തിരുവനന്തപുരം: റിപ്പബ്ലിക് ദിന തലേന്ന് അഞ്ചു പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. 17 പേർക്ക് പത്മഭൂഷണും. 110 പേർക്ക് പത്മശ്രീയും. 17 പത്മഭൂഷണിൽ അഞു പേരിൽ രണ്ടു പേർ കേരളത്തിൽ നിന്നും. ഒ രാജഗോപാലും ജസ്റ്റീസ് ഫാത്തിമാ ബീവിയും. ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് ആദരം. ഇതിനൊപ്പം കേരളത്തിന്റെ വളർത്തു മകളായ ഗായിക ഉഷാ ഉതുപ്പും. രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ നിന്നും രാജഗോപാലിനും ഫാത്തിമാബീവിക്കും അവാർഡ് നൽകിയത് ഏറെ ശ്രദ്ധേയമാണ്.

ന്യൂനപക്ഷ സമുദായ പ്രതിനിധിയായി ഉദിച്ചുയർന്ന താരകമാണ് ജസ്റ്റീസ് ഫാത്തിമാ ബീവി. ജസ്റ്റീസിന്റെ മരണം പോലും ചിലർ അവഗണിച്ചത് വാർത്തകളിൽ എത്തി. നവകേരള യാത്രാക്കാലത്ത് അന്തിമോപചാരം അർപ്പിക്കാൻ കേരളത്തിലെ മന്ത്രിമാർ പോലും എത്തിയില്ല. ആ മഹത് വ്യക്തിത്വത്തെയാണ് കേന്ദ്ര സർക്കാർ അംഗീകരിക്കുന്നത്. കേരള ബിജെപിയിലെ 'വാജ്‌പേയ്' ആണ്. ഒ രാജഗോപാൽ.

തിരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും ബിജെപിക്ക് ഇന്ന് പ്രശ്‌നങ്ങളാണ് രാജഗോപാലിന്റെ വാക്കുകൾ. നേമത്ത് കുമ്മനം രാജശേഖരന്റെ തോൽവിയിലും ഈ അടുത്ത കാലത്ത് ശശി തരൂർ തിരുവനന്തപുരത്ത് വീണ്ടും ജയിക്കുമെന്ന് പറയുകയും ചെയ്ത രാജഗോപാൽ. തരൂർ പ്രസ്താവനയിൽ രാജഗോപാൽ പിന്മാറ്റം നടത്തി. പിന്നാലെ പത്മഭൂഷൺ എത്തുന്നു. ബിജെപിയോട് ചേർത്ത് നിർത്തി തന്നെ രാജഗോപാലിനെ കൊണ്ടു പോകുമെന്ന സന്ദേശമാണ് ഇത് നൽകുന്ന്.

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർകോട്ടെ നെൽക്കർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസപ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം), ആധ്യാത്മികാചാര്യൻ മുനി നാരായണപ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി എന്നീ മലയാളികളാണ് പത്മശ്രീ പുരസ്‌കാരത്തിനർഹരായത്. ഇതിൽ അശ്വതി തിരുന്നാളിന് പുരസ്‌കാരം നൽകുന്നതും ചർച്ചകളുണ്ട്. താരകുടുംബാഗങ്ങളിൽ ഒരാൾ കേരളത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമാണ്. ഇതിനിടെയാണ് കുടുംബത്തിലെ പ്രധാന വ്യക്തിത്വത്തിന് പത്മശ്രീ നൽകുന്നത്.

പ്രാഞ്ചിയേട്ടന്മാർ എന്ന വിഭാഗത്തിനെ പൂർണ്ണമായും ഒഴിവാക്കി. മുമ്പ് വ്യവസായ പ്രമുഖരും ഡോക്ടർമാരും പങ്കിടുന്ന പുരസ്‌കാര ദാന കഥകളായിരുന്നു കേൾക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതു സംഭവിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പ്രാധാന്യവും നൽകുന്നു. ബംഗാളിൽ നിന്നും പ്രമുഖർക്കും അംഗീകാരം കിട്ടുന്നു. ഉഷാ ഉതുപ്പിനും മിഥുൻ ചക്രവർത്തിക്കും ബഹുമതിയുണ്ട്. ഇതിനൊപ്പം തമിഴ് സൂപ്പർ താരമായ വിജയകാന്തിനും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകുന്നു.

വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക് (സാമൂഹിക സേവനം - മരണാനന്തരം), പത്മ സുബ്രഹ്‌മണ്യം (കല) എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്. ജസ്റ്റിസ് ഫാത്തിമ ബീവി (പൊതുകാര്യം), ഹോർമുസ്ജി എൻ. കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാൽ, യങ് ലിയു, അശ്വിൻ ബാലചന്ദ് മെഹ്ത, സത്യഭാരത മുഖർജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, ഒ. രാജഗോപാൽ (പൊതുകാര്യം), ദത്തത്രായ് അംബദാസ് മയലൂ ഏലിയാസ് രാജ്ദത്ത്, തോഗ്ദാൻ റിൻപോച്ചെ (മരണാനന്തരം), പ്യാരിലാൽ ശർമ, ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂർ, ഉഷ ഉതുപ്പ്, വിജയകാന്ത് (മരണാനന്തരം), കുന്ദൻ വ്യാസ് എന്നിവരാണ് പത്മഭൂഷൺ ലഭിച്ചവർ.

ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറോ, ഗോത്രക്ഷേമപ്രവർത്തകൻ ജഗേശ്വർ യാദവ്, ഗോത്ര പരിസ്ഥിതി പ്രവർത്തകയും സ്ത്രീശാക്തീകരണപ്രവർത്തകയുമായ ചാമി മുർമു, സാമൂഹികപ്രവർത്തകൻ ഗുർവീന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകൻ ദുഃഖു മാജി, ജൈവ കർഷക കെ. ചെല്ലമ്മാൾ, സാമൂഹിക പ്രവർത്തകൻ സംഘാതൻകിമ, പാരമ്പര്യചികിത്സകൻ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവർത്തകൻ സോമണ്ണ, ഗോത്ര കർഷകൻ സർബേശ്വർ ബസുമതാരി, പ്ലാസ്റ്റിക് സർജറി വിദഗ്ധ പ്രേമ ധൻരാജ്, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാൾ ചന്ദ്ര സൂത്രധാർ, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാൽ, ഗഡ്ഡം സാമയ്യ, മാച്ചിഹാൻ സാസ, ജോർദാൻ ലെപ്ച, ബദ്രപ്പൻ എം, സനാതൻ രുദ്രപാൽ, ഭഗവത് പദാൻ, ഓംപ്രകാശ് ശർമ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിൻ, ഉമാ മഹേശ്വരി ഡി, അശോക് കുമാർ ബിശ്വാസ്, രതൻ കഹാർ, ശാന്തി ദേവി പാസ്വാൻ & ശിവൻ പാസ്വാൻ, യസ്ദി മനേക്ഷ ഇറ്റാലിയ എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുന്മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന നൽകി ആദരിച്ചിരിക്കുന്നത്.