- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ പേരെത്തുന്നത് ആദ്യം; എക്സാലോജിക്കിൽ ദുരൂഹത മാത്രം

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരേയും ഗുരുതര ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പ്രതിക്കൂട്ടിസൽ നിർത്തുന്നതാണ് ഈ പരാമർശം. സി.എം.ആർ.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത്. എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയർന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോർട്ടിൽ വന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.
സി.എം.ആർ.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സർക്കാർ സ്ഥാപനമായ കെ.എസ്‌ഐ.ഡി.സിയിൽ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്സാലോജിക്കുമായി സി.എം.ആർ.എല്ലിനുണ്ടായിരുന്നത് തൽപ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആർ.ഒ.സി. റിപ്പോർട്ടിൽ പറയുന്നു. ഇടപാട് വിവരം സി.എം.ആർ.എൽ. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആർ.ഒ.സിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ആർ.ഒ.സി. ചില വിവരങ്ങളും വിശദാംശങ്ങളും എക്‌സാലോജിക്കിനോടും സി.എം.ആർ.എല്ലിനോടും തേടിയിരുന്നു. എന്നാൽ അന്ന് വിശദാംശങ്ങളൊന്നും നൽകാൻ എക്‌സാലോജിക്കിനും വീണാ വിജയനും സാധിച്ചിരുന്നില്ല. ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ലെന്നും ഒളിച്ചുകളിച്ചെന്നും ആർ.ഒ.സി. റിപ്പോർട്ടിൽ പറയുന്നു.
ആർ.ഒ.സി. ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക്ക് സമർപ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്‌സാലോജിക് മറുപടി നൽകിയത്. ഇടപാട് വിവരം സി.എം.ആർ.എൽ. മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർ.ഒ.സി. റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഈ ആർ.ഒ.സി. റിപ്പോർട്ടാണ് വിഷയത്തിൽ കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. കെഎസ്‌ഐഡിസി വഴി സിഎംആർലിൽ മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാൽ തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്‌ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്ന വീണയുടെ വിശദീകരണമാണ് ആർഒസി തള്ളുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് സിഎംആർഎൽ. വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളാണ്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്‌ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആർഎല്ലുമായുള്ള ഇടപാട് തല്പരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിലാണ് ആർഒസി ചട്ടലംഘനം കണ്ടെത്തുന്നത്.
കെഎസ്‌ഐഡിസി ബോർഡ് അംഗങ്ങളാരും തന്റെ കുടുംബാംഗങ്ങളല്ലെന്നായിരുന്നു വീണയുടെ മറുപടി. 1991ൽ കെഎസ്‌ഐഡി, സിഎംആർഎല്ലിൽ നിക്ഷേപം നടത്തുമ്പോൾ,തന്റെ കുടുംബാഗങ്ങളാരും സർക്കാരിന്റെ ഭാഗമല്ല, കെഎസ്‌ഐഡിസി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നതും തന്റെ അച്ഛനോടല്ല എന്നിങ്ങനെയുള്ള വീണയുടെ ഈ വാദങ്ങളാണ് ആർഒസി തള്ളുന്നത്.
മുഖ്യമന്ത്രിയുടെ മകളും സർക്കാർ ഓഹരിയുള്ള കമ്പനിയും എന്ന നിലയിൽ മാത്രമല്ല, എക്‌സാലോജിക്കും,സിഎംആർഎല്ലും കെഎസ്‌ഐഡിസിയും ബന്ധപ്പെട്ട കക്ഷികളാകുന്നതെന്നാണ് ആർഒസി പറയുന്നത്. സംസ്ഥാനത്തിന്റെ ധാതുസമ്പത്തിന്റെ അവകാശിയായ സർക്കാരിന് സിഎിആർഎല്ലിന് മേൽ സ്വാധീനമുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്‌ഐഡിസിയിലുള്ള സ്വാധീനവും നിയന്ത്രണവും വഴി സിഎംആർഎല്ലിലും പിടിയുണ്ടെന്നാണ് ആർഒസി റിപ്പോർട്ട്.

