- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അഥോറിറ്റി പിഴയിട്ടതു 1279 കോടി; കരാർ ലംഘനത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ചോദിക്കുന്നത് 1736.73 കോടി; പാലിയേക്കരയിൽ നിയമ യുദ്ധം; എല്ലാം ഒത്തുകളിയെന്നും സംശയം; 1135 കോടി പിരിച്ചിട്ടും സാധാരണക്കാരെ പിഴിയുമ്പോൾ
പാലിയേക്കര: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അഥോറിറ്റി പിഴയിട്ടതു വിവാദത്തിൽ. കേസ് പുതിയ തലത്തിലേക്ക് പോകുകയാണ്. കരാർ ലംഘനത്തിന് നിർമ്മാണച്ചെലവിന്റെ ഇരട്ടിയോളം പിഴയിട്ടിരുന്നു. 1279 കോടി രൂപ പിഴയീടാക്കണമെന്നു ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ) നിർദേശിച്ചത്. എന്നാൽ ഇത് ടോൾ കമ്പനി അംഗീകരിക്കുന്നില്ല. പിഴയും മറുപടി പിഴയുമായി ടോൾതർക്കം നിയമ കുരുക്കിലേക്ക് പോകുകയാണ്.
കരാർ വ്യവസ്ഥ ഏകപക്ഷീയമായി മാറ്റിയതിനു നഷ്ട പരിഹാരമായി 1736.73 കോടി രൂപ അഥോറിറ്റിയിൽ നിന്നു തിരികെയാവശ്യപ്പെട്ട് ടോൾ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും രംഗത്ത് വന്നു. 'ചേഞ്ച് ഓഫ് സ്കോപ്' ചട്ടപ്രകാരം നഷ്ടപരിഹാരം എത്രയുംവേഗം നൽകണമെന്നാവശ്യപ്പെട്ട് ടോൾകമ്പനി ആർബിട്രൽ ട്രിബ്യൂണലിനു പരാതിയും നൽകി. ടോൾപാതയുടെ നിർമ്മാണത്തിനു കരാർ കമ്പനിക്കു ചെലവായത് 721.25 കോടി രൂപയാണ്. പാലിയേക്കര ടോൾപ്ലാസ വഴി കഴിഞ്ഞ ജനുവരി 31 വരെ 1135.29 കോടി രൂപ ഇതിനകം ജനങ്ങളിൽനിന്നു പിരിച്ചെടുത്തു കഴിഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങൾ.
ടോൾപിരിവു തുടങ്ങിയിട്ടു 11 വർഷം കഴിഞ്ഞെങ്കിലും പലയിടത്തും സർവീസ് റോഡുകളുടെയും ഓടകളുടെയും നിർമ്മാണം പൂർത്തിയായിട്ടില്ല. അടിപ്പാത നിർമ്മാണപദ്ധതികളും സമയബന്ധിതമായി നടപ്പായില്ല. ഇതൊക്കെ കണക്കിലെടുത്താണു ദേശീയപാത അഥോറിറ്റി വൻതുക പിഴ നിർണയിച്ചത്. വിവരാവകാശത്തിലാണ് എല്ലാം വ്യക്തമാകുന്നത്. 682.71 കോടി രൂപ പിഴയിട്ടു എന്നാണ് ആദ്യം ലഭിച്ച രേഖയിലുണ്ടായിരുന്നതെങ്കിലും വിശദാംശങ്ങൾ തേടിയപ്പോൾ 1279.12 കോടി എന്നു തെളിഞ്ഞു. ഇത് ടോൾ കമ്പനി അംഗീകരിക്കുന്നില്ല. കരാർ വ്യവസ്ഥകളിൽ ദേശീയപാത അഥോറിറ്റി വരുത്തിയ മാറ്റങ്ങൾ മൂലം തങ്ങൾക്കു വൻ നഷ്ടം നേരിട്ടെന്നും പരിഹാരമായി 1736.73 കോടി രൂപ വേണമെന്നുമാണു കമ്പനിയുടെ അവകാശവാദം. ട്രിബ്യൂണലിലേക്കു പരാതി എത്തിയതോടെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ നൽകാനാകില്ലെന്നും അഥോറിറ്റി പറയുന്നു.
ഇപ്പോൾ നടക്കുന്നത് ഒത്തുകളിയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിഴ ഈടാക്കിയതും അതിനെതിരായ നീക്കവുമെല്ലാം കൂടുതൽ കാലം ടോൾ പിരിക്കുന്നതിലേക്ക് എത്തിക്കും. റോഡുകളുടെ നിലവാരം കൂടുന്നുമില്ല. 721.17 കോടി രൂപ ചെലവിലാണ് മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മിച്ചത്. 2012 ഫെബ്രുവരി ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചു. 2020 ജൂലായ് വരെ 801.60 കോടി രൂപ പിരിവിലൂടെ ലഭിച്ചിരുന്നു. കരാർ പ്രകാരം, നിർമ്മാണച്ചെലവ് സമാഹരിച്ചു കഴിഞ്ഞാൽ ടോൾ പിരിവിൽ 40 ശതമാനം കുറവ് വരുത്തേണ്ടതുണ്ടെന്നും എന്നാൽ ഈ വ്യവസ്ഥലംഘിക്കപ്പെടുകയാണെന്നും വാദമുണ്ട്.
കേരളത്തിലെ തൃശൂർ ജില്ലയിലാണ് പാലിയേക്കര. 2012 ന്റെ തുടക്കത്തിലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ദേശീയപാതാ അഥോറിറ്റി ബിൽറ്റ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ ഹൈവേയുടെ ഒരു ഭാഗം വികസിപ്പിച്ചെടുത്തതിനാലാണ് 2018 വരെ ടോൾ പിരിക്കാൻ അനുമതി നൽകിയത്. പിന്നീട് ഇതിന്റെ കാലാവധി നീട്ടി.
ഫാസ്ടാഗ് സംവിധാനവും ഇവിടെ നടപ്പിലാക്കിയിരുന്നു. ദേശീയ പാതകളിൽ ടോൾ പിരിവ് ഡിജിറ്റൽവത്ക്കരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ മുൻ ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ഒരു വശത്ത് കാർഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വൻസി ബാർ കോഡുമാണ് ഫാസ്ടാഗിലുണ്ടാകുക. ടോൾ ബൂത്തിൽ വാഹനം എത്തുമ്പോൾ തന്നെ കാർഡ് സ്കാൻ ചെയ്യുകയും പണം ഈടാക്കുകയും ചെയ്യും. അതിനാൽ ടോൾ പ്ലാസയിൽ വാഹനങ്ങൾ നിർത്തേണ്ട ആവശ്യമില്ല.
മറുനാടന് മലയാളി ബ്യൂറോ