അടിമാലി: സംസ്ഥാന സർക്കാറിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഇടുക്കി ജില്ലയിൽ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയാർ' എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം 90 വയസുള്ള പൊന്നമ്മ റോഡിൽ കസേരയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സമരം. മറിയക്കുട്ടിയും വീണ്ടും പ്രതിഷേധത്തിന് ഇറങ്ങുമെന്ന് സൂചനയുണ്ട്. സംസ്ഥാന ബജറ്റിലും ക്ഷേമ പെൻഷൻ നൽകുന്നതിന് വ്യക്തമായ പദ്ധതികളില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം.

ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികൾ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കുളമാങ്കുഴി ആദിവാസി മേഖലയിൽ ഓമന-ശിവദാസ് ദമ്പതികൾക്ക് ഭൂമിയുണ്ട്. എന്നാൽ, വന്യമൃഗ ശല്യമുള്ളതിനാൽ ഈ ഭൂമിയിൽ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ദമ്പതികൾ കഴിയുന്നത്. ഇത്തരം സമരങ്ങൾ അതിനിർണ്ണായകമായി മാറും. ബജറ്റ് പ്രഖ്യാപനത്തിൽ വലിയ പ്രതീക്ഷയാണ് ഏവരും പുലർത്തിയത്. എന്നാൽ ഇത് നിരാശയായി. ക്ഷേമ പെൻഷൻ തുക കൂട്ടിയില്ല. കുടിശിക നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അത് എന്ന് നൽകുമെന്ന് വ്യക്തമാക്കുന്നില്ല. ഇതോടെയാണ് പ്രതിഷേധവും ഉയരുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കെ.വി.തോമസിന് ഓണറേറിയം നൽകാനുള്ള ബജറ്റ് വിഹിതത്തിൽ വർദ്ധന വരുത്തിയ ധനമന്ത്രി പക്ഷേ ക്ഷേമ പെൻഷന്മാരുടെ കണ്ണീരു കണ്ടില്ലെന്നാണ് ആക്ഷേപം. 24.67 ലക്ഷം രൂപയാണ് ഓണറേറിയം നൽകാൻ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 7.67 ലക്ഷം രൂപ കൂടുതലാണ് ഈ ബജറ്റിലെ കണക്ക്. കാബിനറ്റ് റാങ്കിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ച് തോമസിന് ഓണറേറിയമായി നൽകുന്നത് പ്രതിമാസം ഒരു ലക്ഷം രൂപയാണ്. ഇത്കൂടാതെ യാത്രപ്പടി, ടെലിഫോൺ തുടങ്ങിയ മറ്റ് അലവൻസുകളും നൽകുന്നുണ്ട്.

ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസും നരക യാതനയിലാണ്. പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നു. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികൾ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെൻഷന് വേണ്ടി തെരുവിലിറങ്ങി.

വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. തുടർന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ഫോണിലൂടെ പൊന്നമ്മയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം. ഇതിനൊപ്പമാണ് കെവി തോമസിന്റെ ഹോണറേറിയം ഉയർത്തലും ചർച്ചയാകുന്നത്. മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ തോമസിനായി കേരള സർക്കാർ നിയമിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങാതിരിക്കാനാണ് ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന നിലപാട് തോമസ് സ്വീകരിച്ചത്.

എംഎ‍ൽഎ, എംപി, അദ്ധ്യാപക പെൻഷൻ എന്നിങ്ങനെ 3 പെൻഷനുകളാണ് പ്രതിമാസം തോമസിന് ലഭിക്കുന്നത്. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. പാർട്ടി നിർദ്ദേശം മറികടന്ന് സിപിഎം സെമിനാറിൽ പങ്കെടുത്തതിന് തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്.