- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ഹൃദയാഘാതമുണ്ടായി; ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു; നാല് വയസുള്ള ആൺപുലി ചത്തത് 'ക്യാപ്ചർ മയോപ്പതി' കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന് വനംമന്ത്രി
പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് 'ക്യാപ്ച്ചർ മോയപ്പതി' കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. ആറ് മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ആ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നായിരുന്നു ഹൃദയസ്തംഭനം. നാലു വയസ്സുള്ള ആൺപുലിയാണ് ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി.
തീരെ സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റിയതിനു ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പുലർച്ചെ കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുടുങ്ങുകയായിരുന്നു. കാലിൽ പരിക്കേറ്റിരുന്നു.
കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഡോ. അരുൺ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പുലി ചത്തത്.
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട് ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു
പോസ്റ്റ്‌മോർട്ടത്തിനു ശേഷം ജഡം കത്തിക്കാനാണ് തീരുമാനം. ദേശീയ കടുവ സംരക്ഷണ അഥോറിറ്റി മാനദണ്ഡപ്രകാരം NTC മാനദണ്ഡപ്രകാരമുള്ള കമ്മിറ്റിയുടെ സംന്നിധ്യത്തിലാണ് പോസ്റ്റ് മോർട്ടം പോസ്റ്റ്‌മോർട്ടം നടന്നത്. സുവോളജിസ്‌റ്, രണ്ട് വെറ്റിനറി ഡോക്ടർമാർ, ലോക്കൽ ബോഡി പ്രതിനിധികൾ ചീഫ് വൈൽഡ് ലൈഫ്എ വാർഡന്റെ പ്രതിനിധി എന്നിവർ അടങ്ങിയതാണ് കമ്മിറ്റി.
മറുനാടന്‍ മലയാളി ബ്യൂറോ