കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ട് നിർണ്ണായകമാകും. സമിതി വിശദമായ അന്വേഷണം ഇന്ന് തുടങ്ങും. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ കാരണമാണ് വിദഗ്ദ സംഘം വിശദമായി അന്വേഷിക്കുക. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ ഇന്ന് ഒരു ദിവസമാകും അന്വേഷണത്തിന് സമയമുണ്ടാകുക. നാളെത്തന്നെ വിദഗ്ദ സമിതി റിപ്പോർട്ട് നൽകും. ഇതിന് ശേഷം നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പെരിയാറിലും കൈവഴികളിലുള്ള കൂടുകളിലുമായി ടൺ കണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്നാണ് സംഭവത്തിൽ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഫിഷറീസ് യൂണിവേഴ്‌സിറ്റി അക്വാകൾച്ചർ ഡിപ്പാർട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്, ഡോ. എം കെ സജീവൻ, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരൻ എം പി, എൻ എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മലിന ജലം ഒഴുക്കിയവർക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്നതാണ് ഉയരുന്ന ചോദ്യം.

പെരിയാറിലെ മത്സ്യക്കുരുതിയിൽ കൂടുമത്സ്യകൃഷിയിൽ മാത്രം പത്തുകോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. പെരിയാറിനോടു ചേർന്നുള്ള പഞ്ചായത്തുകൾ നടത്തിയ പ്രാഥമിക അവലോകനത്തിലാണ് നാശനഷ്ടത്തിന്റെ കണക്ക് തെളിയുന്നത്. പെരിയാറിലൂടെ ഒഴുകിയെത്തിയ വിഷജലത്തിൽ ഏറെയും നഷ്ടം സംഭവിച്ചത് കൂടുമത്സ്യക്കർഷകർക്കാണ്. അതും വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ. ഇവർക്കുണ്ടായ നഷ്ടം മലിന ജലം ഒഴുക്കിയവരിൽ നിന്നും ഈടാക്കണമെന്ന വാദം ശക്തമാണ്.

മലിനജലം ഒഴുകിയെത്തിയതിനെത്തുടർന്ന് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയിൽ പെരിയാറിന്റെ ഇരുകരകളിലും ദുർഗന്ധം വമിക്കുകയാണ്. ചത്തുപൊങ്ങിയ മത്സ്യങ്ങളെ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൂടുകളിൽ വളർത്തിയിരുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ ചത്തുപൊങ്ങിയ മത്സ്യങ്ങളെ നീക്കം ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിൽ മാത്രമായി 450-ലേറെ മത്സ്യക്കൂടുകളാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന മത്സ്യക്കൂടുകളുടെ എണ്ണം മാത്രമാണിത്. അനധികൃതമായുള്ള കൂടുകൾ വേറെയുമുണ്ട്.

അതിനിടെ പെരിയാറിലും കൈവഴികളിലും അടിഞ്ഞുകൂടിയിട്ടുള്ള ചത്തമത്സ്യങ്ങളെ അടിയന്തരമായി നീക്കംചെയ്ത് ശുചീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ അറിയിച്ചു. പുഴയുടെ അടിത്തട്ടിലുൾപ്പെടെ പരിശോധന നടത്തും. പെരിയാറിന്റെ ഇരുകരകളിലും അടിത്തട്ടിലും അടിഞ്ഞുകൂടിയിട്ടുള്ള ചത്തമത്സ്യങ്ങൾ മാറ്റും. ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ സേവനം ഇതിനായി തേടും.

സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ മലിനീകരണ നിയന്ത്രണബോർഡിന്റെ ഏലൂർ ഓഫീസിലേക്ക് വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ ജനങ്ങൾ ചീഞ്ഞമത്സ്യം വലിച്ചെറിഞ്ഞു. വിവിധസംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്നും കണക്കെടുപ്പ് വേഗത്തിൽ തീർക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരങ്ങൾ അവസാനിച്ചത്.

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ ഇനിയും വ്യക്തതയായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിൾ പരിശോധന ഫലങ്ങൾ വൈകുന്നതാണ് കാരണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരെ മത്സ്യ കർഷകർ ഇന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകും.