ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും സുരക്ഷയുള്ളത് പാർലമെന്റിലാണ്. ഈച്ചയെ പോലും കടക്കാത്ത സുരക്ഷ. ലോക്‌സഭയിലേക്കും മറ്റും പോകുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. പേനയും നാണയ തുട്ടുകളും അടക്കം പരിശോധിക്കും. ദേഹമാകെ സ്‌കാൻ ചെയ്യും. എന്നിട്ടും ഇന്നവർ സ്‌മോക്ക് ബോംബുമായി പാർലമെന്റിലെത്തി. സന്ദർശക ഗാലറിയിൽ നിന്നും ശൂന്യ വേളയ്ക്കിടെ ലോക്‌സഭയിലേക്ക് ചാടിയിറങ്ങി. ഷൂവിൽ നിന്നും ആ ഉപകരണം പുറത്തെടുത്തു. പിന്നെ പുക നിറച്ചു. രണ്ടു പേർ രാജ്യത്തെ ഞെട്ടിച്ചു. ഇതേ സമയം ഗാലറിയിൽ പിന്തുണയ്ക്കാൻ വേറേയും ആളുണ്ടായിരുന്നു. രണ്ടു പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. ഇങ്ങനെ പ്രതിഷേധിക്കാൻ എത്തിയവരുടെ കൈയിൽ ആധാർ കാർഡും ഉണ്ടായിരുന്നു.

വന്ദേ ഭാരതം... ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ വിളിച്ചത്. ഹരിയാന സ്വദേശിയായ 42കാരിയാണ് അറസ്റ്റിലായ ഒരാൾ. മഹാരാഷ്ട്രയിൽ നിന്നുള്ള യുവാവും പിടിയിലായി. വിദ്യാർത്ഥികൾ എന്നാണ് അവർ പറയുന്നത്. ലോക്‌സഭയെ കുറിച്ച് വ്യക്തമായ പദ്ധതികൾ അവർക്കുണ്ടായിരുന്നു. സന്ദർശക ഗാലറിയിൽ നിന്നും ഇവർ താഴേക്ക് ചാടാനുള്ള സ്ഥലം പോലും ഇവർ നേരത്തെ മനസ്സിലാക്കിയിരുന്നു. സർക്കാരിനെതിരായ മുദ്രാവാക്യമാണ് വിളിച്ചത്. ജയ് ഭീം ജയ് ഭീം എന്നും മുദ്രാവാക്യ.ം വിളിക്കാൻ അവർ ശ്രദ്ധിച്ചു. നീലം, അമോൽ ഷിൻഡേ എന്നിവരാണ് അറസ്റ്റിലായത്. പാർലമെന്റിന് അകത്ത് പ്രതിഷേധിച്ചവരുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ലോക്‌സഭാ ചേമ്പറിനുള്ളിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ പ്രതിഷേധം ഉയരുന്നത്. സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ച് പക ഉണ്ടാക്കാനുള്ള ഉപകരണം ലോക്‌സഭാ ഗാലറി വരെ എത്തി എന്നതാണ് ഏറ്റവും ഗുരുതര വീഴ്ച.

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് എംപിമാരും സമ്മതിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദർശക ഗാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് സന്ദർശക ഗാലറിയിൽ ഇരിക്കുക. ചാടിയ രണ്ടു പേരേയും എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. ലോക്‌സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.

ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്‌പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്. ബിജെപി എംപി നൽകിയ പാസാണ് പിടിയിലായ ഒരു യുവാവിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് സൂചന. മഞ്ഞനിറത്തിലുള്ള കളർസ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. കളർ സ്‌പ്രേയുമായി രണ്ടുപേർ പാർലമെന്റിനു പുറത്തും പ്രതിഷേധിച്ചു. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. അസ്വാഭാവിക സംഭവത്തിൽ ഭയന്ന ചില എംപിമാർ പുറത്തേക്കോടി. സുരക്ഷാവീഴ്ചയെ തുടർന്ന് സഭ അപ്പോൾ നിർത്തിവച്ചു. ആശങ്ക മാറിയ ശേഷം വീണ്ടും സഭ തുടങ്ങി.

പാർലമെന്റിൽ കളർ സ്‌പ്രേയുമായി ചേംബറിലേക്ക് ചാടിയ ഒരാളുടെ കൈവശം ബിജെപി എംപി നൽകിയ പാസ് ഉണ്ടെന്നാണ് വിവരം. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പാസ് നൽകിയ കാര്യത്തിൽ വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളർ സ്‌പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പ്രതികരിച്ചു. യെല്ലോ കളറിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാർ പറയുന്നത്.

പാർലമെന്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി.