- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റ് വാങ്ങാൻ എത്തുന്നവരോട് കൈമലർത്തി റേഷൻ കടക്കാർ; ഉപ്പു മുതൽ കശുവണ്ടിവരെ സാധങ്ങൾ സ്റ്റോക്കില്ല; തുണിസഞ്ചിക്ക് പോലും ക്ഷാമം; ഓണമുണ്ണാൻ പിണറായി സർക്കാർ നൽകുന്ന കിറ്റ് പലർക്കും ഓണത്തിന് കിട്ടിയേക്കില്ല; മുൻഗണനാ വിഭാഗക്കാർക്കുള്ള അരിക്കും ക്ഷാമം; മൂന്നുമാസമായി ആട്ടമാവിന്റെ വിതരണവും നിലച്ചു
തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റിന്റെ വിതരണം പാളി. ഡിപ്പോകളിൽ നിന്ന് കിറ്റുകൾ യഥാസമയം എത്താത്തതാണ് പ്രധാന കാരണം. കിറ്റിനായെത്തുന്നവരോട് സ്്റ്റോക്ക് തീർന്നുപോയെന്ന മറുപടിയാണ് കടഉടമകൾ പറയുന്നുത്. കിറ്റ് വിതരണത്തിന്റെ അവസാന നാളുകളിൽ ആവശ്യത്തിന് ഓണക്കിറ്റ് കടകളിൽ എത്തിക്കാത്തതാണ് കാരണം. ഇന്നലെ രാവിലെ മുതൽ കിറ്റുകൾ വാങ്ങാനായി വൻ തിരക്കായിരുന്നു.എന്നാൽ കാർഡുടമകൾ നിരാശരായി മടങ്ങി. വൈകിട്ട് 5വരെ കിറ്റുകൾ റേഷൻകടകയിലെത്തിയില്ല. തുണി സഞ്ചിയടക്കം ചില സാധനങ്ങൾ യഥാസമയം ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഉപ്പ്, സഞ്ചി, കശുഅണ്ടി, തേയില, എന്നിവയുടെ സ്റ്റോക്ക് തീർന്നു. ഉത്രാടദിനമായ ഇന്നത്തോടെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് ഭക്ഷ്യവകുപ്പ് നൽകിയിരുന്നത്. എന്നാൽ അത് സാധിക്കില്ല. കിറ്റ് വിതരണത്തിന്റെ അവസാനത്തെ മൂന്നു നാൾ പോർട്ടിബിലിറ്റി സംവിധാനം വഴി വാങ്ങാമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ടായിരുന്നു.ആവശ്യമുള്ള കിറ്റുകൾ ഇന്നലെ വൈകിട്ടോടെ റേഷൻകടളിൽ എത്തിച്ചതായാണ് സിവിൽ സപ്ലൈസ് കോർപറേഷൻ പറയുന്നത്. 4,5,6,7 തീയതികളിലായാണ് വിതരണം പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്നത്.
ഏതെങ്കിലും കാരണത്താൽ മുൻ നിശ്ചയിച്ച ദിവസങ്ങളിൽ കിറ്റു വാങ്ങാൻ കഴിയാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു. കിറ്റ് കിട്ടാതായതോടെ പലയിടങ്ങളിലും റേഷൻകടക്കാരും കാർഡുടമകളുമായി പലയിടങ്ങളിലും വാക്കേറ്റവും നടക്കുകയാണ്. അതേസമയം മഞ്ഞ, പിങ്ക് കാർഡുടമകളിൽ ഭൂരി ഭാഗം പേരും കിറ്റ് കൈപ്പറ്റിയതായി സപ്ലൈക്കോ പറയുന്നു.
തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉള്ളത്. കഴിഞ്ഞവർഷം നിലവാരമില്ലാത്തിന് പഴികേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇപ്രാവശ്യം കിറ്റിൽ ഇടംപിടിച്ചു. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞതാണ് ചെലവ്. പഞ്ചസാരയും ചെറുപയറും തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.
ലോഡിങ് വണ്ടിക്കൂലി ഉൾപ്പെടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാക്കുന്നത്. എല്ലാം പാക്കറ്റ് ഉത്പന്നങ്ങളാണ്. ഓണക്കിറ്റിൽ കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.
അതേസമയം മുൻഗണനേതര വിഭാഗമായ നീല, വെള്ള, കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ പത്ത് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആവശ്യമായ സ്റ്റോക്ക് എത്തിക്കാത്തതിനാൽ റേഷൻകടക്കാർ അതും വെട്ടിചുരുക്കി. ഇപ്പോൾ രണ്ട്, മൂന്ന് കിലോഗ്രാം അരിയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇത് കൂടാതെ മൂന്നുമാസമായി സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള ആട്ടമാവ് കഴിഞ്ഞ മൂന്നുമാസമായി കിട്ടാനില്ല. ഇതിനും ജനം പരക്കം പായുകയാണ്.
കണ്ണൂർ ജില്ലയിലെ റേഷൻ കടകളിലെ ആട്ടകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിൽ ആട്ട വിതരണം നിർത്തിവെക്കാൻ ജില്ലയിലെ ചില റേഷൻ കടകൾക്ക് ജില്ലാ സപ്ലൈ ഓഫീസർ മെയ് മാസത്തിൽ നിർദ്ദേശം നൽകിയിരുന്നു. പരിശോധനയിൽ നിലവാരം കുറഞ്ഞതും മായം ഉൾപ്പെട്ടതുമായ ആട്ട കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആട്ടയുടെ ഗുണ നിലവാരക്കുറവ് കൊണ്ട് റേഷൻ കടകളിലെ ആട്ട വില്പനയിൽ ഗണ്യമായ കുറവും ഉണ്ടായി. നിലവാരമില്ലായ്മയെ കുറിച്ചുള്ള ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ഗുണനിലവാരമില്ലാത്ത ആട്ടക്ക് പകരമായി ഗോതമ്പ് തന്നെ മതി എന്നാണ് ഉപഭോക്തളുടെ പരാതി.
ചില റേഷൻ കടകളിൽ നിന്നും ശേഖരിച്ച ആട്ടകളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചപ്പോഴായിരുന്നു അതിൽ മായവും ഗുണനിലവാരമില്ലായ്മയും കണ്ടെത്തിയത്.ഇതിനെ തുടർന്നാണ് ചില കടകളിൽ എത്തിച്ച നിശ്ചിത ബാച്ച് ആട്ടപ്പൊടികളുടെ വില്പന നിർത്തിവെക്കാനും അവ എത്രയും പെട്ടെന്ന് തിരിച്ചു അയക്കാനും സപ്ലൈ ഓഫീസർ നിർദ്ദേശം നൽകിയത്. കണ്ണൂർ താലൂക്കുകളിലെ റേഷൻ കടകളിൽ നിന്നുമായി 2800 ക്വിന്റൽ ഓളം ആട്ട തിരിച്ചയാക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് ഉടനീളം ആട്ടമാവിന്റെ വിതരണം നിലയ്ക്കുകയായിരുന്നു.