കോഴിക്കോട്: അരനൂറ്റാണ്ട് കാലം കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡിസിസി കെട്ടിടം ഓർമ്മയാകുന്നു. ലീഡർ കെ കരുണാകരൻ ഭവൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. നാല് നിലകളിലായി 21000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് പ്രശസ്ത ആർക്കിടെക്ട് അരുൺകുമാർ ചന്ദ്രൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓഡിറ്റോറിയം, രണ്ട് മിനി ഓഡിറ്റോറിയങ്ങൽ, മീഡിയാ റൂം, ലൈബ്രറി, വാർ റൂം, പോഷണ സംഘടനകൾക്കും സെല്ലുകൾക്കും പ്രത്യേക സൗകര്യങ്ങൾ, അതിഥികൾക്ക് താമസിക്കാവുന്ന രണ്ട് സ്യൂട്ട് റൂമുകൾ, കാന്റീൻ, കെ പി സി സി പ്രസിഡന്റ്, പാർലമെന്ററി പാർട്ടി ലീഡർ, മുൻ പ്രസിഡന്റുമാർ എന്നിവർക്കുള്ള പ്രത്യേക റൂമുകൾ ഉൾപ്പെടുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയാണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വ്യക്തമാക്കി.

എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി പൗരാണികത കൈവിടാത്ത രീതിയിൽ ഒരുക്കുന്ന ഓഫീസിന്റെ നിർമ്മാണത്തിന് അഞ്ചര കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ട് പൂർണ്ണമായും സാധനങ്ങളും പണവുമായി പൊതുജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ശേഖരിക്കും. ബൂത്ത് പ്രസിഡന്റ് തൊട്ട് മുകളിലോട്ടുള്ള നേതാക്കൾ തറക്കല്ലിടൽ ചടങ്ങിലെത്തി എന്റെ ഓഫീസിന് എന്റെ പങ്ക് എന്ന് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ നൽകാൻ കഴിയുന്ന തുക നൽകും.

ജില്ലയിലെ അമ്പതിനായിരം കോൺഗ്രസ് വീടുകളിൽ പണ കുഞ്ചി വിതരണം നടത്തി ആറു മാസക്കാലം കൊണ്ട് അവരാൽ കഴിയുന്ന സംഖ്യ കുഞ്ചിയിൽ നിക്ഷേപിച്ച് ജി്‌ലാ കോൺഗ്രസ് കമ്മിറ്റിയെ ഏൽപ്പിക്കും. ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഖാദി ചലഞ്ച്, മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സാരി ചലഞ്ച്, കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളികേര ചലഞ്ച് എന്നിവ സംഘടിപ്പിക്കും. തറക്കല്ലിടൽ കർമ്മം 26 ന് രാവിലെ 8.30 ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിർവ്വഹിക്കും.

എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ എം പി, വിശ്വനാഥ പെരുമാൾ, അഡ്വ. ടി സിദ്ദിഖ് തുടങ്ങിയവർ സംബന്ധിക്കും. പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ ഡിസിസി ഓഫീസ് താത്ക്കാലികമായി വെസ്റ്റ്ഹില്ലിലെ ഐ എൻ ടി യു സി ഓഫീസിൽ പ്രവർത്തിക്കും. ഒന്നര വർഷം കൊണ്ട് പുതിയ ഓഫിസ് യാഥാർഥ്യമാക്കാനാണ് ശ്രമമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ ജയ-പരാജയങ്ങൾക്ക് സാക്ഷ്യം വഹിച്ച വയനാട് റോഡിലെ പഴയ കെട്ടിടമാണ് ഓർമ്മയാകുന്നത്. 1972 ലാണ് നാലു പേരിൽ നിന്ന് 38 സെന്റ് സ്ഥലവും വീടും വാങ്ങുന്നത്. ഇതിൽ ഒരുടമ സ്ഥലം പണയപ്പെടുത്തിയ വാങ്ങിയ രണ്ടായിരം രൂപയുടെ കടത്തിന്റെ പേരിലെ കേസ് ഓഫീസ് നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയിരുന്നു. തുടർന്ന് പ്രതിരോധങ്ങൾ ഉയർത്തിയും കേസ് നടത്തിയുമാണ് ഈ ഓഫീസും സ്ഥലവും കോൺഗ്രസ് പാർട്ടി നിലനിർത്തിയത്.