മൂന്നാർ: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി -46) മരിച്ചത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറാണു മരിച്ച സുരേഷ് കുമാർ. സ്‌കൂൾ ആനിവഴ്സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽ നിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു. ഓട്ടോയുടെ അടിയിൽനിന്ന് എണീക്കവേ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തേക്കു പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇവരെ മൂന്നാറിലെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റയാന്റെ ആക്രമണം ആണെന്നാണ് ലഭിക്കുന്ന വിവരം. ഏത് ആനയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തിന് പിന്നാലെ ഇവിടേക്ക് വന്ന ജീപ്പിലെ ഡ്രൈവർ വണ്ടി റെയ്സ് ചെയ്ത് ശബദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്ക്. ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ മരണമാണിത്