- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹർത്താൽ ദിനം ഉയർത്തുന്നത് തോട്ടം തൊഴിലാളികളുടെ ആശങ്ക
ഗൂഡലൂർ: ഇന്നലെ മൂന്നര വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടാത്തതിൽ പന്തല്ലൂരിൽ പ്രതിഷേധം ശക്തം. പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താലാണ്. ഇന്നലെ രാത്രി ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടരും.
അമ്മക്കൊപ്പം നടന്നുപോകുമ്പോഴാണ് പന്തലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്റെ മകൾ മൂന്നര വയസ്സുകാരി നാൻസിയെ പുലി പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. സംഭവമറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തുകയും ഏറെ ദൂരെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഗുരുതര പരിക്കുകളേറ്റിരുന്ന കുട്ടിയെ പന്തലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഇന്നലെ അംഗൻവാടിയിൽ പോയി മടങ്ങിയ ബാലികയാണ് പുലിയുടെ ആക്രമണത്തെ തുടർന്ന് ദാരുണമായി കൊല്ലപ്പെട്ടത്.
നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ വച്ചാണ് പുലി ആക്രമിച്ചത്. രക്ഷിതാവിനൊപ്പം പോവുകയായിരുന്ന കുട്ടിയെ പതിയിരുന്ന് പുലി കൈക്കലാക്കുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് മാതാവ് ഫിലോൻദേവിക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് മൂന്നുവയസുകാരിയായ നാൻസിയെ പുലി പിടിച്ചത്. കുഞ്ഞിന്റെ അമ്മ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തിയതോടെ കുഞ്ഞിനെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് പുലി പോയി. പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഡിസംബർ 21ന് പ്രദേശത്ത് മൂന്ന് സ്ത്രീകൾ പുലിയുടെ ആക്രമണത്തിനിരയാകുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉപ്പട്ടിക്ക് സമീപം കൊളപള്ളിയിൽ നാലു വയസ്സുകാരിയും പുലിയുടെ ആക്രമണത്തിനിരയായി. പാന്തല്ലൂരിൽ നരഭോജി പുലിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ അന്വേഷണത്തിൽ ഒരേ പുലി തന്നെയാണ് ആക്രമിക്കുന്നതെന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. പുലിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊളപ്പള്ളിയിൽ ഹർത്താൽ നടത്തിയിരുന്നു.
പുലിയെ വെടിവെക്കാൻ ഉത്തരവിറങ്ങിയിരിക്കെയാണ് ശനിയാഴ്ച കുട്ടിയെ കൊന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. രാത്രി വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയിൽ കുടുങ്ങി.
നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം ഉൾപ്പടെ തടസപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി വളർത്തുമൃഗങ്ങളെയും പുലി പിടികൂടിയിരുന്നു.