പാലക്കാട്: ഗോ മൂത്രത്തിൽ നിന്നും ഇനി വൈദ്യുതിയും! കേരളമാണ് ഈ പരീക്ഷണ വിജയം നേടുന്നത്. മൂത്രത്തിൽനിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം എത്തുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കി രാജ്യം. ആദ്യഘട്ടത്തിൽ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകൾ 'സയൻസ് ഡയറക്ട്' എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധപ്പെടുത്തി. മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണം തുടരും.

ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടു നിർമ്മിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും കാത്തോഡായി എയർ കാത്തോഡും ഉപയോഗിച്ചിരിക്കുന്നു.50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതി ഉണ്ടാവുന്നത്. വൈദ്യുതിക്കൊപ്പം വളവും കിട്ടുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

പത്തെണ്ണമുള്ള ഒരു സെറ്റിൽനിന്ന് ശരാശരി 1.5 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈൽഫോൺ, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എൽ.ഇ.ഡി. വിളക്കുകൾ കത്തിക്കുമുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനിർണ്ണായകമായി ഈ പരീക്ഷണം മാറും. മാളുകളിലും മറ്റും വലിയ സാധ്യതയുള്ള പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷക വിദ്യാർത്ഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂത്രത്തിന്റെ ശേഷി കുറഞ്ഞുവരുന്നതോടെ മറ്റൊരു ചേംബറിലേക്ക് കുഴൽ വഴി മാറ്റും. ഒരു പൽചക്രമുപയോഗിച്ച് ഇവയെ കലർത്തും. അരമണിക്കൂർ കഴിയുമ്പോഴേക്കും പൊടിരൂപത്തിലുള്ള വളം അടിയും. ഫോസ്ഫറസ്, അമോണിയ, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതാകും ഈ വളം. ഇത് ചെടികൾക്ക് ദോഷമുണ്ടാക്കില്ല. വിപണിയിൽ ലഭ്യമായ വളങ്ങളിലുള്ളതിനു സമാനമായ അളവിലുള്ള ഘടകങ്ങൾ ഇതിലുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഒരു ലിറ്റർ മൂത്രത്തിൽനിന്ന് 10 ഗ്രാം വളം ഉണ്ടാവും. ബാക്കിവരുന്ന വെള്ളം, മണലും കല്ലും കരിയും നിക്ഷേപിച്ച കുപ്പിയിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കാം. ഈ വെള്ളം കുടിക്കാനല്ലാത്ത ആവശ്യങ്ങൾ ഉപയോഗിക്കാം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്.

മനുഷ്യമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാൽ ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാവും. പരിസ്ഥിതിയെ മലിനാമാകുന്ന തരത്തിലെ ഇടപെടലുകളും കുറയ്ക്കാം.