- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് രാജ്യങ്ങളിലെ സ്വകാര്യ യാത്രയിലെ കേരള വിവാദം തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്‌പോൺസർ ആരാണെന്ന് ചോദ്യം സജീവ ചർച്ചയിൽ. ഈ വിഷയം മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിട്ടും വിവാദം തീരുന്നില്ല. വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. അതിനിടെ യാത്ര ചെയ്യാനുള്ള വരുമാന സ്രോതസ്സാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്. മൂന്ന് രാജ്യങ്ങളിൽ സ്വകാര്യ യാത്രയ്ക്ക് അടക്കം വലിയൊരു സംഘമുണ്ട്. മുഖ്യമന്ത്രിയും കുടുംബവും മാത്രമല്ല. മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ കുടുംബവും യാത്രയിലുണ്ട്.
എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു-ഇതാണ് ജയരാജന്റെ പ്രതികരണം. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരനും കടന്നാക്രമാണ് ഈ വിഷയത്തിൽ നടക്കുന്നത്. സ്‌പോൺസർ ചർച്ച സജീവമാക്കുന്നതിന്റെ രാഷ്ട്രീയം സിപിഎം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ സിപിഎം പ്രതികരണങ്ങളുണ്ടാകൂ. ഇതിനിടെയിലും തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് തങ്ങൾ തീരുമാനിച്ചാൽ പോരെയെന്നായിരുന്നു ഇ.പി ഉയർത്തുന്ന ചോദ്യം.
'ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിയാൽ പോരേ. ആരൊക്കെ എവിടെയൊക്കെ പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കേരളമല്ലല്ലോ ഇന്ത്യ. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ട്', ഇ.പി പറഞ്ഞു. യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യാത്രയുടെ സ്‌പോൺസർ ആരാണെന്ന് എന്തിനാണ് അന്വേഷിക്കുന്നത്. എല്ലാ കാര്യവും മാധ്യമങ്ങളോട് പറയേണ്ടതുണ്ടോയെന്നും ഇ.പി ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്രയുടെ കാര്യം പത്രമാധ്യമങ്ങളിലെ പ്രധാനികൾക്കെല്ലാം അറിയാം. കേന്ദ്രത്തിനും സിപിഎമ്മിനും അറിയാം. ചില മാധ്യമപ്രവർത്തകർ മാത്രം അറിഞ്ഞില്ലെങ്കിൽ അത് അവരുടെ കഴിവുകേട്. യാത്ര പോകുന്ന സാഹചര്യങ്ങളിൽ മുഖ്യമന്ത്രിമാർ ചുമതല കൈമാറുന്നൊരു കീഴ് വഴക്കമുണ്ടോയെന്ന് ഇ.പി ചോദിച്ചു. 'ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും അദ്ദേഹം പോയിട്ടില്ലേ. അന്ന് അടിയന്തര ക്യാബിനെറ്റ് ചേരേണ്ടി വന്നു. ഞാനായിരുന്നല്ലോ ക്യാബിനെറ്റിന്റെ അധ്യക്ഷനായത്', ഇ.പി ജയരാജൻ പറഞ്ഞു.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസം നീണ്ടുനിൽക്കുന്ന വിദേശയാത്രയുടെ സ്‌പോൺസർ ആരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദ്യവുമായി എത്തിയത്. കേരളത്തിൽ ജനം കൊടുംചൂടിൽ വീണ് മരിക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷമാക്കുകയാണ്. നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന സമീപനമാണ് പിണറായി വിജയന്റേതെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. യാത്രയുടെ ചെലവ് എത്രയെന്നും സ്‌പോൺസർ ആരെന്നും പാർട്ടി സെക്രട്ടറി എം വിഗോവിന്ദൻ പറയണം. മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സർക്കാരിന്റെ തലവൻ ആഡംബരയാത്ര നടത്തുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി നിലപാട് പറയണമെന്നാണ് വി മുരളീധരന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ കൊച്ചുമകനെപ്പോലെ ഇന്തോനീഷ്യയിൽ വിനോദയാത്ര പോകാൻ സാധിക്കാത്തവർക്കാണ് താനൂർ ബോട്ടപകടത്തിൽ ജീവൻപൊലിഞ്ഞത്. അപകടം നടന്ന് ഒരുവർഷമാകുമ്പോഴും നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ അവസ്ഥ ജനം കണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊന്നും മറുപടി നൽകാതെയാണ് ടൂറിസം മന്ത്രിയുടെ യാത്രയെന്നും മുരളീധരൻ വിമർശിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും കടന്നാക്രമണം നടത്തി. സ്‌പോൺസറെയാണ് കെപിസിസി അധ്യക്ഷനും സംശയത്തിൽ നിർത്തുന്നത്.