ന്യൂഡൽഹി: തുർക്കിയിലെ ജിഹാദി സംഘടനയുമായി പോപ്പുലർ ഫ്രണ്ട് നേതൃത്വം അടുത്തബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ. സിറിയയിൽ ഭീകരസംഘടനയായ അൽഖായിദയുടെ അനുബന്ധപ്രസ്ഥാനങ്ങൾക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണിത്. പോപ്പുലർ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവർത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുൾ റഹിമാൻ എന്നിവർക്ക് തുർക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച് എച്ചുമായാണ് പോപ്പുലർ ഫ്രണ്ട് ബന്ധം പുലർത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്. ഒസാമ ബിൻ ലാദന്റെ അൽ ക്വ ഇദയുടെ അനുബന്ധപ്രസ്ഥാനങ്ങൾക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണ് തുർക്കിയിലെ ജിഹാദി സംഘമെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

ഈ സംഘടന 2014 ൽ സിറിയയിലെ അൽഖായിദ അനുബന്ധ ജിഹാദി സംഘടനകൾക്ക് കള്ളക്കടത്തായി ആയുധം എത്തിച്ചുനൽകിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. തുർക്കിയിലെ രഹസ്യാന്വേഷണസംഘടനയായ എം.ഐ.ടി.യുമായി അടുത്തബന്ധം പുലർത്തുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്.

കള്ളക്കടത്തായാണ് ഇവർ ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നത്. തുർക്കിയിലെ മുൻ ധനമന്ത്രി ബരാത് അൽ ബെയ്‌റാക്കും പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ മരുമകനും തമ്മിൽ അയച്ച ഇ-മെയിൽ സന്ദേശങ്ങളിലും ഐ എച്ച് എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്.

ആഗോള ഭീകരപ്രവർത്തനം നിരീക്ഷിച്ചുവരുന്ന സ്റ്റോക്‌ഹോമിലെ നോർഡിക് മോണിറ്ററും തുർക്കിയിലെ സംഘടനയെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ചതാണ്. നോർഡിക് മോണിറ്ററിന്റെ റിപ്പോർട്ടിലാണ് പ്രൊഫ. പി. കോയക്കും ഇ.എം. അബ്ദുൾ റഹിമാനും ഈസ്താംബൂളിൽ ഐ.എച്ച്.എച്ച്. സ്വകാര്യമായി ആതിഥേയത്വം വഹിച്ചതായി പറയുന്നത്. എൻ.ഐ.എ. അറസ്റ്റുചെയ്ത ഇരുവരും പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളാണ്.



ദക്ഷിണേഷ്യയിൽ മുസ്‌ലിങ്ങൾക്കിടയിൽ ആഗോളനേതാവാകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസിഡന്റ് ഉർദുഗാന്റെ അനുഗ്രഹാശിസ്സുകളോടെ തുർക്കിയിലെയും ഇന്ത്യയിലെയും രണ്ടു തീവ്രവാദിപ്രസ്ഥാനങ്ങൾ അടുത്തബന്ധം പുലർത്തിയെന്നത് ആശങ്കയുയർത്തുന്നതാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

ഇന്ത്യയിൽ പൊലീസിന്റെയും മറ്റ് ഏജൻസികളുടെയും പീഡനമനുഭവിച്ചുവരുന്ന പ്രസ്ഥാനമാണെന്നാണ് തുർക്കിയിലെ അനദോലു വാർത്താ ഏജൻസി പോപ്പുലർ ഫ്രണ്ടിനെ വിശേഷിപ്പിച്ചത്. ജിഹാദി സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഐ.എച്ച്.എച്ചുമായി പോപ്പുലർ ഫ്രണ്ടിന് ഒട്ടേറെ കാര്യങ്ങളിൽ സമാനതയുണ്ടെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടി.



കേന്ദ്രസർക്കാർ നിരോധനം പ്രഖ്യാപിച്ചതോടെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ട് മരവിപ്പിച്ചതായി ട്വിറ്റർ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും യൂട്യൂബ് ചാനലും മരവിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടി തുടരുകയാണ്. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. പറവൂർ തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. നിരോധിച്ച പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗങ്ങൾ തടയാനും പ്രശ്‌നക്കാരെ കരുതൽ തടങ്കലിലാക്കാനും പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടർച്ചയായി നിരീക്ഷിക്കണമെന്നും ഡി ജി പി നിർദ്ദേശിച്ചു.