- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാലങ്ങളായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതെന്ന് പ്രധാനമന്ത്രി; 2024ൽ മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്നും ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾക്ക് മോദിയുടെ ഉറപ്പ്; വിരുന്നിലൂടെ മോദിയുടെ ശ്രമം മണിപ്പൂർ കലാപത്തിലെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാൻ

ന്യൂഡൽഹി: രാജ്യത്തിന് ക്രൈസ്തവ സമൂഹത്തിന്റെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലങ്ങളായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർപാപ്പയെ കാണാൻ കഴിഞ്ഞത് അസുലഭ നിമിഷമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവർ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് വിരുന്നിൽ പറഞ്ഞു.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഡൽഹിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്. കേരളം, ഡൽഹി, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷ്യന്മാരും പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു.
ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല. എങ്കിലും വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുക്കുന്നത്.
രാജ്യമെമ്പാടും ക്രിസ്മസ് ദിന ആശംസകൾ കൈമാറണമെന്ന് പ്രവർത്തകർക്ക് ബിജെപി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. തെക്കേ ഇന്ത്യയിലടക്കം ലോക് സഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തോടടുക്കാൻ ബിജെപി വലിയ ശ്രമം നടത്തുകയാണ്. കഴിഞ്ഞ കേരള സന്ദർശനത്തിൽ കൊച്ചിയിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മോദി കണ്ടിരുന്നു. മണിപ്പൂർ കലാപത്തിലൂടെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാൻ കൂടിയാണ് മോദിയുടെ ശ്രമം.
മതമേലധ്യക്ഷന്മാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള വ്യവസായികളും വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോർജും പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തു. അനിൽ ആന്റണിയും ടോം വടക്കനും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിരുന്നിനെത്തിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ക്ഷണം കിട്ടിയതിൽ സന്തോഷമുണ്ടെന്നുമാണ് വിരുന്നിനെത്തിയവരുടെ ആദ്യ പ്രതികരണം.
അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മതമേലധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്രിസ്തു നൽകിയ ഉപദേശങ്ങൾ ഏവരും ജീവിതത്തിൽ പകർത്തണമെന്നു പറഞ്ഞ ബിജെപി അധ്യക്ഷൻ ക്രിസ്മസ് ആശംസകൾ നേർന്ന ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി മോദി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.
ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുന്നൊരുക്കലും പള്ളി സന്ദർശനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. മണിപ്പുർ കലാപത്തെ തുടർന്ന് ബിജെപിയിൽനിന്ന് അകലം പാലിക്കുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ നിർത്താനാണ് ശ്രമമെന്നാണ് വിവരം. കേരളത്തിനു പുറമെ ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കായാണ് വിരുന്നൊരുക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.
അതേസമയം മണിപ്പൂരിൽ കുകി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. കുകി വിഭാഗത്തിനെതിരായ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടു നിൽക്കുന്നത്. മെയ്തെയ് വിഭാഗത്തിൽ നിന്നടക്കം തങ്ങൾക്ക് നേരെ ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് കുകി വിഭാഗക്കാർ പറയുന്നത്. തങ്ങളുടെ പള്ളികൾക്ക് നേരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും അവർ അക്രമം അഴിച്ചു വിടുകയാണെന്നും മണിപ്പൂരിൽ സംഘർഷമാരംഭിച്ച് ഏഴ് മണിക്കൂർ പിന്നിട്ടിട്ടും സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആയില്ലെന്നും അവർ ആരോപിക്കുന്നു.
വലിയ രീതിയിലുള്ള പ്രതിഷേധം മണിപ്പൂരിലുണ്ടാവാൻ സാധ്യതയുണ്ടെന്നും കുകി വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കാരുമായി പല തവണ ചർച്ച നടത്തിയിട്ടും തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പരാതി.


