- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുറപ്പിന് ഒപ്പിട്ട ശേഷം പോയത് മനുഷ്യച്ചങ്ങലയുടെ പണിക്ക്; മൂന്നു മേറ്റുമാർക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ; 70 തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം കൊടുക്കുന്നത് തടഞ്ഞു; ഓംബുഡ്സ്മാൻ ഉത്തരവ് വന്നത് പള്ളിക്കൽ പഞ്ചായത്തിൽ
അടൂർ: തൊഴിലുറപ്പ് പണി നടക്കുന്ന സ്ഥലത്ത് ചെന്ന് ഒപ്പുമിട്ട് ഫോട്ടോയുമെടുത്ത ശേഷം തൊഴിലാളികൾ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല തീർക്കാൻ പോയി. മൂന്നു മേറ്റുമാരെ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സസ്പെൻഡ് ചെയ്തു. 70 തൊഴിലാളികൾക്ക് ആ ദിവസത്തെ വേതനം നൽകുന്നതും തടഞ്ഞു.
പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം. മേറ്റുമാരായ ഓ.ലേഖ, എസ്. സുനിത, ടി. ശശികല എന്നിവരെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി, ബിജെപിയിലെ എം. മനു, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ എന്നിവർ നൽകിയ പരാതിയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ രാധാകൃഷ്ണക്കുറുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജനുവരി 20 ന് പഞ്ചായത്തിലെ 20-ാം വാർഡിൽ ഭൂമി തട്ടുതിരിക്കൽ, തീറ്റപ്പുൽ കൃഷി എന്നിവയുമായി ബന്ധപ്പെട്ട് ജോലി നടക്കുന്ന സ്ഥലത്ത് ചെന്ന് ഹാജർ രേഖപ്പെടുത്തി, ഫോട്ടോയും എടുത്തതിന് ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങലയ്ക്ക് പോയി എന്നാണ് പരാതി. ഓംബുഡ്സ്മാന്റെ നിർദ്ദേശപ്രകാരം ബിഡിഒ നടത്തിയ അന്വേഷണത്തിൽ 20-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലി സ്ഥലത്ത് മേറ്റുമാരും തൊഴിലാളികളും ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നും പദ്ധതി മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാതെ രാഷ്ട്രീയ സംഘടനകളുടെ പരിപാടിക്ക് പോയ മൂന്നു മേറ്റുമാരെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തൊഴിലാളികളുടെ വേതനം കുറവ് ചെയ്യുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുതെന്ന് തൊഴിലാളികളുടെ യോഗത്തിലും മേറ്റുമാരുടെ പരിശീലനത്തിലും പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും പ്രത്യേക നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ