- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി വീടില്ലാത്തവരെ സഹായിക്കാൻ സ്വയം തുനിഞ്ഞിറങ്ങി; വയനാട് മുതൽ കശ്മീർ വരെ സഞ്ചരിച്ചുള്ള യുവാക്കളുടെ വൺ റുപ്പി ചലഞ്ച് വൻ വിജയത്തിലേക്ക്; സൈക്കിൾ കാരവാൻ യാത്ര ഒരുവർഷം പിന്നിട്ടപ്പോൾ അഞ്ചുദരിദ്ര കുടുംബങ്ങളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
കോതമംഗലം: നിർദ്ധന കുടംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുക എന്ന ലക്ഷ്യത്തിൽ യുവാക്കൾ ആരംഭിച്ചിട്ടുള്ള വൺരൂപ ചാലഞ്ച് വൻ വിജയത്തിലേയ്ക്ക്. സൈക്കിൾ കാരവാനിൽ വയനാട് മുതൽ കശ്മീർ വരെ സഞ്ചരിച്ച്,ഒരു രൂപ വീതം സമാഹരിച്ച് 5 സാധുക്കൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി വയനാട് അമ്പലവയൽ സ്വദേശികളായ കെ.ജി.നിജിൻ, കെ.ആർ.റനീഷ് എന്നിവർ നടത്തിവരുന്ന നീക്കമാണ് അനുദിനം വിജയത്തിലേയ്ക്ക് നീങ്ങുന്നത്. യാത്ര ഇപ്പോൾ ഒരു വർഷവും 4 മാസവും പിന്നിട്ടു.
ഇതിനകം 22 സെന്റ് ഭൂമി വാങ്ങാനുള്ള തുക കണ്ടെത്താനായെന്നും ഒരു രുപ നൽകാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെങ്കിലും ഉദ്ദേശ്യ -ലക്ഷ്യത്തെക്കുറിച്ചറിയുമ്പോൾ ചില സുമനസുകൾ വൻ തുക നൽകാറുണ്ടെന്നും ഇതാണ് വീട് നിർമ്മാണത്തിനുള്ള സ്ഥലം ഇത്രയും പെട്ടെന്ന് വാങ്ങാൻ കഴിഞ്ഞതെന്നും കോതമംഗലത്ത് എത്തിയ യാത്രാസംഘം മറുനാടനോട് വ്യക്തമാക്കി.
2021 ഡിസംബർ പത്തിനാണ് ഇവർ വൺ റുപ്പി മിഷൻ ആരംഭിക്കുന്നത്.വയനാട്ടിൽ നിന്നാരംഭിച്ച ഇവരുടെ യാത്ര കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ കടന്നു.ചെറുഗ്രാമങ്ങളും പട്ടണങ്ങളും ചുറ്റി ഇനി കുറച്ചുദിവസങ്ങൾ ഇവർ ജില്ലയിൽ ഉണ്ടാവും. അങ്കമാലിയിൽ നിന്നാണ് എറണാകുളം ജില്ലയിലെ യാത്ര ആരംഭിച്ചത്. ജില്ലയിലെ യാത്രയിൽ ഇവരുടെ സുഹൃത്തായ ഷാലിനും പങ്കുചേർന്നു. വിശേഷങ്ങൾ അറിഞ്ഞ് പോകാൻ എത്തിയ എത്തിയ ഷാലിൻ ഇപ്പോൾ ഇവരോടൊപ്പം യാത്രയിലും പങ്കാളിയായി.
രണ്ട് സൈക്കിളുകളെ തമ്മിൽ ബന്ധിപ്പിച്ച്, വശങ്ങൾ ഒരു മുറിയുടെ രൂപത്തിലാക്കിയാണ് ഇവർ യാത്രയ്ക്കായുള്ള കാരവാൻ ഒരുക്കിയിട്ടുള്ളത്. കിടക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യവും വാഹനത്തിലുണ്ട്. കോഴിക്കോട് ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശിയാണ് അദ്ധ്യാപകനായ നിജിൻ. വയനാട് അമ്പലവയലിലാണ് വ്യാപാരിയായ റനീഷിന്റെ വീട്. സ്ഥലം വാങ്ങാൻ എട്ടു ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ച് വീടുനിർമ്മാണത്തിനുള്ള ധനസമാഹരണം നടത്തും. തുടർന്ന് യാത്ര വഴിയിലെ അയൽ സംസ്ഥാനങ്ങളിലേയ്ക്ക് കടക്കും. ഒരു ദിവസം 30 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ടെന്നും ഇതുവരെ ജനങ്ങളിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും റനീഷും നിജനും പറഞ്ഞു.
സുഖ സൗകര്യങ്ങൾ പരമാവധി ഒഴിവാക്കി, ചിലവുചുരുക്കി പരമാവധി തുക ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനായി സ്വരൂക്കൂട്ടുകയാണ്. വീട്ടുകാരുടെ സഹകരണവും പിൻതുണയും യാത്രയ്ക്ക് വലിയൊരളവിൽ സഹായകമാവുന്നുണ്ട്. ഇതുവരെ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോയി. തുടർന്നും യാത്ര തടസമില്ലാതെ മുന്നോട്ടുപോകുമെന്നും ഏറെ താമസിയാതെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സ്വന്തമായി ഒരു വീടില്ലാത്ത ഒരുപാടുപേർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. തീർത്തും വീട് നിർമ്മിക്കാൻ കഴിവില്ലാത്തവരാണ് ഇവരിൽ ഭൂരിപക്ഷവും. ഇവരെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു.അതിനൊപ്പം ഇവരെ എങ്ങനെ സഹായിക്കാമെന്നും ആലോചിച്ചു. അപ്പോഴാണ് വൺരൂപ ചലഞ്ച് എന്ന ആശയം മനസിൽ എത്തുന്നത്.ഇപ്പോൾ മറ്റെന്തിനേക്കാളും പ്രധാന്യം നൽകുന്നത് ഈ പദ്ധതിയുടെ പൂർത്തീകരണത്തിനാണ്.ഇരുവരും കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ലേഖകന്.