പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെതിരെ മോശം പരാമർശം നടത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ ഒടുവിൽ നടപടി. മാർ നിക്കോദിമോസിനെ ഡാഷ് മോനെ എന്നു വിളിച്ച് അധിക്ഷേപിച്ച സംഭവത്തിലാണ് ഓർത്തഡോക്‌സ് സഭ നടപടി എടുത്തത്.

നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിത്തതായി സഭ അറിയിച്ചു. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

ഒരു പുരോഹിതനും അദ്ധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവർത്തനം സഭാംഗങ്ങൾ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്.

ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാൻ സഭാപരമോ നിയമപരമോ ആയ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ ചാനൽ ചർച്ചയിൽ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേർന്നതല്ല. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു.

നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കൽ, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ കർശന നടപടിയെടുക്കാൻ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനുമേൽ സമ്മർദ്ദമേറിയിരു്‌നു. ഫാ.മാത്യൂസ് വാഴക്കുന്നത്തിനെതിരെ കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭാസ്ഥാനീയരും കതോലിക്കാ ബാവായെ നിലപാട് അറിയിച്ചു. ഇതോടൊയാണ് നടപടി എത്തിയത്. സഭാദ്ധ്യക്ഷന്റെ കല്പന പോലും കാറ്റിൽ പറത്തിയുള്ള ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ മോശം പരാമർശത്തിൽ കടുത്ത അതൃപ്തി സഭയ്ക്കുള്ളിൽ ഉയർന്നിരുന്നു. സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ തർക്കം രൂക്ഷമായി.

നേരത്തെ വൈദികർ അച്ചടക്കം ലംഘിക്കുന്നതിൽ ശക്തമായ താക്കീതുമായാണ് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിയിരുന്നു. എന്നാൽ അതും തർക്കം തീർക്കാൻ പോന്നതായില്ല. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടി.

ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്ന മാത്യൂസ് വാഴക്കുന്നം രൂക്ഷമായ വാക്കുകളിൽ അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. വൈദികരുടെ വാട്‌സ് അപ് ഗ്രൂപ്പുകളിൽ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു. ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നൽകിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയിൽ കൊണ്ട് ഇറക്കിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളും തുടങ്ങി സ്വഭാവദൂഷ്യ ആരോപണങ്ങൾ വരെ പരാതിയിലുണ്ട്. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം.

ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയുടെ പൂർണ്ണരൂപം

'നിലയ്ക്കൽ ഭദ്രാസനാധിപൻ എന്തെങ്കിലും വിശദീകരണം എന്നോട് ചോദിച്ചിട്ടുണ്ടെങ്കിൽ സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്ന കോനാട്ട് അച്ഛനോട് വിശദീകരിച്ചിട്ടുണ്ട്. ഈ നിക്കോദിമസ് ചെയ്തിട്ടുള്ള കാര്യങ്ങൾ പുറത്ത് വിടുന്നതാണ്.എന്റെ പേരിൽ ഒരു കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇദ്ദേഹത്തിനില്ല. എന്റെ നേരെ വന്ന വക്കീൽ നോട്ടീസിന് പകരമായിട്ടുള്ള ഒരു പ്രതികരണമാണ് ഞാൻ നടത്തിയിട്ടുള്ളത് .അതുകൊണ്ട് ജോഷ്യാ മാർ നിക്കോദിമോസ് തിരുമേനിയുടെ ഈ കൽപ്പന മാനിക്കാൻ സാധിക്കുകയില്ല. സഭയ്ക്ക് വസ്തുക്കച്ചവടം നടത്തുന്ന അച്ചന്മാർ മതിയെങ്കിൽ കൊണ്ട് നടന്നോളൂ ,എന്നെ മുടക്കിക്കോളൂ . ഞാൻ എങ്ങനെയുള്ള അച്ചനാണെന്ന് നാട്ടുകാർക്കറിയാം. മുടക്കണമെങ്കിൽ മുടക്കിക്കോ. നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ..'