- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടക്കടയിൽ ഡിപ്പോയിൽ കയറി ബസ് തടഞ്ഞ് പോപ്പുലർ ഫ്രണ്ട്; പെരുമ്പാവൂരിലും അട്ടക്കുളങ്ങരയിലും വളയത്തും കോഴിക്കോടും ബൈക്കിൽ എത്തി കല്ലെറിഞ്ഞത് ഹെൽമറ്റുധാരികൾ; രണ്ടു കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് കണ്ണിന് പരിക്ക്; ഹർത്താൽ വിജയിപ്പിക്കാൻ അക്രമ വഴി; ഇങ്ങനെ പോയാൽ ഇന്ന് ജനം വലയും
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ അക്രമത്തിലേക്ക്. സംസ്ഥാനത്തുടനീളം കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം. കാട്ടക്കടയിൽ ഡിപ്പോയിൽ കയറി ബസ് തടഞ്ഞു. പെരുമ്പാവൂരിൽ ബസ് കല്ലെറിഞ്ഞു തകർത്തു. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഹർത്താൽ പൂർണ്ണമാണ്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും ബസിന് നേരെ കല്ലേറുണ്ടായി. ഇവിടെയും പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളാണ്.
ബൈക്കിൽ എത്തി കല്ലെറിയുന്നതാണ് രീതി. ബൈക്കിൽ എത്തിയ രണ്ടു പേർ ഹെൽമറ്റ് ധരിച്ചാണ് അട്ടക്കുളങ്ങരയിലും പെരുമ്പാവൂരിലിലും അക്രമം നടന്നത്. സമാന രീതിയിൽ പല സ്ഥലത്തും അക്രമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴിക്കോടും അക്രമമുണ്ടായി. കണ്ണൂർ വളയത്തും കോഴിക്കോട് സിവിൽ സ്റ്റേഷനിലുമാണ് ആക്രമണമുണ്ടായത് എറണാകുളത്തും കല്ലെറിഞ്ഞു. കോഴിക്കോട്ട് കെ എസ് ആർ ടി സി സർവ്വീസ് തന്നെ നിർത്തി. ഇതോടെ ഹർത്താൽ ദിനത്തിൽ വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് ഉറപ്പാവുകയാണ്. പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ കടകളും തുറക്കുന്നില്ല.
ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. കെഎസ്ആർടിസി സാധാരണപോലെ സർവീസ് നടത്തും എന്നായിരുന്നു റിപ്പോർട്ട്. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകി. അതുകൊണ്ട് തന്നെ സർവ്വീസ് രാവിലെ തുടങ്ങി. ഇതിനിടെയാണ് അക്രമം എത്തുന്നത്. പൊലീസ് നിസ്സഹായരാണ്.
തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.
കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിൽ വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിക്ക് ഡിജിപി നിർദ്ദേശം നൽകി. കടകൾ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കലിനും നിർദ്ദേശം നൽകി.
സുരക്ഷാ ക്രമീകരണങ്ങളുട ചുമതല റേഞ്ച് ഡിഐജിമാർക്കാണ്. കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നൽകിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎ, എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പശ്ചാത്തലത്തിൽ കേരള, എംജി, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് പിഎസ്സിയും കുസാറ്റും അറിയിച്ചിരുന്നു. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ആവശ്യാനുസരണം സർവീസ് നടത്തും എന്നായിരുന്നു പ്രഖ്യാപനം. അതുകൊണ്ട് തന്നെ പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ലെന്നും പ്രഖ്യാപിച്ചു. എന്നാൽ ബസുകൾ കല്ലെറിയുന്നതോടെ ഗതാഗതം താറുമാറാകും. ഇത് പി എസ് സി പരീക്ഷകളേയും ബാധിക്കും. കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൗൺസിൽ ഇന്നു നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ അക്രമങ്ങൾ ഉണ്ടായാൽ കർശനമായി അടിച്ചമർത്തണമെന്ന് കേരള പൊലീസിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദേശീയ തലത്തിലായിരുന്നു റെയ്ഡ്. എന്നാൽ കേരളത്തിൽ മാത്രമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ, ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാൻ അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ഡിജിപിക്ക് ലഭിച്ച നിർദ്ദേശം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിട്ടുണ്ട്.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിൽ എൻഐഎ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡ് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. തീവ്രവാദ പരീശീലനവും ഫണ്ടിങ്ങുമടക്കം വിഷയങ്ങളിൽ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എൻഐഎ ഓപ്പറേഷൻ തുടങ്ങിയത്. ഇഡി ആണ് പിഎഫ്ഐയുടെ നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി നിരീക്ഷിച്ചു വന്നത്. വലിയ തോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെ സഹായത്തോടെ ആയിരുന്നു റെയ്ഡ്. കേരള പൊലീസ് റെയ്ഡ് തുടങ്ങി മണിക്കൂറുകൾക്കു ശേഷമാണ് സംഭവം അറിഞ്ഞത്. അതേസമയം, കേരളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത 22 പേരിൽ പത്തു പേരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം. ചെയർമാൻ ഒ.എ.എ. സലാം അടക്കം പ്രമുഖ നേതാക്കളെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. ഇവരെ അടക്കം അറസ്റ്റിലായവരെ എല്ലാം ഡൽഹിയിലെത്തിക്കും. തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യും.
2006ൽ കേരളത്തിൽ രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡൽഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയിൽ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ അന്വേഷണ ഏജൻസി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, പിഎഫ്ഐക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു, ഹത്രാസിൽ വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജൻസികൾ സ്വീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ