ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമം കാട്ടിയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെയും ഡൽഹി പട്യാല കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മനോരഞജൻ.ഡി, സാഗർ ശർമ, അമോൽ ഷിൻഡെ, നീലം എന്നിവരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക ജഡ്ജി ഹർദ്വീപ് കൗറിനുനുമുന്നിലാണ് പ്രതികളെ പൊലീസ് ഹാജരാക്കിയത്.

നാലുപ്രതികളും ചെയ്തത് തീവ്രവാദ പ്രവർത്തനവും ഭയപ്പെടുത്തലുമായിരുന്നുവെന്നും ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. 15 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നൽകിയത്. എന്നാൽ ഇതിനെ പ്രതിഭാഗം എതിർത്തു. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ രണ്ടോ മൂന്നോ ദിവസം മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്കുവേണ്ടി അഭിഭാഷകർ ഹാജരാവാത്തതിനാൽ ഇവരുടെ നിയമ സഹായത്തിനായി അഭിഭാഷകനെ കോടതി നിയമിക്കുകയായിരുന്നു.

സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കിൽ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ഷൂസിനുള്ളിൽ വെച്ച് പുകക്കുഴലുകൾ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ലഖ്നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് ക്യാനിസ്റ്ററുകൾ വാങ്ങിയത്. പ്രതികൾ ചില ലഘുലേഖകൾ കൈവശം വച്ചിരുന്നതായും പൊലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യിൽ കരുതിയ ലഘുലേഖയിൽ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും ലഘുലേഖയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധനിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളടക്കം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ നേരത്തെ ചുമത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 452, 153, 186, 353 കുപ്പുകൾ പ്രകാരവുമാണ് കേസ്.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

പാർലമെന്റിലെ അതിക്രമം മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് ഡൽഹി പൊലീസ്. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ലളിത് ഝാ താമസിച്ചിരുന്നതുകൊൽക്കത്തയിലാണ്. അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭഗത് സിങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.