- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കിലോമീറ്റർ താണ്ടാൻ പോലും ഒരു മണിക്കൂറോളം എടുക്കും! മഴക്കു മുൻപ് ടാർ ചെയ്ത മികച്ച റോഡ് പാച്ച് വർക്ക ചെയ്ത് കുളമാക്കി; സമാന്തരമായ തകർന്ന റോഡ് അതേ അവസ്ഥയിൽ; വൻ അഴിമതിയെന്ന് ആരോപണം; കോഴിക്കോട്ടെ മലയോര മേഖലയിലെ പീടികപാറ നിവാസികൾക്ക് പറയാനുള്ളത് ദുരിതം മാത്രം
കോഴിക്കോട്: മഴക്കു മുൻപ് ടാർ ചെയ്ത് മികച്ച രീതിയിൽ സജ്ജമാക്കിയ റോഡ് അറ്റകുറ്റ പണിയുടെ പേരിൽ കുളമാക്കി അധികൃതർ. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പീടകപ്പാറയിൽനിന്ന് ആരംഭിച്ച് മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോനൂർകണ്ടി വരെ നീളുന്നതാണ് കിണറടപ്പ് പീടികപ്പാറ കോനൂർകണ്ടി റോഡ്. ഈ എട്ടു കിലോമീറ്റർ റോഡിലാണ് കഴിഞ്ഞ ആഴ്ച അശാസ്ത്രീയമായ കുഴിയടക്കലുമായി പി ഡബ്ലിയു ഡി അധികൃതർ എത്തിയത്. നാലു തൊഴിലാളികളും ഒരു സൂപ്പർവൈസറുമാണ് ജനങ്ങളുടെ പ്രതിഷേധമൊന്നും വകവെക്കാതെ കുഴിയടപ്പ് മഹാമഹം നടത്തിയത്.
രണ്ട് റോഡുകളാണ് പീടികപ്പാറയിലേക്കുള്ളത്. പനമ്പിലാവ് കോനൂർകണ്ടി പീടികപാറ റോഡും കോനൂർകണ്ടി മരച്ചുവട് പീടികപ്പാറ റോഡുമാണിവ. കോനൂർകണ്ടി മരച്ചുവട് പീടികപ്പാറ റോഡ് കനത്തമഴയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായിരുന്നു. ഈ റോഡ് എത്രയും പെട്ടെന്ന് റീടാർറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതിയും നൽകിയിരുന്നു എന്നാൽ ഈ റോഡ് ശരിയാക്കുന്നതിന് പകരം അനുബന്ധ റോഡായ കിണറടപ്പ് പനമ്പിലാവ് കോനൂർകണ്ടി പീടികപ്പാറ റോഡിലാണ് അറ്റകുറ്റപണിയെന്ന നാടകം അരങ്ങേറിയത്. കാട്ടിലുള്ള ക്വാറികളിൽനിന്ന് ദിനേന നൂറുകണക്കിന് ലോഡ് പാറ കയറ്റിപോകുന്നതാണ് പനമ്പിലാവ് പീടികപ്പാറ റോഡ് തോടായി മാറാൻ ഇടയാക്കിയത്. ഇവിടെ ക്വാറക്കാർ തന്നെ തങ്ങളുടെ ആവശ്യാർഥം പലയിടത്തും പാറപ്പൊടി വിതറിയതിനാലാണ് ഇപ്പോൾ കുറച്ചെങ്കിലും സഞ്ചരിക്കാനാവുന്നത്. നാട്ടുകാർ നിരന്തരം റോഡ് നന്നാക്കാൻ ആവശ്യപ്പെട്ടിട്ടും പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരുടെ റോഡ് സന്ദർശനത്തിൽ അത് ഒതുങ്ങി കോനൂർകണ്ടി മരച്ചുവട് പീടികപ്പാറ റോഡ് പുനർ നിർമ്മാണം ആവിയായെന്നാണ് നാട്ടുകാർ പറയുന്നത്.
എം സാന്റും പി സാന്റുമെല്ലാം വേർതിരിച്ചാൽ ബാക്കിവരുന്ന പാറപ്പൊടിയുടെ ഗുണംപോലും ലഭിക്കാത്ത ക്വാറിവെയ്സ്റ്റ് ഉപയോഗിച്ചാണ് കുഴിയടച്ചത്. എല്ലാ സർക്കാർ സ്ഥാപനങ്ങളും അവധിയായ ഓഗസ്റ്റ് 18നായിരുന്നു ഈ പ്രവർത്തി. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചുള്ള അവധി ദിനത്തിൽ ഇത്തരം ഒരു പരിപാടി നടത്തിയതിലും ജനങ്ങൾ സംശയാലുക്കളാണ്. പി ഡബ്ലിയു ഡി മഞ്ചേരി ഡിവിഷന് കീഴിലാണ് ഈ റോഡ് വരുന്നത്. നിർമ്മാണം നടത്തി അൽപം കഴിയും മുൻപ് തന്നെ ബോളറെല്ലാം വാഹനങ്ങൾ പോകവേ പലവഴിക്കായ ഈ റോഡുമായി ബന്ധപ്പെട്ട് മഞ്ചേരി ഡിവിഷനിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും പരാതിപ്പെടാൻ ശ്രമിച്ചിട്ടും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ബന്ധപ്പെടാനായില്ലെന്നും സാമൂഹിക പ്രവർത്തകനായ മുജീബ് റഹ് മാൻ പീടികപ്പാറ ആരോപിച്ചു. ഒടുവിൽ നിരന്തരം വിളിച്ചപ്പോഴാണ് എ്ഞ്ചിനീയറെ കിട്ടിയത്. എന്നാൽ പാറപ്പൊടിയിട്ട കുഴിയടക്കാനാണ് മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ പദ്ധതിയെക്കുറിച്ചും അതിന് ആവശ്യമായി വരുന്ന തുകയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാറുണ്ട് ഇവിടെ അതും ഉണ്ടായില്ലെന്നും മുജീബ്.
റോഡിലെ കുഴിയിൽ കിടക്കുന്ന ചളിയും മണ്ണുമൊന്നും വൃത്തിയാക്കാൻ ശ്രമിക്കാതെ ഒന്നരയിഞ്ച് മെറ്റൽ നിരത്തി ക്വാറി വേസ്റ്റ് നിറച്ച് സിമെന്റ് പൊടി പാറ്റുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. സാധാരണ റോഡ് പ്രവർത്തി നടക്കുമ്പോൾ വാഹനം നിയന്ത്രിക്കുകയും ജോലി പൂർത്തിയായാൽ പ്രത്യേകിച്ചും സിമെന്റും മറ്റും ഉപയോഗിച്ചുള്ള പ്രവർത്തിയാണെങ്കിൽ അവ ബാരിക്കേഡ് വെച്ച് സംരക്ഷിക്കുകയുമെല്ലാം ചെയ്യാറുണ്ടെങ്കിലും ഇവിടെ അതൊന്നുമുണ്ടായില്ല. റോഡ് റോളർ പോയിട്ട് അമർത്തിയുറപ്പിക്കാനുള്ള ഇടിമുട്ടിപൊലുമില്ലാതെയായിരുന്നു കുഴിയടപ്പ് പ്രഹസനം.
കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയിലാലായിരുന്നു കിണറടപ്പ് പീടികപ്പാറ കോനൂർകണ്ടി റോഡിൽ ഏതാനും കുഴികൾ രൂപപ്പെട്ടത്. പരമാവധി ആറോ, ഏഴോ കുഴികൾ മാത്രം. ബൈക്ക് പോലുള്ള വാഹനങ്ങൾക്കെല്ലാം വെട്ടിച്ച് പോകാവുന്ന അവസ്ഥയായിരുന്നു. മഴ കഴിഞ്ഞ് റോഡ് ഉണങ്ങിയ ശേഷം നല്ല രീതിയിൽ ടാർ ചെയ്ത് ശരിപ്പെടുത്താവുന്നവ പാച്ച് വർക്കുകൾ മാത്രം. എന്നാൽ മഴക്കിടെ റോഡിൽ ഇത്തരത്തിൽ ഒരു കുഴിയടപ്പ് നടത്തിയതോടെ വാഹനം ഓടിക്കുന്നവർ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുമായി ഇരു ജില്ലകൾക്കുമിടയിൽ സഞ്ചരിക്കുന്നവർ ജീവൻ പണയപ്പെടുത്തിയാണ് ഇപ്പോൾ നീങ്ങുന്നത്. റോഡിൽ നിറയെ ബോളർ ചിതറിക്കിടക്കുന്ന സ്ഥിതിയാണ്. രാവിലെയും വൈകുന്നേരവുമെല്ലാം സ്കൂട്ടറിലും ബൈക്കിലുമെല്ലാം സ്കൂൾ കുട്ടികളുമായി പോകുകയും വരികയും ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ചിലർക്കെല്ലാം ബോളറിൽ വണ്ടി സ്കിഡ് ആയി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും കാൽനടയ യാത്രക്കാർക്ക് പരുക്കേൽക്കുന്നതും ഇവിടെ പതിവായിരിക്കയാണ്.
റോഡിൽ കുഴിയടക്കാൽ ആരംഭിച്ച ഉടൻതന്നെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നെങ്കിലും വാർഡ് മെംബർ എത്തി ഇതിങ്ങനെയെല്ലാമേ ചെയ്യാൻ പറ്റൂവെന്ന് കട്ടായം പറഞ്ഞതോടെ പിന്തിരിയുകയായിരുന്നു. കക്കാടംപോയിലിലെ കോഴിപ്പാറ വെള്ളച്ചാട്ടം, കുരിശുമല, പി വി അൻവറിന്റെ വാട്ടർ തീം പാർക്ക്, പഴശിയുടെ ഗുഹ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ സ്ഞ്ചരിക്കുന്ന ഒരു റോഡിനാണ് ഈ ഗതികേട് സംഭവിച്ചിരിക്കുന്നത്. അൻപതോളം കുടുംബങ്ങളാണ് പീടികപ്പാറ ഭാഗത്ത് ഈ റോഡിനെ ആശ്രയിച്ചു കഴിയുന്നത്. റോഡ് രണ്ടും ഒരേ വിധത്തിൽ തകർന്നതോടെ ഗർഭിണികൾ ഉൾപ്പെടെ ആശുപത്രിയിൽ പോകേണ്ടവർ ഈ പാതയിൽ ഒരു കിലോമീറ്റർ താണ്ടാൻ പോലും ഒരു മണിക്കൂറോളം എടുക്കുന്ന സ്ഥിതിയാണ്.
രാത്രി കാലങ്ങളിൽ കാട്ടാന ശല്യത്തിൽ സ്വസ്തയില്ലാതെ നാട്ടുകാർ കഴിഞ്ഞുകൂടുന്നതിനിടയിലാണ് ഇപ്പോൾ ആകെയുള്ള ഒരു റോഡും കുഴിയടപ്പിന്റെ പേരിൽ നാശമാക്കിയിരിക്കുന്നത്. ഈ പ്രദേശത്തുള്ളവർ ആശുപത്രി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി മുക്കം, അരീക്കോട് ടൗണുകളെയാണ് ആശ്രയിക്കുന്നത്. ഈ രണ്ട് ടൗണിലേക്കും 30 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. റോഡ് കൂടി തകർന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്