തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് ഇടതു മുന്നണിയിലും സിപിഎമ്മിലും ആശയക്കുഴപ്പം ശക്തം. വിദേശ സർവ്വകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പരസ്യമായി പറയുമ്പോൾ മന്ത്രിസഭയിലും ഏകോപനമില്ലേ എന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കും. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു വിശദീകരിച്ചു. സിപിഎം ദേശീയ നേതൃത്വത്തിന്റെ നയം വിദേശ സർവ്വകലാശാലയ്ക്ക് എതിരാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പിബി അംഗങ്ങളായ എംഎ ബേബിയും വി എസ് വിജയരാഘവനും അതൃപ്തിയിലാണ്. വിജയരാഘവന്റെ ഭാര്യയാണ് മന്ത്രി ബിന്ദു. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിന് തലങ്ങൾ പലതാണ്.

വിദേശ സർവകലാശാല സംബന്ധിച്ച കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്ന വാർത്ത മന്ത്രി നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വകുപ്പ് അറിയാതെയാണോ തീരുമാനമെന്ന് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് ബിന്ദു പറഞ്ഞു. നയപരമായ കാര്യത്തിൽ ഇപ്പോൾ വിശദീകരണം നൽകാൻ താൻ താത്പര്യപ്പെടുന്നില്ല.തന്റെ വകുപ്പ് തീരുമാനം അറിഞ്ഞില്ലെന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു. വിദേശ സർവകലാശാലയുടെ കാര്യത്തിൽ ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല. കിട്ടാവുന്ന സാധ്യത ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി പറഞ്ഞത്. വിദേശ സർവകലാശാലകളുടെ വാണിജ്യ താത്പര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുട്ടികൾ കബളിപ്പിക്കപ്പെടുമോയെന്നും പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പാർട്ടിയിലേയും സർക്കാരിലേയും ആശയക്കുഴപ്പമാണ് ചർച്ചയാക്കുന്നത്.

ഫീസ് നിശ്ചയിക്കാനും അദ്ധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നൽകി വിദേശസർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള യുജിസി. നീക്കത്തെ എതിർക്കുന്നുവെന്നതാണ് സിപിഎം അംഗീകരിച്ച നയം. രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്‌ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ദുഷിപ്പിക്കും. യുജിസിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാൻ സഹായകരമല്ലെന്ന് കഴിഞ്ഞ വർഷം സിപിഎം പരസ്യ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിൽ സിപിഎം ഭരണമുള്ള കേരളത്തിൽ ആ രീതി വരുന്നത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കും. നയം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്.

സ്വകാര്യ സർവ്വകലാശാലയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് എതിർക്കില്ല. എന്നാൽ വിദേശ സർവ്വകലാശാലയിലാണ് സംശയങ്ങൾ. വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പറയുന്നുണ്ട്. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബജറ്റിലല്ല ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു-മന്ത്രി വിശദീകരിക്കുന്നു.

കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ശ്യാം മേനോൻ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനം. അതിവേഗം ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടം ഉണ്ടാകരുത്. അതു കൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം പഠനങ്ങളും ചർച്ചകളുമൊന്നും വിദേശ സർവ്വകലാശാലയിൽ നടന്നിട്ടില്ല. ഇതാണ് മന്ത്രി ബിന്ദുവും ചർച്ചകളിൽ എത്തിക്കുന്നത്.

വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകളെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു ശപഥം ചെയ്തതിന്റെ 13ാം വാർഷികത്തിലാണ് അതേ സർവകലാശാലകൾക്കു സ്വാഗതവുമായി പിണറായി സർക്കാർ എത്തിയത്. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു വിദേശ സർവകലാശാലയ്ക്കെതിരായ നയം സ്വീകരിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കെ തന്നെ നയം ഉപേക്ഷിക്കുകയും ചെയ്തുവെന്ന വിമർശനവും ശക്തമാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകൾക്ക് അനുമതി നൽകണമെന്ന അഭിപ്രായം ഉയർന്നപ്പോൾ സിപിഎം അതിനെ വലിയൊരു രാഷ്ട്രീയ വിഷയമാക്കി. അന്നു കേരളത്തിൽ വി എസ് സർക്കാരായിരുന്നു. വിദേശ സർവകലാശാലകൾക്ക് എതിരായ സിപിഎം നയം നിയമസഭാ രേഖകളിലും വേണമെന്നു തീരുമാനിച്ചു. 2010 ജൂലൈ 7നു സി.രവീന്ദ്രനാഥ് ശ്രദ്ധക്ഷണിക്കലായാണു വിഷയം സഭയിൽ ഉന്നയിച്ചത്.

വിദേശ സർവകലാശാലകൾ ഇന്ത്യയിൽ എത്തിയാലുള്ള ദോഷവശങ്ങളും രാജ്യത്തെ സംസ്‌കാരത്തിനു സംഭവിക്കുന്ന അപചയങ്ങളുമൊക്കെ വിസ്തരിച്ച രവീന്ദ്രനാഥിന്റെ വാക്കുകൾ തുടർന്നത് ഇങ്ങനെ: 'തനതു നയത്തിന്റെ കടകവിരുദ്ധമായ സമീപനമാണു വിദേശ സർവകലാശാലകളുടെ വരവ്. അവിശ്വസനീയമെന്നോ വിചിത്രമെന്നോ എന്നേ ഇതിനെ പറയാൻ കഴിയുകയുള്ളൂ. രാജ്യത്തിന്റെ സാധ്യതയെയും ബൗദ്ധിക മികവിനെയും കുറിച്ച് അറിയാത്തതാണ് ഈ തെറ്റായ നീക്കത്തിനു കാരണമെന്നു കരുതുന്നു.' വിഷയത്തെ താത്വികമായി വിലയിരുത്താൻ ശ്രമിച്ച മന്ത്രി എം.എ. ബേബി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ: 'വിദേശ സർവകലാശാലകൾക്ക് ഇന്ത്യയുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നത് ഇന്ത്യയിലെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വ്യത്യസ്ത നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.'

രവീന്ദ്രനാഥിന്റെ അനുബന്ധ ചോദ്യം: 'വിദേശ സർവകലാശാലകൾ ഇവിടെ വന്നാൽ ഇവിടെ നിന്നു വിദേശത്തു പഠിക്കാൻ പോകുന്നവർ ഇവിടെ തന്നെ പഠിക്കുമെന്ന അഭിപ്രായത്തോടു താങ്കൾ യോജിക്കുന്നോ?' യോജിക്കുന്നില്ലെന്നു ബേബിയുടെ മറുപടി.