- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൾ മിസ്സിങ് ആണെന്ന് അറിഞ്ഞത് ഇന്നലെ; ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ ട്വിസ്റ്റുകൾക്ക് ശേഷവും മുൻനിലപാട് ആവർത്തിച്ച് പെൺകുട്ടിയുടെ പിതാവ്. മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ രംഗത്ത് വന്നത്. മകൾ മിസ്സിങ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.
മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകൾ തിരുവനന്തപുരത്തെ ഓഫീസിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് പോയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അവൾ ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ മൂന്നാം തീയതി മുതൽ 21-ാം തീയതി വരെ മകൾ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് മകളെ കാണാനില്ലെന്ന് പരാതി നൽകി. കേസിൽ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
രാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് പോയപ്പോൾ ഞങ്ങൾ കണ്ടതും മകൾ പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസിൽ പരാതിനൽകിയത്. മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെ പിടികൂടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായാണ് പൊലീസിൽനിന്ന് ലഭിച്ച വിവരം. അതിനിടയിലാണ് മകളുടെ മൊഴിമാറ്റം, അദ്ദേഹം വ്യക്തമാക്കി.
മകൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും അത് രാഹുലിന്റെ സമ്മർദ്ദം കാരണമാകാമെന്നുമാണ് പിതാവ് പറയുന്നത്. വിവാഹം കഴിച്ച ആളെന്ന നിലയിൽ രാഹുലിനോട് മകൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും പരാതിക്കാരിയുടെ പിതാവ് പറഞ്ഞു.
അതേസമയം, പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നൽകുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നൽകിയിരിക്കുകയാണ് പരാതിക്കാരി. തുടർനടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. എന്നാൽ, തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താൻ സേഫാണെന്നുമാണ് യുവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്.