- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനും; പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച വനിത ഹിസാർ സ്വദേശിനിയായ നീലം; ഒപ്പമുണ്ടായിരുന്നത് അമോൽ ഷിൻഡേയും; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികൾ; പശ്ചാത്തലം തിരഞ്ഞ് അന്വേഷണ ഏജൻസികൾ
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടന്നുകയറി അതിക്രമം കാണിച്ച രണ്ടു പേരെയും പുറത്തു പ്രതിഷേധിച്ച രണ്ട് പേരെയും അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനുമാണ്. പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച വനിത ഹിസാർ സ്വദേശിനിയായ നീലവും. ഒപ്പമുണ്ടായിരുന്നത് അമോൽ ഷിൻഡേ എന്ന യുവാവുമാണ്. ഇവർ തങ്ങൾക്ക് സംഘടനകൾ ഒന്നുമില്ലെന്നും സൈബറിടത്തിലൂടെ പരിചയപ്പെട്ടവരാണെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ അന്വേഷണം വിപുലമാക്കി ഇന്റലിജൻസ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പാർലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരുകയാണ്. മൈസൂർ സ്വദേശി മനോരഞ്ജന്റെ വീട്ടിൽ ഇന്റലിജന്‌സ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
പൊലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥർ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഇവരിൽനിന്ന് കണ്ടെടുത്ത രേഖകൾ തുടർപരിശോധനകൾക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ നാലുപേർക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികൾ പാർലമെന്റിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐബി മറ്റ് അന്വേഷണ ഏജൻസികളേയും ബന്ധപ്പെടുന്നുണ്ട്.
പിടിയിലായവരിൽ സാഗർ ശർമ, മനോരജ്ഞൻ എന്നിവർ മൈസൂർ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സർവകലാശാലയിൽ എൻജിനിയറിങ് വിദ്യാർത്ഥിയാണ് സാഗർ. 35-കാരനായ മനോരജ്ഞൻ എൻജിനീയറിങ് ബിരുദധാരിയാണ്. ഇവർ രണ്ടുപേരുമാണ് പാർലമെന്റിനുള്ളിൽ അതിക്രമം കാണിച്ചത്. എന്തിനാണ് ഇവർ അതിമ്രണം കാണിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്.
ഇവർക്ക് പുറമേ മറ്റ് രണ്ടു പ്രതികളായ നീലം, അമോൽ എന്നിവരെ പാർലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാണ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. അതേസമയം നീലം, അമോൽ എന്നിവർ ആക്രമണ സമയത്ത് മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയൽ കാർഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാർലമെന്റിൽ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാർലമെന്റിനുള്ളിൽ അക്രമണമുണ്ടായത്. സന്ദർശക ഗാലറിയിലിരുന്ന രണ്ടുപേർ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എംപിമാർ ചേർന്നാണ് ഇരുവരേയും പിടികൂടിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പ്രതികളിൽ സാഗർ ശർമ്മയുടെ കൈവശമുണ്ടായിരുന്നത് ബിജെപി മൈസൂർ എംപിയായ പ്രതാപ് സിംഹ നൽകിയ സന്ദർശക പാസായിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിലാണ് സംഭവം. പാർലമെന്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെന്റിന് അകത്തേക്ക് കളർ സ്‌പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെന്റ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.