തിരുവനന്തപുരം: ക്രൈസ്തവ മതമേലധ്യക്ഷന്മാരെക്കുറിച്ച് നടത്തിയ വിവാദപരാമർശം മന്ത്രി സജി ചെറിയാൻ പിൻവലിച്ചത് സിപിഎമ്മിന്റെ നിർദ്ദേശത്തെ തുടർന്ന്. കേരളാ കോൺഗ്രസ് സമ്മർദ്ദമാണ് ഇതിന് കാരണം. അതിനിടെ ഇനി നേതാക്കളാരും ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തരുതെന്നും സിപിഎം നിർദ്ദേശം നൽകി. പ്രസംഗത്തിലെ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുകയും വാക്കിലെ പിഴവുകൾ തിരുത്തുന്നതായും സജി ചെറിയാൻ അറിയിച്ചത് കെ.സി.ബി.സി. സ്വാഗതം ചെയ്തു. ഇത് സിപിഎമ്മിന് ആശ്വാസമാണ്.

മുഖ്യമന്ത്രിയുടെ പുതുവത്സരവിരുന്ന് നടക്കാനിരിക്കെ, സർക്കാർ പരിപാടികളിൽനിന്ന് ക്രൈസ്തവസഭ 'വിട്ടുനിൽക്കൽ' പ്രഖ്യാപിച്ചത് സിപിഎമ്മിന് തലവേദനയായി. ഈ പരിപാടിയിൽ സഭാ നേതൃത്വം ഇനി പങ്കെടുക്കും. കെ.സി.ബി.സി.യുടെ പ്രതിഷേധം പ്രസ്താവനയിൽ തീരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇതിനിടെയാണ് സഹകരണമില്ലെന്ന് പ്രഖ്യാപിച്ചത്. ഇതോടെ പ്രതിസന്ധിയുടെ ആഴം പിടികിട്ടി. കേരളാ കോൺഗ്രസും നിലപാട് കടുപ്പിച്ചു. പ്രസംഗം വിവാദമായി രണ്ടാംദിവസവും മുഖ്യമന്ത്രിയടക്കം മൗനംപാലിച്ചത് സഭയെ ചൊടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഇതോടെ സിപിഎമ്മിന് കാര്യങ്ങൾ പിടികിട്ടി.

ക്രിസ്മസ്ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാനേതാക്കളെയാണ് സജി ചെറിയാൻ വിമർശിച്ചത്. ആദ്യം കെ.സി.ബി.സി. വക്താവാണ് ഇതിൽ പ്രതിഷേധിച്ചത്. മന്ത്രിയെ തിരുത്തിക്കണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. ഘടകകക്ഷിയായ കേരളകോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതോടെയാണ് സജി ചെറിയാന്റേത് എൽ.ഡി.എഫിന്റെ നിലപാടല്ലെന്ന് ജോസ് കെ. മാണിയും സർക്കാരിന്റെ സമീപനമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ദീപികയിലെ മുഖപ്രസംഗവും നിർണ്ണായകമായി.

സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ക്രൈസ്തവർക്കുനേരേ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനോ എന്നും സംശയിക്കണം-ഇതായിരുന്നു ദീപികയുടെ മുഖപ്രസംഗത്തിന്റെ കാതൽ.

ക്രൈസ്തവ സഭാ നേതൃത്വം അക്കാര്യമാവശ്യപ്പെടുന്നതിൽ ഇതുവരെ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത് മണിപ്പുർ മറന്നുകൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്ക് മാത്രമാണ്. ഹമാസ് തീവ്രവാദികൾക്കുവേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ്യവും രാഷ്ട്രീയനേട്ടമല്ലാതെ മറ്റെന്താണെന്നും ദീപിക ചോദിച്ചിരുന്നു.

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിക്കാൻ ആവേശം കാട്ടുന്ന ഇടതു നേതാക്കൾ, സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. നിങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നതു മറക്കരുത്-എന്നായിരുന്നു ദീപികയുടെ മുന്നറിയിപ്പ്.