- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രെഗ്നൻസി ടെസ്റ്റ് പോസീറ്റീവ്! സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും ഒരേ സമയം പോസ്റ്റിടുമ്പോൾ സോഷ്യമീഡിയയിൽ ചർച്ചകൾ കാടുകയറി; ചലച്ചിത്ര പ്രവർത്തകരുടെ വെളിപ്പെടുത്തലിൽ ഒളിച്ചിരിക്കുന്നത് വണ്ടർ വുമൺ എന്ന പ്രൊഡക്ഷൻ ഹൗസ്; പാർവ്വതി സംവിധായകയാകും..... നിർമ്മാണം അഞ്ജലി മേനോനോ?
കോഴിക്കോട്: സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് പ്രെഗ്നൻസി ടെസ്റ്റിലെ ഫോട്ടോയാണ്. മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും. ഇവർ മൂന്നു പേരും പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് എന്ന തരത്തിൽ പ്രതീകാത്മകമായി ഫോട്ടോ പങ്കുവച്ചിരുന്നു. ഇതിനെ ചുവടു പിടിച്ചാണ് പലതരം ചർച്ചകൾ നടത്തിയത്. ഇവരുടെ സുഹൃത്തായ നടി ഗർഭിണിയായോ എന്ന തരത്തിലും ചർച്ചകൾ അതിരുവിട്ടു. സർഗോസി സാധ്യതകളിലേക്കും സോഷ്യൽ മീഡിയ കടന്നു. ഓൺലൈൻ മാധ്യമങ്ങളെ പരിഹസിച്ചും ചർച്ചകളെത്തി. എന്നാൽ ഇതെല്ലാം അസ്ഥാനത്താണ്. പുതിയൊരു സിനിമാ പ്രൊഡക്ഷൻ ഹൗസ് മലയാളത്തിലേക്ക് എത്തുന്നു. വണ്ടർ വുമൺ എന്ന പേരിലാകും ഈ പ്രൊഡക്ഷൻ ഹൗസ്. അതാണ് ഈ സിനിമാക്കാരികളുടെ പോസ്റ്റിൽ ഒളിച്ചിരിക്കുന്നത്.
അഞ്ജലി മേനോന്റെ നേതൃത്വത്തിലാണ് ഈ പ്രൊഡക്ഷൻ ഹൗസ് എന്നാണ് സൂചന. ഈ നിർമ്മാണ സംരംഭത്തിന്റെ ആദ്യ ചിത്രം പാർവ്വതി സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്. മലയാള സിനിമയിലെ തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ അവസരം നഷ്ടമാകുന്നവർക്ക് പ്രതീക്ഷയാവുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സ്ത്രീ പക്ഷ ചിന്തകൾ വെള്ളിത്തിരയിൽ ചർച്ചയാക്കാനാണ് ശ്രമം. ഇതിന് വേണ്ടിയാണ് പുതിയ പ്രൊഡക്ഷൻ ഹൗസുമായി വിമൻ ഇൻ സിനിമാ കളക്ടീവിലെ പ്രമുഖരുടെ വരവ്. പുതിയ പ്രോജക്ടിന്റെ വിശദാംശങ്ങൾ ആരും പുറത്തു വിട്ടിട്ടില്ല. ബിഗ് ബജറ്റ് സിനിമയാകും ഒരുങ്ങുകയെന്നാണ് സൂചന. സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും. ഇവർക്ക് എന്നും പിന്തുണ നൽകുന്ന വ്യക്തിയാണ് നിർമ്മാതാവും കഥാകൃത്തുമായ അഞ്ജലി മേനോൻ.
നടിയെ ആക്രമിച്ച കേസിൽ ഇരയ്ക്കൊം ഉറച്ചു നിന്ന നടിയാണ് പാർവ്വതി തിരുവോത്ത്. സിനിമയിലെ കള്ളമുഖങ്ങളെ പൊളിച്ചു കാട്ടിയ നടി. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വേണ്ടി നിലയുറപ്പിച്ച വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടമുണ്ടാക്കിയ നടി. ഇത് മനസ്സിലാക്കിയാണ് അഭിനയത്തിന് അപ്പുറത്തേക്ക് ഒരു വഴി പാർവ്വതി തിരിഞ്ഞെടുക്കുന്നത്. ക്യാമറയ്ക്ക് പിന്നിൽ നിലയുറപ്പിച്ച് അഭിനയം തുടരുന്നതും ആലോചനയിലുണ്ട്. ബാലചന്ദ്ര മേനോൻ ശൈലിയിൽ പാർവ്വതി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ നായികയും പാർവ്വതിയാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ചെയ്യാൻ പോകുന്ന സിനിമകളുടെ തിരക്കഥകൾ ഏകദേശം പൂർത്തിയായെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.
ബാഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി പാർവ്വതി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്.
നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. നടിയെ ആക്രമിച്ച കേസു വരുമ്പോൾ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ.
കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടിയെയാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത്. നോട്ട് ബുക്കിൽ അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്.
മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാർവ്വതിക്ക് അവസരങ്ങൾ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു. റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം.
പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഈ സാഹചര്യത്തിലാണ് സംവിധാന സാധ്യതകൾ നടി തേടിയത്. അതുടൻ ലക്ഷ്യത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന.
മറുനാടന് മലയാളി ബ്യൂറോ