മോദി സര്‍ക്കാറിലെ ഏറ്റവും കഴിവുള്ള, ദീര്‍ഘവീക്ഷണമുള്ള മന്ത്രിമാരില്‍ ഒരാളാണ് നിധിന്‍ ഗഡ്ക്കരിയെന്ന ഉപരിതല ഗതാഗത, പെട്രോളിയം വകുപ്പ് മന്ത്രി അറിയപ്പെടുന്നത്്. ഇന്ത്യയെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പെട്രോളിലേക്ക് മാറ്റുക, അതിവേഗ ഹൈവേ വികസനം സാധ്യമാക്കുക എന്നിവയൊക്കെ, മഹാരാഷ്ട്രയിലെ നാഗ്പ്പൂരില്‍ നിന്നുള്ള ഈ നേതാവിന്റെ സ്വപ്നങ്ങളാണ്. 'ദ മാന്‍ ഓഫ്് വിഷന്‍സ്' എന്നാണ് ഇന്ത്യാ ടുഡെ ഒരിക്കല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു വേള നരേന്ദ്രമോദിക്ക് പകരമായി, ഗഡ്ക്കരിയെ പ്രധാനമന്ത്രിയാക്കണം എന്നുവരെ ബിസിനസ് ലോകത്തുനിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

പക്ഷേ, കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഒരു റാലിയില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞ ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വല്ലാതെ ട്രോള്‍ ആവുകയാണ് ഉണ്ടായത്. പെട്രോള്‍ വില ലിറ്ററിന് 15 രൂപയിലേക്ക് താഴ്ത്താന്‍ സാധിക്കുമെന്ന് പെട്രോളിയം മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. ഭാവിയുടെ താക്കോല്‍ ഇതിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് അസാധ്യമായ കാര്യമാണ് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. പക്ഷേ ഗഡ്ക്കരി പറഞ്ഞത് സത്യമാണെന്നാണ് വിവിധ ഫാക്റ്റ് ചെക്ക് സൈറ്റുകള്‍ പറയുന്നത്.

എഥനോള്‍ കലര്‍ത്തിയ ഫ്ലക്സ് ഫ്യൂവല്‍

മലയാളത്തിലെ ചില മാധ്യമങ്ങള്‍ അടക്കം, ഗഡ്ക്കരിയുടെ പ്രസ്താവന തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ നൂറുരൂപയിലേറെയുള്ള പെട്രോള്‍ വില 15 രൂപയിലേക്ക് കുറയ്ക്കും എന്നല്ല ഗഡ്ക്കരി പറഞ്ഞത്. 15 രൂപക്ക് കിട്ടുന്ന പെട്രോള്‍ ഉണ്ടാക്കുമെന്നാണ്. അതാണ് ഫ്ലക്സ് ഫ്യൂവല്‍ എന്ന് അറിയപ്പെടുന്ന പുതിയ ഇന്ധനം. പെട്രോളില്‍ 60 ശതമാനം എഥനോള്‍ ബ്ലെന്‍ഡ് ചെയ്താല്‍ ഇത് സാധ്യമാകും. എഥനോളിന്റെ ആധിപത്യം, പരിസ്ഥിതിക്കും, കര്‍ഷകര്‍ക്കും ഒരുപോലെ മെച്ചമാണെന്ന ബോണസ് നേട്ടം കൂടിയുണ്ട്.

ഇത് ആദ്യമായല്ല ഗഡ്ക്കരി ഈ വിഷയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗഡ്കരി, ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് രാജ്യത്തെ വാഹന നിര്‍മാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ടൊയോട്ട ലോകത്തിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവല്‍ അധിഷ്ഠിത ഇന്നോവ കാര്‍ നിര്‍മ്മിച്ചിരുന്നു. ഇതോടെ ഫ്ലെക്സ് ഫ്യുവല്‍ ടെക്നോളജി കൂടതല്‍ അറിയപ്പെട്ടത്. നിലവില്‍ കൂടുതല്‍ എഥനോള്‍ ബ്ലെന്‍ഡ് ചെയ്യുന്ന സങ്കേതങ്ങള്‍ ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തിന്റെ ഇന്ധനമായി ഇത് മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇ 20 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതില്‍ 20 ശതമാനം എഥനോളാണ് ബ്ലെന്‍ഡ് ചെയ്തിരിക്കുന്നത്. നിലവില്‍ പെട്രോളില്‍ 60 മുതല്‍ 85 ശതമാനം വരെ എഥനോള്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

കൂടുതല്‍ എഥനോള്‍ ബ്ലെന്‍ഡ് ചെയ്ത ഫ്യുവല്‍ ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായകമാകും. രാജ്യത്തിന്റെ ഇന്ധന ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ക്രൂഡ് ഇറക്കുമതിച്ചെലവ് വന്‍തോതില്‍ കുറയുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ വിലക്കയറ്റത്തോത് വലിയ തോതില്‍ കുറയ്ക്കാന്‍ എഥനോളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ രാജ്യന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യമാണുള്ളത്. എന്നിട്ടും ഡോളര്‍ മുന്നേറിയതിനാല്‍ ഇന്ത്യക്ക് ആ സാഹചര്യം മുതലെടുക്കാനിയില്ല. എന്നാല്‍ എഥനോള്‍ ഇന്ധനം വ്യാപകമായാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.