- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിച്ചഭൂമി കേസിൽ ലാന്റ് ബോർഡിൽ കള്ള സത്യവാങ്മൂലം നൽകിയ പി വി അൻവർ എം എൽ എയെ വിസ്തരിക്കണം; ജില്ലാ രജിസ്ട്രാർമാർ നൽകിയ എം എൽ എയുടെ ഭൂമി വിവരങ്ങളും മറച്ചുവെച്ചു; അൻവർ സത്യവാങ്മൂലങ്ങളിൽ മറച്ചുവെച്ച 50.49 ഏക്കർ ഭൂമിയുടെ രേഖകളും ലാന്റ് ബോർഡിൽ ഹാജരാക്കി പരാതിക്കാരൻ കെ വി ഷാജി
കോഴിക്കോട്: മിച്ചഭൂമി കേസിൽ തന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമി വിവരങ്ങൾ മറച്ചുവെച്ച് കള്ള സത്യവാങ്മൂലം നൽകിയെന്നാരോപിച്ച് പി.വി അൻവർ എംഎൽഎയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസിൽ കക്ഷിയായ ഭൂരഹിതനും, മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്ററുമായ കെ.വി ഷാജിയാണ് താമരശേരി താലൂക്ക് ലാന്റ് ബോർഡ് മുമ്പാകെ ഈ ആവശ്യമുന്നയിച്ചത്. പി.വി അൻവർ സത്യവാങ്മൂലങ്ങളിൽ മറച്ചുവെച്ച 50.49 ഏക്കർ ഭൂമിയുടെ രേഖകളും ഹാജരാക്കിയതായി ഷാജി പറഞ്ഞു.
ഇന്നു 31 ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് പരാതിക്കാരൻ തെളിവായി ഹാജരാക്കിയത്. ബിനാമി ഭൂമിയുടെ രേഖകളും ഇതിലുണ്ട്. ഇവയെല്ലാം പി.വി അൻവർ മറച്ചുവെച്ചതും ലാന്റ് ബോർഡ് കണ്ടെത്താത്തവയുമാണ്. ലാന്റ് ബോർഡ് കണ്ടെത്തിയ 22.82 ഏക്കർ കൂടി ചേർത്താൽ എംഎൽഎയുടെയും കുടുംബത്തിന്റെയും പേരിലുള്ളതും ബിനാമി ഭൂമികളുമടക്കം 73.31 ഏക്കർ ഭൂമിയുടെ രേഖകളാണ് പുറത്തുവന്നതെന്നും പരാതിക്കാരൻ പറഞ്ഞു.
ലാന്റ് ബോർഡിന്റെ ഓഥറൈസ്ഡ് ഓഫീസർ ബോധപൂർവ്വം പി.വി അൻവറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ മറച്ചുവെച്ചുവെന്ന ഗുരുതരമായ ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലാ രജിസ്ട്രാർമാർ കണ്ടെത്തി ലാന്റ് ബോർഡ് ചെയർമാന് സമർപ്പിച്ച കരട് പട്ടികയിൽ പെടാത്ത അൻവറിന്റെയും കുടുംബത്തിന്റെയും ഭൂമിയുടെ വിവരങ്ങൾ പോലും ഇക്കഴിഞ്ഞ ജൂലൈ 27ന് ഓഥറൈസ്ഡ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ മറച്ചുവെച്ചു. പരാതിക്കാരൻ കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് സമർപ്പിച്ച 6 വസ്തുവകകളുടെ വിവരങ്ങളും ഉൾപ്പെടുത്തിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാൽ അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഈ കേസിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി 6 മാസത്തിനകം പൂർത്തീകരിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ആദ്യ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാഞ്ഞതോടെ വീണ്ടു കോടതി അലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ മിച്ച ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ എംഎൽഎയായ അൻവറിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കൊണ്ട് കോടതി അനുവദിച്ച സമയപരിധികഴിഞ്ഞ് ഒന്നര വർഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെ ഹൈക്കോടതി തീർപ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് പുനരാരംഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയിൽ ഉപാധിരഹിതമായ മാപ്പപേക്ഷയോടൊപ്പം മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്ന് സോണൽ ലാന്റ് ബോർഡ് ചെയർമാനും താമരശേരി താലൂക്ക് ലാന്റ് ബോർഡ് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാരും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി കേസ് ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്