കൊച്ചി: പത്മാ പുരസ്‌കാര ദാനത്തിലെ ചില വിഷയങ്ങൾ ചർച്ചയാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മമ്മൂട്ടിക്കും ശ്രീകുമാരൻതമ്പിക്കും പുരസ്‌കാരം നൽകാത്തതിനെയാണ് പ്രധാനമായും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നത്. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ കേരളത്തിൽ നിന്നും ഒ രാജഗോപാലിനായി പത്മഭൂഷൺ. മരണാന്തര ബഹുമതിയായി ജസ്റ്റീസ് ഫാത്തിമാ ബീവിക്കും നൽകി. ഇത് ചർച്ചകളിൽ എത്തി. പിന്നാലെ മമ്മൂട്ടി വിഷയം പ്രതിപക്ഷ നേതാവും ചർച്ചയാക്കുന്നു.

മലയാള സിനിമയിലേക്ക് വീണ്ടും പത്മഭൂഷൺ എത്തുമെന്ന് ഇത്തവണ ഏവരും കരുതി. പ്രേംനസീറിനു ശേഷം ഒരു മലയാള നടൻ പത്മഭൂഷൺ നേടുന്നത് 2019ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു നടൻ പത്മഭൂഷൺ നേടിയപ്പോൾ മലയാളികൾ അത് ആഘോഷിച്ചിരുന്നു. പത്മഭൂഷൺ നേട്ടം ഓർമ്മിപ്പിച്ച് പ്രേം നസീറിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു മോഹൻലാൽ. പ്രേം നസീർ 1983ലാണ് പത്മഭൂഷൺ നേടിയത്. 36 വർഷങ്ങൾക്ക് ശേഷം പത്മഭൂഷൺ ലഭിച്ചപ്പോൾ പ്രേംനസീറിനൊപ്പമുള്ള അപൂർവ്വ ഫോട്ടോയാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചത്. ഇത്തവണ വീണ്ടും ഈ പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തുമെന്ന് ഏവരും കരുതി. എന്നാൽ അന്തിമ പട്ടിക നിരാശയാണ് നൽകിയത്. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.

പത്മാ പുരസ്‌കാരത്തിൽ ഒന്നും മലയാളത്തിൽ നിന്നുള്ള നടന്മാർ സ്ഥാനം നേടിയില്ല. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ഇത് വാർത്തയുമായി. സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ നിറഞ്ഞതും പ്രതീക്ഷ മാത്രമായിരുന്നു. എന്നാൽ നേരത്തെ വാർത്തകളെത്തിയത് മമ്മൂട്ടിക്ക് തിരിച്ചടിയായി എന്നാണ് സൂചന. ഇതു കാരണമാണ് അവസാന നിമിഷത്തിൽ മമ്മൂട്ടിയെ മാറ്റി നിർത്തിയതെന്നാണ് സൂചന. അങ്ങനെ മോദി സർക്കാരിന്റെ രണ്ടാം വെർഷനും മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകിയില്ല. ഇതാണ് പ്രതിപക്ഷ നേതാവും ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചർച്ചയാക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ കാരിശ്ശേരി, നെടുമുടി വേണു , ഡോ. എം വി പിള്ള, ദീപൻ ശിവരാമൻ, ഡോ. വി എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്‌കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

പി.ഭാസ്‌കരൻ മാഷിന്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്‌ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്‌കാര പട്ടികയിൽ ആ പേരില്ലാത്തത്? രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.

എല്ലാ പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

അക്ഷതം വാങ്ങിയിട്ടും പത്മ ഇല്ല!

നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മമ്മൂട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ അക്ഷതം നൽകിയിരുന്നു. അത് സ്നേഹത്തോടെ സ്വീകരിച്ചതും കൈകൂപ്പി നിന്നതുമെല്ലാം ചർച്ചകളിലെത്തി. ഇതെല്ലാം പത്മാപുരസ്‌കാരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു. ഏതായാലും പത്മഭൂഷണിലെ മൂന്നാമനായി മലയാള സിനിമയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഒൻപത് മലയാളികൾക്കാണ് പത്മാ പുരസ്‌കാരം ഇത്തവണ കിട്ടുന്നത്. ഇതിനൊപ്പം മലയാളിയുടെ മരുമകളായ ഉഷാ ഉതുപ്പിനും പത്മഭൂഷൺ കിട്ടി. മലയാളിയായ പി ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തരമാണ് പത്മശ്രീ കിട്ടുന്നത്.

മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി ലഭിച്ചു. മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്വാൻ കമ്പനി ഫോക്സ്‌കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്. കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്‌ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്.

പത്മ പുരസ്‌കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.