ഗുരുവായൂർ: കസവു മുണ്ടും വേഷ്ഠിയും ധരിച്ച് തികഞ്ഞ ഭക്തനായി ഗുരുവായൂർ കണ്ണനെ കണ്ട് കൈ തൊഴുത് പ്രധാന മന്ത്രി നരേന്ദ്ര മോദി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി അൽപ്പം മുൻപാണ് ഗുരുവായൂരപ്പനെ കണ്ട് വണങ്ങിയത്. കസവു മുണ്ടും വേഷ്ഠിയും ധരിച്ച് തലയെടുപ്പോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്.

പ്രധാനമന്ത്രിക്കായി ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടക്കും. ക്ഷേത്രത്തിനുള്ളിൽ പ്രധാനമന്ത്രിയെ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 20 മിനിറ്റ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്. ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനുഗമിച്ചത്. പുറത്തെ സർക്കിളിൽ ദേവസ്വം ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം അംഗങ്ങൾ സ്വീകരിച്ചു.

ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ പങ്കെടുത്തു. ദമ്പതികൾക്ക് വരണമാല്യം എടുത്തു നൽകിയത് മോദിയായിരുന്നു. തുടർന്ന് മാറ്റ് നവ ദമ്പതികളെയും പ്രധാനമന്ത്രി ആശംസ അറിയിച്ചു. അൽപ്പ സമയത്തിനം മോദി തൃപ്രയാറിലേക്ക് പുറപ്പെടും.

എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടിൽ വൻ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയശേഷം റോഡ് മാർഗം എംജി റോഡ് വഴി കെപിസിസി ജംക്ഷനിലെത്തി. അവിടെ നിന്ന് ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെ തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി.