മാനന്തവാടി: ജനരോഷം ശക്തമാകവേ ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദ്ധർ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാൻ നീങ്ങും. അതിവേഗത്തിൽ ആണ് ആനയുടെ നീക്കം.

ഇത് ദൗത്യത്തിനു വെല്ലുവിളി നിറഞ്ഞതാണ് എന്നാതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാൽ എളുപ്പം നടപടികൾ പൂർത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാർക്കാട്, നിലമ്പൂർ ആർആർടികൾ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാൽ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടർ അറിയിച്ചു.

ഇന്നലെ ആനയെ പിടുകൂടാനുള്ള ശ്രമങ്ങളൊനന്ും വിദയിച്ചിരുന്നില്ല. ശനിയാഴ്ച ആക്രമണത്തിനുശേഷം പടമല കുന്നിൽ നിലയുറപ്പിച്ച ആന അവിടെനിന്ന് കാട്ടിക്കുളം ബാവലി റോഡ് മുറിച്ചുകടന്ന് ജനവാസകേന്ദ്രമായ ചേലൂർ മണ്ണുണ്ടി കോളനിക്കു സമീപം എത്തുകയായിരുന്നു. ഇതോടെ വനപാലകസംഘമെത്തി മയക്കുവെടി വെക്കാനുള്ള ദൗത്യം തുടങ്ങിയെങ്കിലും ഉച്ചയോടെ ആന ബാവലി ആനപ്പാറ വളവിൽ ചെമ്പകപ്പാറയിലേക്കു നീങ്ങി.

ഇവിടെനിന്ന് ബാവലി റോഡരികിലേക്കു നീങ്ങിയതോടെ അതുവഴി ഗതാഗതം നിരോധിച്ച് ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നാലരയോടെ ആന മണ്ണുണ്ടിയിലേക്കുതന്നെ നീങ്ങി. തുടർന്ന് സിഗ്‌നൽ നഷ്ടമായതോടെ അഞ്ചരയോടെ ഞായറാഴ്ചത്തെ തിരച്ചിൽ മതിയാക്കി ദൗത്യസംഘം മടങ്ങി. ഇതോടെ രോഷാകുലരായ ജനം മയക്കുവെടി സംഘത്തെയും ദ്രുതകർമസേനയെയും വനപാലകരെയും തടഞ്ഞു. മാനന്തവാടി ഡിവൈ.എസ്‌പി പി. ബിജുരാജിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് വനപാലകരെ രക്ഷപ്പെടുത്തിയത്. നാലു മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിൽ നാലായി തിരിഞ്ഞാണ് ദൗത്യം ആരംഭിച്ചത്.

വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് മുന്നൂറോളം വനപാലകരാണ് ദൗത്യത്തിൽ പങ്കാളികളായത്. ഇരുനൂറോളം പൊലീസുകാരെയും ക്രമസമാധാനപാലനത്തിന് നിയോഗിച്ചിരുന്നു. രാത്രിയിൽ ആനയെ നിരീക്ഷിക്കാനായി അമ്പതോളം വനപാലകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്‌നയെ ബാവലി ചെക്ക്‌പോസ്റ്റിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചു. പിന്നീട് ചർച്ചയിലൂടെയാണ് സമരം അവസാനിച്ചത്.

വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്‌പെഷൽ സെൽ രൂപവത്കരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ ചേർന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം.

വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാൻ സമഗ്ര പദ്ധതികൾ വേണമെന്ന് യോഗം വിലയിരുത്തി. മൂന്ന് വനം ഡിവിഷനുകൾ ഉൾപ്പെടുത്തിയാണ് വയനാട്ടിൽ സ്‌പെഷൽ സെൽ രൂപവത്കരിക്കുക. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കും. ഈ മാസം 15നകം യോഗം ചേർന്ന് സംസ്ഥാനാന്തര കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി. ഇതോടെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവുമെന്നാണ് പ്രതീക്ഷ.

കർണാടകയുടെ ചിപ്പിൽനിന്ന് നേരിട്ട് സിഗ്‌നൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കൈവശമില്ലെന്ന് ആനയുടെ വരവിനെക്കുറിച്ചുള്ള വനംവകുപ്പിന്റെ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഇപ്പോൾ വയനാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.