മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള നടപടികൾക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11. 45 ഓടെ മോഴയുടെ സിഗ്‌നൽ വനംവകുപ്പിന് കിട്ടിയത്. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുള്ളത്. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലാണ് ആനയുള്ളത്. സിഗ്‌നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്ദ്ധർ കാടുകയറി. ആനപ്പാറ വളവിൽ വലിയ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

വെറ്റിനറി ടീമും സ്ഥലത്ത് എത്തി. പടമല കുന്നുകളിൽ നിന്ന് പുലർച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളിൽ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്‌നൽ കൂടി ലഭിച്ചു.വൈൽഡ് ലൈഫ് സിസിഎഫ് മുഹമ്മദ് ശബാബ്, നോർത്തേൻ സിസിഎഫ്, 5 ഡിഎഫ്ഒമാർ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് മോഴപിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.

അതോസമയം വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്‌പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈമാസം 15നകം യോഗം ചേർന്ന് പരസ്പരധാരണയോടെ മുന്നോട്ടുപോകും. സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവും. വയനാട്ടിലെ സാഹചര്യം പരിശോധിക്കാൻ മൂന്ന് വനം ഡിവിഷനുകൾ ഉൾപ്പെടുത്തി സ്‌പെഷൽ സെൽ വരും. ജില്ലയിൽ രണ്ട് ആർ.ആർ.ടികൾ കൂടി രൂപീകരിക്കും.

ജനങ്ങളുടേതു സ്വാഭാവിക പ്രതിഷേധമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മോഴയാനയെ മയക്കുവെടിവെക്കും. ആന നിലവിൽ കേരളകർണാടക അതിർത്തിയിലാണുള്ളത്. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവെക്കാനാകില്ല. കർണാടകയുടെ ചിപ്പിൽ നിന്നും സിഗൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം കാട്ടാന ആക്രമണത്തിന് വഴിതെറ്റിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തിൽ കർണാടക വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്നു് ആരോപണം.

ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയശേഷമാണ് .ഫീക്വൻസി നൽകിയത്. കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്.

തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ച സമയത്ത് അതിനൊപ്പം ഈ ആനയുടെ സഞ്ചാരപാതയിൽ മഖ്ന എന്ന ആനയും ഉണ്ടായിരുന്നതായി വിവരം നൽകിയിരുന്നു. അജീഷിനെ ആന ആക്രമിക്കുമ്പോൾ ബേഗൂർ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.