- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ടുപോകലിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ ജീവനൊടുക്കുമെന്നും ജപ്തി ഭീഷണിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി! ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്ന് സംശയം; നഴ്സിങ് മേഖലയുമായി ബന്ധമില്ലെന്നും സൂചന; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ ചോദ്യം ചെയ്യൽ തുടരും; മൂന്ന് പേരേയും അറസ്റ്റ് ചെയ്തേയ്ക്കും
കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇനിയും വ്യക്തതകൾ വരുന്നില്ല്. പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകാത്തതാണ് ഇതിന് കാരണം. അതിനിടെ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നൽകിയത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇതിൽ പത്മകുമാറിനെ ആറ് വയസുകാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബത്തിന് കേസുമായി ബന്ധമില്ലെന്നാണ് പത്മകുമാർ ആദ്യം പറഞ്ഞത്. പിന്നീട് ഇത് മാറ്റി പറഞ്ഞു. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് താനാണെന്ന് പത്മകുമാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൂടെ സഹായികളായി ആരെല്ലാം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നില്ല. കുടുംബത്തിനും പങ്കുണ്ടെന്നാണ് സൂചന. ഒന്നിലേറെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാർ പദ്ധതിയിട്ടിരുന്നു. നിലവിൽ മൂന്ന് പേരും കസ്റ്റഡിയിലാണ്. എല്ലാവരേയും അറസ്റ്റ് ചെയ്യാനാണ് സാധ്യത. മൊഴികളിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇതെല്ലാം പരിശോധിച്ചാകും തീരുമാനം എടുക്കുക.
പൊലീസിനോട് പ്രതി പത്മകുമാർ പറഞ്ഞത് മുഴുവൻ നുണയാണെന്നും വിവരമുണ്ട്. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പത്മകുമാർ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടികളെ രണ്ട് പേരെയും തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും വിവരമുണ്ട്.
മകളുടെ വിദ്യാഭ്യാസത്തിന് വിദേശത്ത് പോകാനുള്ള പരീക്ഷ പാസാകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു കിട്ടാനായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. അടൂർ കെഎപി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് പ്രതി ഇക്കാര്യങ്ങൾ പറഞ്ഞത്. കുട്ടികളുടെ അച്ഛൻ പണം തിരികെ നൽകാത്തതിലുള്ള പ്രതികാരമായിരുന്നു നടപടിയെന്നും തനിക്ക് മാത്രമാണ് ഇതിൽ പങ്കെന്നും പറഞ്ഞ പ്രതി ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പറഞ്ഞിരുന്നു.
റോഡ് വീതി കൂട്ടുമ്പോൾ ചാത്തന്നൂരിലെ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നുവെന്നും പക്ഷെ നല്ല കച്ചവടം നടന്നില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സാമ്പത്തിക തകർച്ചയുണ്ടായ ഘട്ടത്തിൽ മകളുടെ വിദ്യാഭ്യാസത്തിന് പണം നൽകി. ഈ പണം തിരികെ കിട്ടാത്തത് പ്രതികാരത്തിലേക്ക് നയിച്ചു. തട്ടിക്കൊണ്ടുപോകലിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ ജീവനൊടുക്കുമെന്നും ജപ്തി ഭീഷണിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടരുന്നുണ്ട്.
പൊലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. ചാത്തന്നൂർ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിനു പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്ക് സ്വിഫ്റ്റ് ഡിസയർ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സ്വിഫ്റ്റ് കാർ വീട്ടിൽ ഉപേക്ഷിച്ച് നീലക്കാറിൽ കടന്നതായി വിവരം ലഭിച്ചു. ഈ രണ്ടു കാറുകൾ കണ്ടതോടെയാണ് അന്വേഷണം ദിശാബോധത്തിലെത്തിയത്.
കൊല്ലത്തുനിന്നുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളിയിൽനിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ സിഗ്നൽ പരിശോധിച്ചായിരുന്നു നീക്കം. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു പത്മകുമാറിന്റേത്. നിലവിൽ കോടികളുടെ കടമുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പൊലീസ് പരിശോധിക്കും. നേഴ്സിങ് മേഖലയുമായി ഈ തട്ടിക്കൊണ്ടു പോകലിന് ബന്ധമില്ലെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
പത്മകുമാറിന് സ്വന്തമായി ബേക്കറിയുണ്ട്. അതിൽ ജോലിക്കാരുണ്ടെന്നും പത്മകുമാർ പോവാറില്ലെന്നും നാട്ടുകാർ പറയുന്നു. ബേക്കറി ഇന്നും തുറന്നിരുന്നു. നാട്ടുകാർ ഇടപെട്ട് അടപ്പിക്കുകയായിരുന്നു. പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിങ് ബിരുദധാരിയാണ് പത്മകുമാർ. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. വീട്ടുമുറ്റത്തുള്ള കാർ പത്മകുമാറിന്റെ പേരിൽതന്നെയുള്ളതാണ്.
ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പത്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും. കുടുംബത്തിന് ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ല. നഴ്സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്നും നേരത്തേ വിവരങ്ങളുണ്ടായിരുന്നു. എന്നാൽ പത്മകുമാറോ മകളോ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരല്ല. മകൾ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട കോഴ്സാണ് പഠിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ