- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രതികൾ തമ്മിൽ നാലുവർഷമായി പരിചയം; ആസൂത്രണം ദിവസങ്ങൾക്ക് മുമ്പ്; താമസിച്ചത് അഞ്ചാമന്റെ ഗുരുഗ്രാമിലുള്ള വീട്ടിൽ; അക്രമിക്ക് പാർലമെന്റിലേക്ക് പാസ് അനുവദിച്ച ബിജെപി എംപി സ്പീക്കറെ കണ്ട് വിശദീകരണം നൽകി; മൈസൂരുവിലെ പ്രതാപ് സിംഹയുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
ന്യൂഡൽഹി: പാർലമെന്റ് അതിക്രമിച്ചുകയറിയതിൽ അഞ്ചാമത്തെയാൾ പിടിയിതിന് പിന്നാലെ ആറാമനെയും തിരിച്ചറിഞ്ഞു. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത്. വിക്രം എന്നയാളാണ് ആറാമെന്നും പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ നാലുപേർ പിടിയിലായിരുന്നു. സംഘത്തിൽ ആറുപേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു.
അഞ്ചാമാനയ ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു. പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്മോക് സ്പ്രേ ലോക്സഭയിൽ ഉയർത്തി വിടുകയും ചെയ്തു.
സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർത്ഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്മോക് സ്പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39) എന്നിവരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരസ്പ്പരം അറിയാവുന്നവരാണ് പ്രതിഷേധം നടത്തിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പരസ്പരം അറിയാമായിരുന്ന ഇവർ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നാലു വർഷമായി പ്രതികൾ തമ്മിൽ പരിചയമുണ്ട്. കുറച്ചുദിവസം മുൻപാണ് പാർലമെന്റിൽ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തത് എന്നാണ് സൂചനകൾ.
അതിനിടെ പാർലമെന്റിൽ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തിൽ പ്രതികളിൽ ഒരാൾക്ക് സന്ദർശക പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. അക്രമിയുടെ കൈവശം പ്രതാപ് സിംഹയുടെ ഓഫീസ് അനുവദിച്ച സന്ദർശക പാസ് കണ്ടെടുത്തത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. പാസ് അനുവദിച്ച സാഹചര്യം സംബന്ധിച്ച കാര്യങ്ങളിൽ പ്രതാപ് സിംഹ സ്പീക്കർക്ക് വിശദീകരണം നൽകി.
പിടിയിലായ അക്രമികളിൽ ഒരാളായ സാഗർ ശർമയുടെ പിതാവ് മൈസൂരുവിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽ താമസിക്കുന്ന ആളാണെന്നും പുതിയ പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ അദ്ദേഹം പാസ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചതായാണ് വിവരം. പാർലമെന്റ് സന്ദർശനത്തിനായി തന്റെ പേഴ്സണൽ അസിസ്റ്റന്റുമായും ഓഫീസുമായും അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ കൂടുതൽ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ മൈസൂരുവിലെ പ്രതാപ് സിംഹയുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. 'ബിജെപി എംപിയുടെ പാസിൽ പാർലമെന്റിൽ കടന്നുകയറ്റം' എന്ന അടിക്കുറിപ്പോടെ പ്രതാപ് സിംഹയും മോദിയും ഒന്നിച്ചുള്ള ചിത്രം ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവെച്ചും കോൺഗ്രസ് പരിഹസിച്ചു.
സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയിലാണ് അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. ലോക്‌സഭയ്ക്കുള്ളിൽ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുൻപാണ്, പാർലമെന്റിന് പുറത്ത് നീലം ദേവിയും അമോൽ ഷിൻഡേയും ചേർന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തിയതും മുദ്രാവാക്യങ്ങൾ മുഴക്കിയതും.
പാർലമെന്റ് മന്ദിരത്തിനുള്ളിൽ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തിൽ അന്വേഷണം വിപുലമാക്കി ഇന്റലിജൻസ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പാർലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരുകയാണ്.
പൊലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥർ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഇവരിൽനിന്ന് കണ്ടെടുത്ത രേഖകൾ തുടർപരിശോധനകൾക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ നാലുപേർക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികൾ പാർലമെന്റിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഐബി മറ്റ് അന്വേഷണ ഏജൻസികളേയും ബന്ധപ്പെടുന്നുണ്ട്.