ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ. രാജ്യം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും രാജ്യത്തിന്റെ വികസനത്തിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെന്നും ഇഷാഖ് ദാർ പറഞ്ഞു. മന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം പാക്കിസ്ഥാനാണെന്നും അതിന്റെ വികസനത്തിനും സമൃദ്ധിക്കും ഉത്തരവാദി അല്ലാഹുവാണെന്നുമാണ് ഇഷാഖ് ദാർ പറഞ്ഞത്. ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) മുതിർന്ന നേതാവ്. ഇസ്ലാമിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതിനാൽ പാക്കിസ്ഥാൻ പുരോഗമിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

''പാക്കിസ്ഥാനെ സൃഷ്ടിക്കാൻ അല്ലാഹുവിന് കഴിയുമെങ്കിൽ, അതിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും അവനു കഴിയും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ നയങ്ങളായിരുന്നു. അഞ്ച് വർഷം മുമ്പ് ആരംഭിച്ച 'നാടകം' കാരണം രാജ്യം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്''- പാക് ധനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിൽ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദ?ഗ്ധരുടെ മുന്നറിയിപ്പ്.

ആണവശക്തിയായ ഒരു രാജ്യം സാമ്പത്തിക സഹായം തേടുന്നത് ലജ്ജാകരമായ കാര്യമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പണമില്ലാത്ത രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും സൗഹൃദ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വായ്പകൾ ആവശ്യപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിക്കുകയാണ്. ലിറ്ററിന് 35 രൂപ വീതമാണ് ഉയർത്തിയത്. പാക്കിസ്ഥാൻ രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില കുത്തനെ വർധിപ്പിക്കാൻ കാരണം.

ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്ന് പാക്കിസ്ഥാൻ ധനമന്ത്രി ഇസ്ഹാഖ് ദർ പറഞ്ഞു. നിരക്ക് കുത്തനെ കൂട്ടിയതോടെ പെട്രോൾ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായതായി പാക്കിസ്ഥാൻ ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 11 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. കൂടാതെ മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റേയും വിലയും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 187 രൂപയുമാണ് പുതിയ വില. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നതിനിടെയാണ് ഇന്ധന വിലയും കുത്തനെ കൂട്ടിയത്.

ഗോതമ്പിനും തേയിലക്കും സവാളക്കും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം രാജ്യത്ത് തീവിലയാണ്. കൃത്രിമ ക്ഷാമവും ഇന്ധനം പൂഴ്‌ത്തിവെക്കലും വ്യാപകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അഥോറിറ്റി വില വർധിപ്പിക്കാൻ ശുപാർശ ചെയ്തതെന്നും അത്തരം സാഹചര്യങ്ങളെ ഇതിലൂടെ ചെറുക്കാനാകുമെന്നും ദറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.