- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുക്കളുടെ വിവാഹം അമ്പലത്തിൽ; ക്രൈസ്തവരുടേത് പള്ളിയിൽ; ഇസ്ലാം മത വിശ്വാസികൾക്ക് മർക്കസിലും; മതവും രാഷ്ട്രീയവുമില്ല.... ഇവിടെ നടന്നത് കൈയടി കൊടുക്കേണ്ട മംഗല്യ മഹാമഹം; വധൂവരന്മാർക്കു ആഭരണവും വസ്ത്രങ്ങളും നൽകി; 800 വധൂവരന്മാർക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർക്കസിന്റെ മാതൃക
മലപ്പുറം: 800 വധൂവരന്മാർക്ക് മംഗല്യ സൗഭാഗ്യമൊരുക്കി പാടന്തറ മർക്കസിന്റെ മാതൃക. ഇന്നലെ നീലഗിരി പാടന്തറ മർകസിലാണ് മംഗല്യമഹാമഹം നടന്നത്. വിവിധ വിഭാഗങ്ങളിൽനിന്നുള്ളവരുടെ വിവാഹമാണു നടന്നത്.
ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരുടെ വിവാഹം അടുത്തുള്ള ക്ഷേത്രത്തിൽവെച്ചും, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽനിന്നുള്ളവരുടെ വിവാഹം അടുത്തുള്ള ക്രൈസ്്തവ ദേവാലയത്തിലുംവെച്ചു നടന്നു. മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവരുടേത് മാർക്കസിൽവെച്ചുതന്നെ നടന്നു.ഓരോ വധുവിനും അഞ്ചുപവന്റെ സ്വർണാഭരണവും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചു. സമീപത്തെ മുത്തുമാരിയത്തൻ ക്ഷേത്രത്തിൽവെച്ചു 37പെൺകുട്ടികളാണു ദാമ്പത്യജീവിതത്തിലേക്കു കാലെടുത്തുവെച്ചത്.
രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങ് നടന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക നേതാക്കളുമാണ് ഈ മഹാ ചടങ്ങിന് നേതൃത്വം നൽകിത്. വിവാഹം നടക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസമനുഭവിക്കുന്ന ഒരുപാടേറെ ആളുകളുള്ള തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് അർഹരായ വധു വരന്മാരെയാണ് ഇപ്രാവശ്യം പാടന്തറ മർക്കസും എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുംചേർന്നു സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യം ഒരുക്കിയത്.
കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിലുള്ള മറ്റ് പണികളിലും ഏർപ്പെട്ട് അന്നന്നത്തെ ജീവിതം കഷ്ടിച്ചു മുന്നോട്ടു നീക്കുന്ന കുടുംബങ്ങളാണ് ഇവിടങ്ങളിൽ മിക്കവരും. പ്രദേശത്തെ അറുപതോളം മഹല്ലുകളിലും ചേരികളിലും പ്രായമായിട്ടും വിവാഹം കഴിയാതെ നിൽക്കുന്നത് നൂറ് കണക്കിനാളുകളാണ്. ചായ തോട്ടങ്ങളിലും പാളികളിലും തേയിലത്തുമ്പ് നുള്ളി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഓരോ കുടുംബത്തിന്റെയും ഏക ജീവിതാശ്രയം. പ്രദേശത്തെ ഒട്ടേറെ നന്മ പ്രവർത്തനങ്ങളുടെ കേന്ദ്രമായ പാടന്തറ മർക്കസ് അതിന്റെ തുടക്കകാലം തൊട്ടുതന്നെ സമൂഹ വിവാഹമുൾപ്പെടെയുള്ള വിവിധ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വന്നിരുന്നു.
2014മാർച്ചിൽ 114വധൂവരന്മാർക്ക് വിവാഹ സ്വപ്നം യാഥാർത്ഥ്യമാക്കിയാണു സമൂഹ വിവാഹ പദ്ധതിക്കു തുടക്കമിട്ടത്. ശേഷം കൂടുതൽ വിപുലമാക്കിയ സമൂഹവിവാഹം വഴി ഇതിനകം 1120 വധൂവരന്മാർ ദാമ്പത്യത്തിന്റെ സ്നേഹവല്ലരിയിലേക്ക് സസന്തോഷം കടന്നുചെന്നിട്ടുണ്ട്.
2015 ഏപ്രിൽ 27 ന് തൊട്ടടുത്ത വർഷം 260 പേർക്ക് വിവാഹ സന്തോഷം സഫലമായി. ഓരോ വർഷവും വിവാഹ മുഹൂർത്തങ്ങൾ കഴിയുമ്പോൾ അർഹരായവരുടെ അപേക്ഷകൾ പതിന്മടങ്ങ് വർദ്ധിക്കും.
2017 ൽ 346 വധൂവരന്മാർക്ക് പാടന്തറ മർക്കസിലെ കതിർമണ്ഡപത്തിൽ മംഗല്യ സ്വപ്നങ്ങൾക്ക് മധുര സാക്ഷാത്കാരം സാധിച്ചു. 2019 ൽ 400 വധു വരന്മാർ ഈ സ്നേഹത്തിന്റെ നൂൽ ചരടിൽ ജീവിതത്തിന്റെ നിറമുള്ള മാല കോർത്തു.സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്ത മതക്കാരും പ്രസ്ഥാനക്കാരും എല്ലാം ഈ വിവാഹ പന്തലിൽ ഒരുമയുടെ സ്നേഹ വർണ്ണങ്ങൾ ചാലിക്കുന്നത് പുതുകാലത്തിന് മനോഹരമായ സന്ദേശങ്ങളാണ് പകരുന്നത്.
നാടിന്റെ വിവിധ യിടങ്ങളിൽ നിന്ന് അഭ്യൂദയകാംക്ഷികളായ അനേകം സുമനസ്സുകളുടെ നിസ്സീമമായ സഹകരണങ്ങൾ കൊണ്ടാണ് ഈ സ്നേഹ വിപ്ലവം ഓരോ വർഷവും പൂർവാധികം ശോഭയോടെ മുന്നോട്ട് പോവുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. മുസ്ലിം ഇതര മതസ്ഥർ അവരുടെ ആചാരപ്രകാരം പാടന്തറയിലെ അമ്പലങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമ്മങ്ങൾ നിർവഹിച്ച ശേഷം പ്രവിശാലമായ പന്തലിലെ ചടങ്ങിൽ സംബന്ധിക്കാൻ വിരുന്നെത്തി.
വിവാഹത്തിൽ പങ്കുചേരാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നവർക്ക് സുഭിക്ഷമായ ഭക്ഷണവും വിശാലമായ പന്തൽ സൗകര്യവും മാസങ്ങൾക്കു മുമ്പ് തന്നെയുള്ള മറ്റു സജ്ജീകരണങ്ങളും ഈ സമൂഹ വിവാഹത്തിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത സവിശേഷതകളായി മാറി. ചടങ്ങ് സമസ്ത കേരളാ ജമീഅത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്