങാനിരിക്കെയാണ് വായുമലനീകരണം വെല്ലുവിളിയാകുന്നത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയിൽ ബംഗ്ലാദേശാണ് എതിരാളി. സെമി സാധ്യത തരിമ്പെങ്കിലും അവശേഷിപ്പിക്കാൻ ശ്രീലങ്കയ്ക്ക് ജയിച്ചേ തീരൂ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താവുന്ന മൂന്നാം ടീമാവും മുൻ ചാംപ്യന്മാർ. ഇതിനോടകം മടക്കറ്റ് ടിക്കറ്റുറപ്പിച്ച ബംഗ്ലാദേിന്റെ ലക്ഷ്യം ആശ്വാസജയം.
ഏഴ് കളിയിൽ നാല് പോയിന്റ് മാത്രമുള്ള ലങ്കയ്ക്ക് ഇനിയുള്ള രണ്ട് കളി ജയിച്ചാലും സെമി സാധ്യത കുറവ്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിരാശപ്പെടുത്തുന്നാണ് ലങ്കയുടെ പ്രതിസന്ധി.
അവസാനകളിയിൽ ഇന്ത്യയോടെറ്റ നാണം കെട്ട തോൽവി മറക്കാൻ നല്ലൊരു ജയം വേണം ലങ്കയ്ക്ക്. ഏഴിൽ ആറും തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ആദ്യ ടീമാണ് ബംഗ്ലാദേശ്. പോകുന്ന പോക്കിന് ശ്രീലങ്കയേയും കൂടെ കൂട്ടാനായിരിക്കും ഷാക്കിബും സംഘവും കരുതിയിരിക്കുന്നത്. ലോകകപ്പിൽ ഇതിന് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലങ്കക്കൊപ്പമായിരുന്നു.
അതേസമയം സ്റ്റേഡിയം മേഖലയിൽ നിലവിൽ സ്ഥിതി ഗതികൾ ശാന്തമാണെന്നും കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഐസിസി വക്താവ് വ്യക്തമാക്കി. പോയിന്റ് പട്ടികയുടെ രണ്ടാം പാദത്തുള്ള രണ്ട് ടീമുകൾ തമ്മിലാണ് മത്സരം. നാല് പോയിന്റ് മാത്രമെങ്കിലും ഇപ്പോഴും ശ്രീലങ്കയുടെ സെമി സാധ്യത അവസാനിച്ചിട്ടില്ല.
എഴാം സ്ഥാനത്താണ് ലങ്ക. വെറും രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാൻ ആറാമതാണ്. നെതർലൻഡ്സ് എട്ടാം സ്ഥാനത്തും. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് അവസാന സ്ഥാനത്ത്. എട്ടിൽ എട്ട് മത്സരവും ജയിച്ച് 16 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടടുത്ത്. 10 പോയിന്റോടെ ഓസ്ട്രേലിയ മൂന്നാമതും, 8 പോയിന്റുമായി ന്യുസീലൻഡ് നാലാം സ്ഥാനത്തുമാണ്. ഇത്രയും തന്നെ പോയിന്റുള്ള പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്ത്.
അതേ സമയം ഡൽഹിയിൽ മലിനീകരണത്തിന്റെ തോത് അതീവ ഗുരുതരാവസ്ഥയിൽ എത്തിയ സാഹചര്യത്തിൽ ശ്വാസകോശരോഗങ്ങളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുദിവസങ്ങളായി ശ്വസനപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തിൽ നഗരത്തിലെ പ്രധാന ആശുപത്രികളിൽ വർധനയുണ്ടായതായി ഡോക്ടർമാർ വ്യക്തമാക്കി.
ആളുകൾ മാസ്‌ക് ധരിച്ച് ആവശ്യമുള്ളപ്പോൾ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂയെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അന്തരീക്ഷവായുവിൽ ശ്വാസകോശത്തിൽ തുളച്ചുകയറുന്നതരത്തിലുള്ള സൂക്ഷ്മകണികകളുടെ സാന്നിധ്യം അധികമായുള്ളത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ആശുപത്രിയിലെ പൾമണറി ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ കൺസൽട്ടന്റ് ഡോ. അസ്മത്ത് കരീം പറഞ്ഞു.
മലിനമായ വായുശ്വസിക്കുന്നത് പ്രാണവായു ശേഖരിച്ചുവെക്കുന്നതിനുള്ള ശ്വാസകോശത്തിന്റെ കഴിവിനെ ഇല്ലാതാക്കുമെന്ന് പൾമണോളജിസ്റ്റ് ഡോ. അനന്ത് മോഹൻ വ്യക്തമാക്കി. മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല, ഹൃദയം, തലച്ചോറ്് തുടങ്ങിയ മറ്റു പ്രധാന അവയവങ്ങളെയും ബാധിക്കുന്നതായും തലവേദന, ഉത്കണ്ഠ, പ്രകോപനം, ആശയക്കുഴപ്പം എന്നിവയ്ക്കും നാഡീ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നതായും സഫ്ദർജംഗ് ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. നീരജ് ഗുപ്ത പറഞ്ഞു.
വിദ്യാർത്ഥികൾ, ഗർഭിണികൾ തുടങ്ങിയവരിൽ ഇത്തരം അസുഖങ്ങൾ പെട്ടെന്ന് വർധിച്ചതായും നീരജ് ഗുപ്ത വ്യക്തമാക്കി. നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവയുടെ വായുവിലെ ഉയർന്ന സാന്നിധ്യം നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങളുണ്ട്. ഇക്കാരണത്താൽ ഗ്യാസ് ചേംബർ എന്ന വിശേഷണം ഡൽഹിക്ക് ഉചിതമാണെന്നും ഡോക്ടർ നീരജ് ഗുപ്ത പറഞ്ഞു.
അമേരിക്കയിലെ നോർത്ത് കരോലിനയിൽ സ്‌കൂൾവിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ.) കുട്ടികളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ നേരിട്ട് സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കാഘാതം, ഡിമെൻഷ്യ, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സാധ്യതകൾ വായുമലിനീകരണം വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ടെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി.
സ്പോർട്സ് ഡെസ്ക്