തൃശൂർ: അശരണരായ വിശ്വാസികളുടെ നേർച്ചപ്പണം ധൂർത്തടിച്ച സഭാ മേലധ്യക്ഷന്മാരെയും പുരോഹിതന്മാരെയും നേരിന്റെ വഴി പഠിപ്പിക്കാൻ തൃശൂരിലെ പാവറട്ടി സെന്റ് ജോസഫ് ദേവാലയം മാതൃകയാവുന്നു. ദേവാലയത്തിനു വിശ്വാസികൾ സമർപ്പിച്ച ഏകദേശം രണ്ടു കോടിയോളം രൂപ നിരാലംബരും അശരണരുമായവരിലേക്കുതന്നെ പള്ളി എത്തിക്കും. പള്ളിപ്പെരുന്നാളിന്റെ ധൂർത്തും ആർഭാടങ്ങളും ഒഴിവാക്കും. തൃശൂർ പൂരം കഴിഞാൽ പിന്നെ ജില്ലയിലെ പ്രശസ്തമായ ഉത്സവമാണ് പാവറട്ടി പള്ളിപ്പെരുന്നാൾ. തൃശൂർ പൂരത്തിന്റെതുപോലെ ദീപാലങ്കാരവും വെടിക്കെട്ടും തന്നെയാണ് പാവറട്ടി പള്ളിപ്പെരുന്നാളിന്റെയും പ്രധാന ആകർഷണം. 

എന്നാൽ ഇക്കുറി പാവറട്ടിയിലെ വിശ്വാസികൾ പെരുന്നാളിന്റെ ആർഭാടം ബലികഴിക്കും. ആർഭാടമൊഴിവാക്കി ലാഭിക്കുന്ന ഏകദേശം 25 ലക്ഷവും, കഴിഞ്ഞ വർഷങ്ങളിലായി ദേവാലയത്തിന് ലഭിച്ച ഒന്നേമുക്കാൽ കോടിയുടെ നേർച്ചപ്പണവും ചേർത്ത് ഏകദേശം രണ്ടു കോടിയോളം രൂപ തൃശൂരിലെ തന്നെ നിരാലംബരും അശരണരുമായവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പള്ളി മാറ്റിവച്ചു. സഭയുടെ ചരിത്രത്തിൽ തന്നെ പാവറട്ടി സെന്റ് ജോസഫ് ദേവാലയം സ്ഥാനം പിടിക്കുന്നതും മറ്റു മത സ്ഥാപനങ്ങൾക്ക് മാതൃകയാവുന്നതും നേർച്ചപ്പണം വിശ്വാസികളിലേക്ക് തിരിച്ചെത്തിച്ച് മാതൃകയാവും. എന്തായാലും ഈ വർഷം തൃശൂർ പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചുകൊണ്ട് കോടികൾ കത്തിച്ചുകളയുമ്പോഴും പാവറട്ടിപ്പെരുന്നാളിന് തെക്കും ഭാഗവും വടക്കും ഭാഗവും കോടികൾ കത്തിച്ചുകളഞ്ഞുകൊണ്ട് മത്സരിക്കില്ല. പകരം വിശ്വാസികളുടെ ക്ഷേമപ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലുമായി മത്സരിച്ചുമുന്നേറും.

ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പാവറട്ടി പള്ളി അധികൃതർ ഇടവകയിലെ നിർധനരായ എട്ടു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുകൊടുക്കും. ഏകദേശം ഒരു കോടിയോളം ഇതിന്നായി പള്ളി നീക്കിവച്ചിട്ടുണ്ട്. എട്ടു ഫ്‌ളാറ്റുകൾ അടങ്ങുന്ന കെട്ടിട സമുച്ചയം പണി തീർന്നു വരുന്നു. ഇതുകൂടാതെ നിലവിലുള്ള മൂന്നു ഡയാലിസിസ് മെഷിനുപുറമേ രണ്ടെണ്ണം കൂടി വാങ്ങി വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കുറേക്കൂടി രോഗികളിലേക്ക് എത്തിക്കും. പള്ളിയുടെ കീഴിലുള്ള സാൻ ജോസ് ആശുപത്രിയിൽ പള്ളിപ്പെരുന്നാൾ പ്രമാണിച്ച് പത്തുനാൾ വൈദ്യസഹായം തേടിയെത്തുന്ന രോഗികൾക്ക് ഒ.പി. ടിക്കറ്റ് സൗജന്യമായിരിക്കും. ഇതിന്നുപുറമെ പള്ളിയുടെ സാധു സംരക്ഷണ ട്രസ്റ്റിൽ നിന്നുള്ള സാധു പെൺകുട്ടികളുടെ വിവാഹങ്ങൾക്കുള്ള സഹായങ്ങളും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ വകയിരുത്തും. പതിവുപോലെ നടന്നുകൊണ്ടിരിക്കുന്ന അന്നദാനവുമുണ്ടായിരിക്കും. പെരുന്നാൾ പ്രമാണിച്ച് നടത്തുന്ന അന്നദാനത്തിൽ ഏകദേശം ഒന്നര ലക്ഷം പേരെങ്കിലും നേർച്ചചോറുണ്ട് മടങ്ങും.

പഴയ കാലത്ത് സാമൂതിരിമാരുടെയും രാജാക്കന്മാരുടെയും യുദ്ധങ്ങളും ടിപ്പു സുൽത്താന്റെ പടയോട്ടവും കണ്ടുപേടിച്ച ഒരു വിശ്വാസി സമൂഹം പാലയൂരിൽ വച്ച് തോമ്മാസ്ലീഹായിൽ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ടും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ടും പാവറട്ടിയിലേക്ക് കുടിയേറിയതാണെന്ന് പള്ളിയുടെ ചരിത്രക്കുറിപ്പിൽ പറയുന്നു. ഏറെ ചരിത്രം അവകാശപ്പെടുന്ന പാവറട്ടി ദേവാലയം 1876 ഏപ്രിൽ 13 പെസഹാ നാളിലായിരുന്നു വിശുദ്ധീകരിച്ചത്. പോർച്ചുഗീസ് വാസ്തു ശൈലിയിൽ നിർമ്മിച്ച ഈ ദേവാലയത്തിന്റെ അൾത്താരകൾ അതേപടി നിലനിർത്തിക്കൊണ്ടാണ് 1975-ലും പിന്നീട് 2004-ലും ഈ ദേവാലയം പുതുക്കിപ്പണിതത്.

പുത്ര ലബ്ദിക്കും തൊഴിൽ ലബ്ദിക്കും പേരുകേട്ട ഈ തീർത്ഥാടന കേന്ദ്രത്തിൽ പ്രാർത്ഥനാ-വഴിപാടുകൾ നടത്തിയാൽ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടുത്തെ തീർത്ഥാടകരിൽ ഏറെയും. ജാതി-മത-ഭേദമെന്ന്യേ ലക്ഷക്കണക്കിനു തീർത്ഥാടകരാണ് ഇവിടെ വന്നുപോകുന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര മാപ്പിലും പാവറട്ടി മുദ്രിതമാണ്. അപൂർവ്വം ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് തപ്പാൽ വകുപ്പ് കൊടുത്തുപോരുന്ന പ്രത്യേക സചിത്ര റദ്ദാക്കൽ മുദ്ര പാവറട്ടിയിലെ സെന്റ് ജോസഫ് ദേവാലയത്തിന് 1996-ൽ അനുവദിച്ചുകിട്ടിയിട്ടുണ്ട്. പാവറട്ടിയിലെ പോസ്റ്റ് ഓഫീസിലെ സചിത്ര റദ്ദാക്കൽ പെട്ടിയിൽ നിക്ഷേപിക്കുന്ന തപ്പാൽ ഉരുപ്പടിയിന്മേൽ പാവറട്ടി പള്ളിയുടെ രേഖാചിത്രം ആലേഖനം ചെയ്ത തപ്പാൽ മുദ്ര പതിപ്പിച്ചായിരിക്കും തപ്പാൽ നടപടികൾ സ്വീകരിക്കുക. കേരളത്തിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിൽ മലയാറ്റൂരിനും ഭരണങ്ങാനാത്തിനും മാത്രമാണ് ഈ തപ്പാൽ ബഹുമതി ലഭ്യമായിട്ടുള്ളൂ.

ഈസ്റ്റർ കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളിപ്പെരുന്നാൾ. ഏതാണ്ട് ഈ കാലത്തുതന്നെയാണ് തൃശൂർ പൂരവും വന്നെത്തുക. പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ മത്സരം പോലെ പാവറട്ടിയിലും തെക്കും വടക്കും ഭാഗങ്ങൾ തമ്മിലാണ് മത്സരം. പൂരത്തിലെന്നപോലെ പെരുന്നാളിലും പ്രധാന മത്സരം നടക്കുക ദീപാലങ്കാരത്തിലും വെടിക്കെട്ടിലും തന്നെ. തൃശൂർ പൂരത്തിന് തീർത്തും സൗജന്യമായി പൂരക്കഞ്ഞി വിളമ്പുമ്പോൾ പാവറട്ടിയിലെ നേർച്ച ചോറിന് പണം വാങ്ങുന്നു എന്നതുമാത്രമാണ് ഒരേയൊരു അപവാദം.