ന്യൂഡൽഹി: നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസ് നൽകേണ്ടത് സുപ്രീംകോടതിയിൽ അല്ലെന്നും ആദ്യം ഡൽഹി ഹൈക്കോടതിയിൽ പോകാനും കോടതി നിർദേശിച്ചു.

യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹർജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ പിഎഫ്ഐക്ക് കോടതി അനുമതി നൽകി. ഹൈക്കോടതിയിൽ പോയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിർദേശത്തോട് പിഎഫ്എക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ യോജിച്ചു.

2022 സെപ്റ്റംബർ 27ലെ കേന്ദ്ര സർക്കാർ തീരുമാനം മാർച്ച് 21 ന് യുഎപിഎ ട്രിബ്യൂണലും ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പിഎഫ്എ സുപ്രീംകോടതിയെ സമീപിച്ചത്. ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് കേന്ദ്രസർക്കാർ പിഎഫ്ഐയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്.

അതേസമയം ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ പ്രതിനിധി സംഘം അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കൽ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള ആഗോള സംവിധാനമാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫേഴ്‌സ്. അവരുടെ റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നും പോപ്പുലർ സംഘടനയെ കുറിച്ചും പരാമർശമുണ്ട്.

പിഎഫ്ഐയെക്കുറിച്ചുള്ള എഫ്എടിഎഫ് പരാമർശം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടായ 'ക്രൗഡ് ഫണ്ടിങ് ഫോർ ടെററിസം ഫിനാൻസിംഗിൽ' പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. പിഎഫ്‌ഐയുടെ പേര് പരാമർശിക്കാതെ ഇന്ത്യയിലെ 'അക്രമാസക്തമായ ഭീകര സംഘടന' വിവിധ ശൃംഖലകൾ വഴി പണം സ്വരൂപിച്ചതായാണ് എഫ്എടിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. ഓഫ് ലൈൻ, ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പണം സ്വരൂപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പേര് പരാമർശിക്കാതെ ഈ സംഘടന പള്ളികൾ വഴി പൊതു ഇടങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചുവെന്നും പിന്നീട് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനും കേഡറുകൾക്ക് പരിശീലനം നൽകാനും ഈ പണം ഉപയോഗിച്ചുവെന്നും എഫ്എടിഎഫ് റിപ്പോർട്ടിൽ പറയുന്നതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സമാനമായ കാരണങ്ങൾ ഉന്നയിച്ചാണ് 2022 സെപ്റ്റംബറിൽ, ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) അടക്കമുള്ളവയെയും രാജ്യത്ത് നിരോധിച്ചത്.