പത്തനംതിട്ട: കറുപ്പ് വസ്ത്രം, കരിങ്കൊടി ഇതൊന്നും മുഖ്യമന്ത്രി വരുന്ന വഴിയേ പാടില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പൊലീസ് കണ്ടാൽ പൊക്കും. അതുകൊണ്ട് തന്നെ പത്തനാപുരത്ത് നവകേരള സദസ് നടക്കാനിരിക്കെയാണ് രഞ്ജിത് വേറിട്ട പ്രതിഷധവുമായി രംഗത്തെത്തിയത്. ശരീരം മുഴുവൻ വെള്ള പെയിന്റടിച്ചായിരുന്നു പ്രതിഷേധം. താൻ കറുപ്പ് നിറമാണെന്നും രാജാവ് എഴുന്നെള്ളുമ്പോൾ ഒരു ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കറുപ്പ് നിറത്തെ വെള്ളപൂശി മറച്ചതെന്നും രഞ്ജിത് പരിഹാസ രൂപേണെ പറഞ്ഞു. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, ഈ സാഹചര്യത്തിലാണ് ശരീരം മുഴുവൻ വെള്ള പെയിന്റ് അടിച്ചതെന്നുമായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.

നവകേരളയാത്രാ സംഘം എത്തുന്ന കൊട്ടാരക്കര-കിഴക്കേത്തെരുവ് പാതയിലെ തലവൂർ രണ്ടാലുംമ്മൂട് ജങ്ഷനിൽ രാവിലെ പത്തുമണിയോടെ വെള്ളച്ചായം പൂശിയ ഇരുമ്പ് കസേരയുമായി നിലയുറപ്പിച്ച രഞ്ജിത്തിനെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നവകേരള സംഘം എത്തും മുൻപ് രഞ്ജിത്തിനെ കുന്നിക്കോട് പൊലീസ് കരുതൽ കസ്റ്റഡിയിലേക്ക് മാറ്റി.

തലവൂർ പഞ്ചായത്തംഗം കൂടിയായ ബിജെപി പ്രാദേശിക നേതാവാണ് സി.രഞ്ജിത്. ഈശ്വരൻ തന്നെ സൃഷ്ടിച്ചത് കറുപ്പായിട്ടാണ്. താൻ പതിവായി കറുപ്പ് ധരിക്കുന്ന ആളുമാണ്, എന്നാൽ അത് തന്റെ മുഖ്യമന്ത്രി അഥവാ രാജാവിന് ഇഷ്ടമല്ല. അതിനാലാണ് ദേഹത്ത് വെള്ള പെയിന്റടിച്ചത്. ഇത് പ്രതിഷേധമല്ല, ഇവിടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും രഞ്ജിത്ത്് പറഞ്ഞു.

തന്റെ വാർഡിൽ വൈദ്യുതി സ്ഥിരമായി മുടങ്ങുന്നതിനെതിരെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് രഞ്ജിത്ത്. ബിൽ അടയ്ക്കാനായി ചില്ലറ നാണയങ്ങളുമായി കെഎസ്ഇബി ഓഫീസിലെത്തിയാണ് അദ്ദേഹം ഉദ്യോഗസ്ഥരെ കുഴപ്പിച്ചത്. തന്റെ വാർഡിലെ 9 പേരുടെ ബില്ലിന്റെ തുകയായി 7000 രൂപയുടെ നാണയമാണ് അദ്ദേഹം കെഎസ്ഇബി ഓഫീസിൽ നൽകിയത്.

തലവൂർ മേഖലയിൽ ദിവസവും പല തവണ വൈദ്യുതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്ഷൻ ഓഫിസിൽ അറിയിച്ചാൽ ഒഴിവു കഴിവ് പറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവെന്നും രഞ്ജിത്ത് ആരോപിച്ചിരുന്നു ഇതിനിടയിലാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചത്. പ്രതിഷേധത്തിനു പല വഴികൾ തിരഞ്ഞെടുത്തിട്ടും പ്രയോജനമില്ലെന്നു വന്നതോടെയാണ് പുതിയ മാർഗം തേടാൻ രഞ്ജിത്ത് തീരുമാനിച്ചത്. രണ്ടാലുംമൂട് വാർഡിലെ 9 പേരുടെ ബില്ലുകൾ ശേഖരിച്ച് മൊത്തം ബിൽതുകയായ പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി വൈദ്യുതി ഓഫിസിലെത്തി ബിൽ അടയ്ക്കുകയായിരുന്നു. ഇത്രയും തുക എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാർ ഏറെ സമയമെടുത്തു. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായിരുന്നു ഏറെയും.