- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരാമർശിക്കാനും പാടില്ല; കൊച്ചി കാർണിവലിൽ 'ഗവർണറും തൊപ്പിയും' നാടകത്തിന് ഭാഗിക വിലക്ക്; വിലക്ക് വന്നത് ബിജെപിയുടെ പരാതിയിൽ

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന നാട്ടക് കൊച്ചി മേഖല കമ്മിറ്റിയുടെ 'ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്. സബ് ഡിവിഷണൽ മെജിസ്ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേർപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ നാടകം അവതരിപ്പിക്കാനിരിക്കേയാണ് വിലക്ക്.
നാടകത്തിൽ എവിടേയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്രസംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി, വേഷം, മതപരമായ കാര്യം തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ഫോർട്ട്‌കൊച്ചി ആർഡിഒയുടെ ഉത്തരവ്.

ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാർ കമ്മത്ത് നൽകിയ പരാതിയിലാണ് നടപടി. ഫോർട്ട് കൊച്ചി പൊലീസ്, സബ് കളക്ടർ എന്നിവരും നാടകം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാടകത്തിന്റെ പേര് മാറ്റണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന നാടകം എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഗവർണർ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ആണ് വിലക്ക് നോട്ടീസ് കിട്ടിയത്. വിലക്കിയതിനു എതിരെ പ്രതിഷേധിക്കും എന്ന് തിയേറ്റർ അംഗങ്ങൾ പറഞ്ഞു. ക്രിസ്റ്റഫർ ഫെഡറിക് ഷില്ലർ എഴുതിയ ജർമ്മൻ നാടകത്തിന്റെ മലയാളം രൂപത്തിന്റെ ചെറിയ ഭാഗമാണ് ഈ നാടകത്തിൽ അവതരിപ്പിക്കുന്നത്. മുൻപ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം നാടകത്തിന്റെ പേരു മാറ്റാനോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതി തേടി അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാനാണ് ശ്രമമെന്നും നാട്ടക കൊച്ചി മേഖല കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.


