- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർബിഐ നൽകിയത് രണ്ടുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ പാടില്ലാത്ത ലൈസൻസ്; വീഴ്ചകൾ ചൂണ്ടികാട്ടി 5.39 കോടി പിഴയിട്ടിട്ടും തിരുത്തിയില്ല; ചൈനീസ് ബന്ധവും സംശയത്തിൽ; മോദി സർക്കാറിൽ നിന്ന് ഒരു സംരക്ഷണവും കിട്ടിയില്ല; പേടിഎം പണി വാങ്ങിയത് ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയിലെ മുക്കിലും മൂലയിലും വരെയുമെത്തി ലക്ഷക്കണക്കിന് ആളുകൾ ഒരു ദിവസം ഉപയോഗിക്കുന്ന പേടിഎം എന്ന ഡിജിറ്റൽ സേവന ദാതക്കൾക്ക് നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയുണ്ടായ വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ ബിസിനസ് ലോകം കേട്ടത്. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ചില സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ് ആർബിഐ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും ഉപഭോക്താക്കളെ ചേർക്കരുത് എന്നുമാണ് പ്രധാന നിർദ്ദേശം.
ഇതോടെ പേടിഎം ഓഹരിവിലയിലടക്കം കനത്ത തിരച്ചടിയാണ് നേരിട്ടത്. വില രണ്ടുദിവസംകൊണ്ട് 20 ശതമാനത്തിലേറെ കുറഞ്ഞു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിന്റെ ഓഹരികൾ കനത്ത വില്പന സമ്മർദമാണ് നേരിടുന്നത്. ഓഹരികൾ വിറ്റൊഴിയാനുള്ള തിരക്കിലാണ് നിക്ഷേപകരിൽ ഏറെപ്പേരും. 2021 നവംബറിൽ ലിസ്റ്റ് ചെയ്ത കമ്പനി മികച്ച മുന്നേറ്റമാണ് കാഴ്ച വെച്ചിരുന്നത്്. കഴിഞ്ഞ ദിവസം 20 ശതമാനം നഷ്ടത്തിൽ 608.80 രൂപയിലായിരുന്നു ഓഹരി ക്ലോസ് ചെയ്തത്. ആർബിഐയുടെ നടപടിയെ തുടർന്ന് വിവിധ ബ്രോക്കിങ് ഹൗസുകൾ പേടിഎം ഓഹരിയുടെ നിലവാരം താഴ്ത്തിയിട്ടുണ്ട്. ആഗോള ബ്രോക്കിങ് ഭീമനായ ജെപി മോർഗൻ ലക്ഷ്യവില 900 രൂപയിൽ നിന്ന് 600ആക്കി. ജഫ്രീസാകട്ടെ 1050 രൂപയിൽനിന്ന് 500 ആക്കുകയും ചെയ്തു.
അതേസമയം ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ മറ്റുബാങ്കുകളുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് പേടിഎമ്മിന്റെ നീക്കം. വിലക്ക് നീക്കാനുള്ള നടപടികളുമായി കമ്പനി മുന്നോട്ടുപാകുമെന്നാണ് അറിയുന്നത്.
ആരാണ് പേടിഎമ്മിന് പിന്നിൽ?
ഇന്ത്യകണ്ട എറ്റവും മികച്ച ടെക്നോക്രാറ്റ് എന്ന് ഫോർബ്സ് മാഗസിൻ വിശേഷിപ്പിച്ച വിജയ് ശേഖർ ശർമയാണ് പേടിഎമ്മിന്റെ ഉപജ്ഞാതാവ്. 1997ൽ സ്ഥാപിതമായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെയും, 2010-ൽ ആരംഭിച്ച ഉപഭോക്തൃ ബ്രാൻഡായ പേടിഎമ്മിന്റെയും സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. ഫോർബ്സ് മാഗസിന്റെ കണക്ക് പ്രകാരം 2022 സെപ്റ്റംബർ വരെ, 1.1 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
യുപിയിലെ അലിഗഡിൽ 1078ൽ ജയിച്ച ഇദ്ദേഹം, ചെറുപ്പത്തിൽ തന്നെ ടെക്ക്നോളജിയിൽ തിളങ്ങിയിരുന്നു. 1997ൽ, കോളേജിൽ പഠിക്കുമ്പോൾ അവൻ തുടങ്ങിയ ഇന്ത്യാ സൈറ്റ്നെറ്റ് എന്ന വെബ്സൈറ്റ്, രണ്ട് വർഷത്തിന് ശേഷം ഒരു മില്യൺ യുഎസ് ഡോളറിനാണ് വിറ്റത്. മൂന്ന് വർഷത്തിന് ശേഷം, 2000-ൽ, വാർത്തകൾ, ക്രിക്കറ്റ് സ്കോറുകൾ, റിങ്ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മൊബൈൽ ഉള്ളടക്കം നൽകുന്ന വൺ 97 കമ്മ്യൂണിക്കേഷൻസ് അദ്ദേഹം ആരംഭിച്ചു. 2010 ൽ പേടിഎം തുടങ്ങി.
പക്ഷേ പേടിഎമ്മിന്റെ ശരിക്കുള്ള വളർച്ച നോട്ട് നിരോധന സമയത്തായിരുന്നു. 2016 നവംബർ 9, നോട്ട് നിരോധന വാർത്തയ്ക്കൊപ്പം ഇന്ത്യയിലെ പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു പരസ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്തുവച്ച്, നോട്ട് നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വകാര്യ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയുടെ പരസ്യം. 'ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ'' എന്നായിരുന്നു പരസ്യവാചകങ്ങൾ. 'ഇനി എടിഎം ഇല്ല, പേടിഎം ചെയ്യൂ'' എന്നും പരസ്യവാചകത്തിലുണ്ടായിരുന്നു.
നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായവരുടെ പട്ടികയിൽ പ്രമുഖനാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ എന്നതിൽ തകർക്കമില്ല. നോട്ട്നിരോധനം പേടിഎം അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കൾക്ക് വേണ്ടിയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കമായിരുന്നു എന്ന പ്രതിപക്ഷ വിമർശനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് പേടിഎമ്മിന്റെ വളർച്ച. വിജയ് ശേഖർ ശർമ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ പോസ്റ്റർ ബോയി ആയി മാറി. 2010-ൽ ആരംഭിച്ച കമ്പനിക്ക് മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ജീവൻ വെച്ചത്. അതേ മോദിയുടെ കാലത്തുതന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിനെതിരെ നടപടി എടുക്കുന്നതും.
രാഷ്ട്രീയ സംരക്ഷണമില്ല?
ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2023-ന്റെ തുടക്കം മുതൽ ആർബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേർക്കരുതെന്ന് 2022-ൽ ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാൻ കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിന്റേയും പുറത്തുനിന്നുള്ള ഓഡിറ്റർമാരുടെ തുടർച്ചയായുള്ള പരാതികളും അടിസ്ഥാനത്തിലാണ് പേടിഎമ്മിന് എതിരെ നടപടിയെന്ന് ആർബിഐ വ്യക്തമാക്കുന്നു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒരു അക്കൗണ്ടിന് 2,00,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ പാടില്ലാത്ത ലൈസൻസാണ് ആർബിഐ പേടിഎമ്മിന് നൽകിയിട്ടുള്ളത്. ചൈനീസ് വ്യവസായി ജാക് മാ സ്ഥാപിച്ച ആൻഡ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനും പേടിഎമ്മിനെതിരെ വിമർശനം ശക്തമായിരിന്നു. കഴിഞ്ഞവർഷം, ആൻഡ് ഗ്രൂപ്പിൽനിന്ന് പേടിഎം ഓഹരികൾ പിൻവലിച്ചിരുന്നു.
റിസ്ക് മാനേജ്മെന്റിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. വായ്പകളുടെ കുതിച്ചു ചാട്ടം തടയാനുള്ള മാനദണ്ഡങ്ങളില്ലാതെയാണ് ചില ബാങ്കുകളും ബാങ്കിങ് ഇതര സ്ഥപനങ്ങളും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎമ്മിന് എതിരെ ആർബിഐ നടപടിയെടുത്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായൊക്കെ നേരിട്ട് ബന്ധമുള്ളവരാണ് പേടിഎമ്മുകാർ. പക്ഷേ ഒരു രാഷ്ട്രീയ സംരക്ഷണവും അവർക്ക് കിട്ടിയില്ല. ഇതിലുടെ കൃത്യമായ ഒരു സന്ദേശം നൽകാൻ മോദി സർക്കാർ ശ്രമിക്കുന്നതായും ദേശീയ മാധ്യമങ്ങൾ എഴുതുന്നുണ്ട്.
പേടിഎമ്മിന്റെ ഭാവിയെന്ത്?
ആർബിഐ ഉത്തരവ് പേടിഎമ്മിന്റെ ഉപഭോക്താക്കളെ നിലനിർത്താനുള്ള കഴിവിനെ കാര്യമായി തടസപ്പെടുത്തും. പേയ്മെന്റ് ഉത്പന്നങ്ങളും വായ്പാ ഉത്പന്നങ്ങളും വിൽക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. ദീർഘകാലത്തേക്കുള്ള വരുമാനവും ലാഭവും തമ്മിലുള്ള അന്തരത്തെയും ഇത് ബാധിക്കും. പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും മറ്റു ബാങ്കുകളുമായുള്ള സഹകരണം തുടരുമെന്നും പേടിഎം വ്യക്തമാക്കി. വൺ 97-ന്റെ മറ്റ് ബിസിനസുകളായ വായ്പ, ഇൻഷുറൻസ് വിതരണത്തെയും ബാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. റെഗുലേറ്റർമാരുമായുള്ള പ്രശ്നങ്ങൾ പേടിഎമ്മിന്റെ ഓഹരി വിലയിൽ 60 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
ഉപഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടിൽ നിലവിലുള്ള തുക പിൻവലിക്കാൻ സാധിക്കും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയിൽ പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ബാങ്കിന്റെ യുപിഐ സൗകര്യങ്ങൾ ഉപയോഗിക്കാനാകില്ല. ഫെബ്രുവരി 29-നോ അതിന് മുൻപോ തുടങ്ങിയ എല്ലാ ട്രാൻസാക്ഷനുകളും മാർച്ച് പതിനഞ്ചിനകം അവസാനിപ്പിക്കണമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ പേടിഎം പേയ്മെന്റ് ബാങ്കിന് 330 ദശലക്ഷത്തിലധികം വാലറ്റ് അക്കണ്ടുകളും പ്രതിമാസ0 100 ദശലക്ഷം ഇടപാട് നടത്തുന്ന ഉപയോക്താക്കളുമുണ്ട്.
കൂടുതൽ വ്യാപാരികളും സ്ഥാപനങ്ങളിൽ പണമിടപാടുകൾക്കായി ഉപയോഗിച്ചുവന്നിരുന്നത് പേടിഎം അക്കൗണ്ടുകളായിരുന്നു. ഈ മാസം 29ന് ശേഷം ഉപയോക്താക്കളിൽ നിന്നും വ്യാപാരികൾക്ക് പേടിഎം ക്യൂആർ കോഡ് മുഖേന പണം സ്വീകരിക്കാൻ സാധിക്കില്ല. അതിനാൽ വ്യാപാരികൾ പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.
അതേസമയം, ആർബിഐ നിർദേശങ്ങൾ പാലിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നാണ് പേടിഎമ്മിന്റെ വിശദീകരണം. പുതിയ നിക്ഷേപങ്ങൾ സ്വകരിക്കുന്നതിൽനിന്ന് ആർബിഐ തടഞ്ഞതിനെത്തുടർന്ന് വാർഷിക വരുമാനത്തിൽ 300 കോടി മുതൽ 500 കോടി രൂപ വരെ കുറവ് സംഭവിച്ചേക്കുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്. പേടിഎമ്മിന്റെ നഷ്ടം നികത്തി വരികയാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള വിജയ് ശേഖർ ശർമയുടെ പ്രയത്നങ്ങൾക്ക് തിരിച്ചടിയാണ് ആർബിഐയുടെ പുതിയ നീക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ