- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതിയ സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പഴയ കെട്ടിടം വിട്ടുകൊടുക്കാതെ പരിയാരം പൊലീസിന്റെ കളി; കൈമാറ്റം നടപ്പില്ലെന്ന് പൊലീസ് വാശി പിടിക്കുമ്പോൾ കയ്യേറ്റം ഒഴിപ്പിക്കാൻ വഴി കാണാതെ പരാതിയുമായി ആരോഗ്യ വകുപ്പും
കണ്ണൂർ: പരിയാരം പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും പഴയ സ്റ്റേഷൻ കെട്ടിടം, ആരോഗ്യവകുപ്പിന് വിട്ടുകൊടുക്കുന്നില്ലെന്ന്പരാതി. ഇതുവരെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. താൽക്കാലികമായിട്ടാണ് ടിബി സാനിട്ടോറിയം സൂപ്രണ്ടിന്റെ ക്വാർട്ടേഴ്‌സും പിന്നീട് കാന്റീനുമായി പ്രവർത്തിച്ച കെട്ടിടം പൊലീസ് സ്റ്റേഷൻ ആരംഭിക്കാനായി ആരോഗ്യവകുപ്പ് വിട്ടു നൽകിയത്.
ഈ വർഷം മാർച്ച് 6നാണ് പുതിയ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞത്. ഇപ്പോൾ പൂർണമായും പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണ്. 8500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ ഒന്നാണ്. എന്നാൽ, ഇപ്പോഴും പഴയ കെട്ടിടം വിട്ടുകൊടുക്കാൻ പൊലീസ് തയ്യാറല്ല.
പൊലീസിലെ ചിലരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി പഴയ സ്റ്റേഷൻ കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ പരാതി. കെട്ടിടം ആരോഗ്യവകുപ്പിന് വിട്ടു നൽകാതിരിക്കാൻ വേണ്ടി സ്റ്റേഷനിലെ പഴയ ചില സാധനങ്ങൾ ഇപ്പോഴും ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കെട്ടിടം ഇപ്പോൾ വിട്ടുകൊടുക്കേണ്ട എന്നാണ് വകുപ്പ് തലത്തിൽ നിന്ന് വാക്കാൽ കിട്ടിയ ഉത്തരവ് എന്നാണ് പൊലീസ് പറയുന്നത്.
പുതിയ കെട്ടിടം നിർമ്മിക്കാൻ ആരോഗ്യവകുപ്പിന്റെ കയ്യിലിരുന്ന 50 സെന്റ് സ്ഥലമാണ് പൊലീസ് സ്റ്റേഷനായി വിട്ടു നൽകിയത്. മെഡിക്കൽ കോളേജിനും ആയുർവേദ മെഡിക്കൽ കോളേജിനും ഔഷധിക്കും വിട്ടു നൽകിയ ശേഷവും രേഖ പ്രകാരം 45 ഏക്കർ സ്ഥലം ആരോഗ്യവകുപ്പിന് ഉണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ കയ്യേറിയ നിലയിലാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് വകുപ്പ് ആരോഗ്യവകുപ്പിന്റെ മറ്റൊരു സ്ഥലം കൂടി കയ്യേറിയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്